പട്ന:  കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ‘ഇന്ത്യ’ സഖ്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും കോണ്‍ഗ്രസിന്റെ ശ്രദ്ധ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു
2024 ലെ ലോക്സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് യോഗങ്ങള്‍ നടന്നു എന്നതലിപ്പുറം ‘ഇന്ത്യ’ സഖ്യവുമായി ബന്ധപ്പെട്ട യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ഏറ്റവും അവസാനമായി സഖ്യം യോഗം ചേര്‍ന്നത്  ശരത് പവാറിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ നയത്തിനെതിരെ അന്ന് ഭോപ്പാലില്‍ ഒരു പ്രതിപക്ഷ റാലി നടത്താന്‍ തീരുമാനിച്ചിരുന്നു. പിന്നീട് കമല്‍നാഥ് അടക്കമുള്ള നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് റാലി ഒഴിവാക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ  നിരന്തരം പോരാടുക എന്നതായിരുന്നു സഖ്യ തീരുമാനം.
എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ കോണ്‍ഗ്രസ് അതിലേക്ക് മാത്രമായിപ്പോയി. തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് തന്നെ സഖ്യത്തിന് മുന്‍കൈ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിതീഷ് കുമാര്‍ പറഞ്ഞു.
സംസ്ഥാനങ്ങളില്‍ സഖ്യമുണ്ടാകണമെന്ന പൊതുനിര്‍ദേശത്തെ പലപ്പോഴും മറികടക്കുന്ന രീതിയാണ് മധ്യപ്രദേശിലും രാജസ്ഥാനിലും ഉണ്ടായത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിക്കുന്ന സാഹചര്യമുണ്ടായി.
മധ്യപ്രദേശിലെ നിലപാടിനെതിരെ അഖിലേഷ് യാദവ് ഉള്‍പ്പെടെ രംഗത്തുവരികയും ആം ആദ്മി പാര്‍ട്ടിഅടക്കം വേറെ മത്സരിക്കുന്ന സാഹചര്യവും ഉണ്ടായി. ഈ നിയമസഭാ തെരഞ്ഞടുപ്പില്‍ ഇന്ത്യ സഖ്യം ഒരു തരത്തിലും ഗുണം ചെയ്യില്ലെന്ന വിലയിരുത്തലും ഉണ്ടായ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനെതിരെയുള്ള നിതീഷിന്റെ രൂക്ഷവിമര്‍ശനം.
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed