തിരുവനന്തപുരം: സ്വകാര്യ ഇക്വിറ്റി ഫണ്ട് സ്ഥാപനമായ ബ്ലാക്ക്സ്റ്റോൺ, എവർകെയറിൽ നിന്നുള്ള കെയർ ഹോസ്പിറ്റൽസിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി. ടിപിജി റൈസ് ഫണ്ടുകളുടെ പ്ലാറ്റ്ഫോമാണ് എവർകെയർ. ഇതിന്റെ ഭാഗമായി കിംസ്ഹെൽത്തിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കുന്നതിനുള്ള കൃത്യമായ കരാറിലും കെയർ ഹോസ്പിറ്റൽസ് ഒപ്പുവച്ചു. കെയർ ഹോസ്പിറ്റൽസ് ശൃംഖലയിലേക്ക് കിംസ്ഹെൽത്തും ഭാഗമാകുന്നതോടെ രാജ്യത്തെ 11 നഗരങ്ങളിലായി 23 ആശുപത്രികളുള്ള വലിയ ഹോസ്പിറ്റൽ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് സൃഷ്ടിക്കപ്പെടുന്നത്. ഇത്, വളർച്ചയ്ക്ക് ശക്തമായ സാധ്യതയും പ്രാപ്തിയുമുള്ള നഗരങ്ങളിൽ ആരോഗ്യരംഗത്ത് നേതൃസ്ഥാനത്തേക്കും വഴിതെളിക്കുന്നു. 4,000-ലധികം കിടക്കകളാണ് സംവിധാനത്തിന്റെ ഭാഗമാകുന്നത്. 
കെയർ ഹോസ്പിറ്റൽസിൽ വലിയ ഓഹരി പങ്കാളിത്തമുണ്ടായിരുന്ന എവർകെയർ ഹെൽത്ത് ഫണ്ടിന്റെ ഭാഗമായ ടിപിജി, പുതിയ സംയുക്ത പ്ലാറ്റ്‌ഫോമിൽ ഗണ്യമായ ന്യൂനപക്ഷ ഓഹരി നിലനിർത്തും. അതേസമയം, ഡോ.എം.ഐ.സഹദുള്ള, കിംസ്ഹെൽത്ത് നേതൃസ്ഥാനത്ത് തുടരുകയും ചെയ്യും. 
ഇന്ത്യയിലെ ഹെൽത്ത് കെയർ സേവന മേഖലയിൽ ബ്ലാക്ക്‌സ്റ്റോണിന്റെ ആദ്യ നിക്ഷേപം നടത്തുന്നതിൽ സന്തോഷമുണ്ടെന്ന് ബ്ലാക്ക്സ്റ്റോൺ പ്രൈവറ്റ് ഇക്വിറ്റി മാനേജിംഗ് ഡയറക്ടർ ഗണേഷ് മണി പറഞ്ഞു. “ഇന്ത്യയിലെ ഏറ്റവും വലിയ ഹെൽത്ത് കെയർ പ്ലാറ്റ്‌ഫോമുകളിലൊന്ന് സൃഷ്ടിക്കുന്നതിന് ടിപിജിയുമായി പങ്കാളിത്തം സ്ഥാപിക്കുകയാണ്. കെയർ ഹോസ്പിറ്റൽസും കിംസ്ഹെൽത്തും ഇന്ത്യയുടെ ആരോഗ്യ രംഗത്ത് വിശ്വസനീയമായ ബ്രാൻഡുകളാണ്. മികവിനൊപ്പം മെഡിക്കൽ ധാർമികതയിലുമൂന്നി രോഗികൾക്ക് മുൻഗണന നൽകുന്നതാണ് രണ്ട് സ്ഥാപനങ്ങളുടെയും പ്രവർത്തനം. ഉയർന്ന ക്ലിനിക്കൽ കെയർ ഗുണനിലവാരത്തിലും മികച്ച സേവനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് രോഗി കേന്ദ്രീകൃതമായ ഒരു ആശുപത്രി പ്ലാറ്റ്ഫോം നിർമ്മിക്കാനാണ് ഞങ്ങളും ലക്ഷ്യമിടുന്നത്.” അദ്ദേഹം കൂട്ടിച്ചേർത്തു. 
“ദീർഘകാല നിക്ഷേപകരും ബിസിനസ് വളർച്ചയുടെ രൂപകർത്താക്കളുമാകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഏറ്റെടുക്കലുകളിലൂടെയും നൈസർഗികമായും പുതിയ പ്ലാറ്റ്ഫോം വളർത്താനാണ് ശ്രമം. ലൈഫ് സയൻസസ് ബ്ലാക്ക്‌സ്റ്റോണിന്റെ ഒരു പ്രധാന നിക്ഷേപ ആശയമാണ്. അതിലൂടെ ആഗോള തലത്തിലും പ്രവർത്തന വൈദഗ്ധ്യവും കൊണ്ടുവരാൻ ഞങ്ങൾ പദ്ധതിയിടുന്നു. ലോകോത്തര ഫിസിക്കൽ, മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറിൽ നിക്ഷേപം നടത്താനും കമ്പനികളുടെ ഡിജിറ്റൽ, സാങ്കേതിക കഴിവുകൾ വർധിപ്പിക്കാനും ഉയർന്ന ക്വാട്ടേണറി കെയർ സ്പെഷ്യാലിറ്റികൾ ചേർക്കാനും ഒരു ക്ലിനിഷ്യൻ, എംപ്ലോയീസ് കൾച്ചർ ഫോക്കസ്ഡ് ഓർഗനൈസേഷൻ വളർത്തിയെടുക്കാനും ഞങ്ങൾ പദ്ധതിയിടുന്നു.” ഗണേഷ് മണി വ്യക്തമാക്കി. 
ബ്ലാക്ക്സ്റ്റോണുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് ടിപിജി പാർട്ണർ അങ്കുർ തഡാനി പറഞ്ഞു. ““ക്ലിനിക്കൽ മികവ് നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയിലും ദക്ഷിണേഷ്യയിലുടനീളമുള്ള ഒരു മുൻനിര, രോഗി കേന്ദ്രീകൃത ഹെൽത്ത് കെയർ ഡെലിവറി ശൃംഖലയായി കെയർ ഹോസ്പിറ്റൽസ് ഗ്രൂപ്പിനെ കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളും യാത്രയും തുടരാൻ ബ്ലാക്ക്‌സ്റ്റോണുമായി സഹകരിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്. ഓർഗാനിക്, പാർട്ണർഷിപ്പ്-ഡ്രൈവ് ഏകീകരണ ശ്രമങ്ങളിലൂടെ ഒരു മാർക്കറ്റ് ലീഡിംഗ് പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിൽ കാര്യമായ സാധ്യതയുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ഇത് കിംസ്ഹെൽത്തുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിന്റെ തെളിവാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. 
ആഗോള തലത്തിൽ മുൻനിരയിലുള്ള ബ്ലാക്ക്സ്റ്റോണും ടിപിജിയുമായുള്ള പങ്കാളിത്തം കഴിവുകൾ ശക്തിപ്പെടുത്തുകയും ബിസിനസിനെ അതിന്റെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള പ്രതീക്ഷ പ്രകടിപ്പിച്ചു. ഏറ്റെടുക്കൽ നടപടികൾക്ക് ശേഷവും കിംസ്ഹെൽത്തിന്റെ തലപ്പത്ത് അദ്ദേഹം തുടരും. “കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, ഇന്ത്യയിലും വിദേശത്തുമുള്ള രോഗികൾക്ക് ഗുണമേന്മയും സുരക്ഷിതവും ധാർമ്മികവുമായ ആരോഗ്യ സേവനവും പരിരക്ഷയും നൽകുന്നതിൽ ഞങ്ങളുടെ സ്ഥാപനങ്ങൾ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ബ്ലാക്ക്‌സ്റ്റോൺ, ടിപിജി എന്നിവ പോലുള്ള ആഗോള പ്രശസ്തരുമായുള്ള പങ്കാളിത്തം ഞങ്ങളുടെ കഴിവുകളെ ശക്തിപ്പെടുത്തുമെന്നും ഒരു മുൻനിര ആരോഗ്യ സംരക്ഷണ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായി അതിന്റെ അടുത്ത ഘട്ട വളർച്ചയിലേക്ക് പ്രവേശിക്കാൻ ബിസിനസിനെ സഹായിക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. കഴിഞ്ഞ 21 വർഷം ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന എല്ലാ ന്യൂനപക്ഷ നിക്ഷേപകരുടെയും വിശ്വാസത്തിനും നന്ദി അറിയിക്കുന്നു. അവർക്കായി ഒരു വിജയകരമായ എക്സിറ്റ് ഇവന്റ് സൃഷ്ടിച്ചതിൽ അഭിമാനിക്കുന്നു.” അദ്ദേഹം പറഞ്ഞു. 
ഇടപാടിന്റെ ഭാഗമായി കിംസ്ഹെൽത്ത് ഇന്ത്യയിലെ എല്ലാ ഓഹരികളും വിൽക്കുന്നതായി ട്രൂ നോർത്ത് പാർട്ണർ സതീഷ് ചന്ദർ വ്യക്തമാക്കി. “ഏറ്റവും ഉയർന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണ സംരംഭം കെട്ടിപ്പടുക്കുന്നതിനുള്ള അവരുടെ യാത്രയുടെ ഒരു പ്രധാന ശേഷി വികസന ഘട്ടത്തിൽ ഡോ. എം. ഐ. സഹദുള്ളയും സംഘവും പങ്കാളികളാകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഏറ്റവും ഉയർന്ന മൂല്യങ്ങളുടെയും ധാർമ്മികതയുടെയും അടിത്തറയിൽ അധിഷ്ഠിതമായ കിംസ്ഹെൽത്ത്, ക്ലിനിക്കൽ പരിചരണത്തിലും ഉപഭോക്തൃ സേവനത്തിലും മികവ് പുലർത്തി.” അദ്ദേഹം അഭിപ്രായപ്പെട്ടു. 
കാർഡിയാക് സയൻസസ്, ഓങ്കോളജി, ന്യൂറോ സയൻസസ്, റിനൽ സയൻസസ്, ഓർത്തോപീഡിക്‌സ്, ഗ്യാസ്ട്രോഎൻട്രോളജി, ഇന്റഗ്രേറ്റഡ് ഓർഗൻ ട്രാൻസ്പ്ലാൻറ് എന്നിവയുൾപ്പെടെ 30-ലധികം ക്ലിനിക്കൽ സ്പെഷ്യാലിറ്റികളിൽ സംയോജിത പ്ലാറ്റ്ഫോം വിപുലമായ സമഗ്ര പരിചരണം നൽകും.
കെയർ ഹോസ്പിറ്റൽ ഇടപാടിൽ ടിപിജിയുടെ സാമ്പത്തിക ഉപദേഷ്ടാക്കളായി ബാർക്ലേസും റോത്ത്‌ചൈൽഡുമാണ് പ്രവർത്തിച്ചത്. കിംസ്ഹെൽത്തിന്റെയും അതിന്റെ ഓഹരി ഉടമകളുടെയും ഉപദേശകരായിരുന്നത് ഐസിഐസിഐ സെക്യൂരിറ്റീസാണ്. ബ്ലാക്ക്സ്റ്റോണിന്റെ ഉപദേശകരായിരുന്നത് o3 ക്യാപിറ്റൽസാണ്. ടിപിജി, കിംസ്ഹെൽത്ത് എന്നിവയുടെ നിയമോപദേശകരായി ശാർദുൽ അമർചന്ദ് മംഗൾദാസ് പ്രവർത്തിച്ചപ്പോൾ ദേശായി ദേവാൻജി ട്രൂ നോർത്തിന്റെയും, ട്രൈലീഗൽ ബ്ലാക്ക്‌സ്റ്റോണിന്റെയും നിയമോപദേശകരായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *