കൊച്ചി : കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ച ലിബ്‌നയുടെ സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. നാളെ രാവിലെ മലയാറ്റൂര്‍ നീലിശ്വരം എസ്എന്‍ഡിപി സ്‌കൂളില്‍ പൊതുദര്‍ശനം നടത്തും. തുടര്‍ന്ന് 2.30 തോടെ വീട്ടിലെത്തിക്കും. സംസ്‌കാരം വൈകീട്ട് 4 മണിക്ക് കൊരട്ടിയിലെ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയില്‍ നടക്കും. ലിബ്‌നയുടെ മൃതദേഹം സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള ലിബ്‌നയുടെ അമ്മയ്ക്കും,സഹോദരനും അവസാനമായി ഒരു നോക്ക് കാണാനാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നത്.
സ്‌ഫോടനത്തിന്റെ അന്ന് അര്‍ദ്ധരാത്രിയോടെയാണ് 12 വയസ്സുകാരി ലിബ്‌ന മരിച്ചത്. 95 ശതമാനം പൊള്ളലേറ്റ കുഞ്ഞ് അന്ന് മുതല്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറി തണുപ്പിലാണ്. അമ്മ സാലിയും മൂത്ത സഹോദരന്‍ പ്രവീണും സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. ഇളയ സഹോദരന്‍ രാഹുലും ചികിത്സയിലാണ്. ലിബ്‌ന പോയത് ഇവരാരും അറിഞ്ഞിട്ടില്ല. അച്ഛന്‍ പ്രദീപന്‍ മകള്‍ക്കടുത്ത് മോര്‍ച്ചറിയും സാലിക്കും മക്കള്‍ക്കുമൊപ്പം ആശുപത്രിയിലും നീറിപുകഞ്ഞ് ജീവിക്കുകയാണ്.
പാചകത്തൊഴിലാളിയായ പ്രദീപന്‍ ഞായറാഴ്ച ജോലിയുള്ളതിനാല്‍ കളമശ്ശേരിയിലേക്ക് പോയിരുന്നില്ല. മൂത്ത മകന്‍ പ്രവീണിന് ചെന്നൈയില്‍ ജോലി കിട്ടിയതിന്റെ ആശ്വാസത്തിനിടെയാണ് ദുരന്തം. പഠിക്കാന്‍ മിടുക്കിയായിരുന്നു ലിബ്‌ന. നിലിശ്വരം എസ് എന്‍ ഡി പി സ്‌കൂള്‍ ഏഴാം ക്ലാസിലെ ലീഡര്‍. ഇന്നും കൂട്ടുകാര്‍ക്ക് പ്രിയ സുഹൃത്തിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാനായിട്ടില്ല.