അടുത്ത വര്‍ഷം രണ്ട് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ കിയ പദ്ധതിയിടുന്നുണ്ട്. എസ്‌യുവി, എംപിവി വിഭാഗങ്ങളിലാണ് ഈ വാഹനങ്ങള്‍ സാന്നിധ്യമറിയിക്കുക. അവയില്‍ ഒന്ന് എംപിവി സെഗ്‌മെന്റിലെ രാജാവായ സാക്ഷാല്‍ ഇന്നോവക്കെതിരെയാണ് കൊമ്പുകോര്‍ക്കുക.
ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ സബ്-4 മീറ്റര്‍ കോംപാക്റ്റ് എസ്‌യുവികളിലൊന്നാണ് കിയ സോനെറ്റ്. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 എന്നീ മോഡലുകള്‍ അണിനിരക്കുന്ന സെഗ്‌മെന്റ് നിരന്തരം നവീകരണത്തിന് വിധേയമാകുകയാണ്. ടാറ്റ നെക്‌സോണ്‍ അടുത്തിടെയാണ് ഫ്യൂച്ചറിസ്റ്റിക് ലുക്കില്‍ അരങ്ങേറ്റം കുറിച്ചത്.
ഈ സാഹചര്യത്തില്‍ എതിരാളികളോട് മുട്ടിനില്‍ക്കാന്‍ സോനെറ്റിന് ഒരു അപ്‌ഡേറ്റ് അത്യാവശ്യമാണ്. എസ്‌യുവിയുടെ പുതുക്കിയ മോഡല്‍ 2024-ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ലോഞ്ചിന് മുന്നോടിയായി കിയ സോനെറ്റ് ഫെയ്സ്ലിഫ്റ്റ് മോഡലിന്റെ പരീക്ഷണയോട്ടം ഇന്ത്യന്‍ നിരത്തുകളില്‍ തകൃതിയായി നടക്കുന്നുണ്ട്.
കാറിന്റെ ഉയര്‍ന്ന വേരിയന്റുകളില്‍ ADAS സേഫ്റ്റി ഫീച്ചറിന്റെ അധിക സുരക്ഷയും ഓഫര്‍ ചെയ്‌തേക്കാനും സാധ്യതയുണ്ട്. എന്നാല്‍ കാറിന്റെ പവര്‍ട്രെയിന്‍ വശം മാറ്റങ്ങള്‍ക്ക് സാധ്യത കാണുന്നില്ല. നിലവിലെ മോഡലില്‍ വാഗ്ദാനം ചെയ്യുന്ന അതേ 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളായിരിക്കും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനും തുടിപ്പേകുക.