തൃശ്ശൂര്‍: ശ്രീ കേരളവര്‍മ്മ കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി കെഎസ് യുവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.
തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് കെഎസ്യു ഹൈക്കോടതിയിലേക്ക് പോകാന്‍ ഇരിക്കെയാണ് എസ്എഫ്‌ഐയുടെ അപ്രതീക്ഷിത സത്യപ്രതിജ്ഞാ നീക്കം. കെഎസ്യു കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ അധികാരമേല്‍ക്കുക ലക്ഷ്യമിട്ടാണ് സത്യപ്രതിജ്ഞ നടത്തിയത്.
ഇത് എസ്എഫ്‌ഐയുടെ അട്ടിമറിയാണെന്നും എല്ലാ കോളജുകളിലും ഇവര്‍ ഇത്തരത്തിലാണ് പെരുമാറുന്നതെന്നുമാണ് കെ.എസ്.യുവിന്റെ ആരോപണം. വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി സരിന്‍.
സരിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം..
പൊള്ളുന്ന ഈ എഴുത്തിന് ചൂടുണ്ടെങ്കില്‍, നാളെ ആ കലാശാല കലാപശാലയാകണം!
ഈ ചിത്രങ്ങളില്‍ കാണുന്ന കസേരയില്‍ ഇരിക്കുന്നത് എസ് ശ്രീക്കുട്ടന്‍. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കലാലയങ്ങളില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജിലെ കെ എസ് യു സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ച പാലക്കാട് മുണ്ടൂരുകാരന്‍ ശ്രീക്കുട്ടന്‍, മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി.
ഫോട്ടോയില്‍ കാണാം ശ്രീക്കുട്ടന്‍ കരയുന്നത്. 895 വോട്ടിനു മേല്‍ 896 വോട്ട് നേടിയുള്ള തന്റെ ജയമറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കഴിയാതെ കരയുകയാണ്. അവിടെ അവനെ ആശ്വസിപ്പിക്കുന്നത് സഹപാഠികളാണ്. നീ ചിരിക്കെടാ ശ്രീക്കുട്ടാ നമ്മള്‍ ജയിച്ചു നീ അവരെ തോല്‍പ്പിച്ചു എന്നാണ് ശ്രീക്കുട്ടനോടവര്‍ പറയുന്നത്. ഹൃദയം കൊണ്ട് പറയുന്ന വാക്കുകള്‍ക്ക് വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു. നിങ്ങള്‍ കെ എസ് യു ആണോ എന്ന എന്റെ ചോദ്യത്തിന് അല്ല എന്നുത്തരം.
പിന്നെന്താ ഇത്ര സന്തോഷമെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: ഇത് ഞങ്ങള്‍ എസ് എഫ് ഐയെ തോല്‍പ്പിച്ചതാണ്, അവരുടെ ധാര്‍ഷ്ട്യത്തിന് കൊടുത്ത മറുപടിയാണ്. കോളേജ് യൂണിയന്‍ പ്രവര്‍ത്തനം നടത്തുന്നതിന് പകരം എസ് എഫ് ഐ ജില്ലാ കമ്മിറ്റിയാകാന്‍ പോയാല്‍ ഇതാണ് മറുപടി, വന്ന ആദ്യ വര്‍ഷം ഞങ്ങളും ഇവരെ വിശ്വസിച്ചു, പിന്നെ സത്യം മനസിലായി. ഇനി ശ്രീക്കുട്ടനിലൂടെ ഞങ്ങള്‍ കാണിച്ചുകൊടുക്കും എന്താണ് ജനാധിപത്യമെന്നും സഹിഷ്ണുതയെന്നും.
പറഞ്ഞു തീര്‍ന്നില്ല എസ് എഫ് ഐ ആവശ്യപ്രകാരം റീകൗണ്ടിങ്. ഒരു വോട്ടിനു ജയിക്കുമ്പോള്‍ ഉയരുന്ന ന്യായമായ ചോദ്യം. റീകൗണ്ടിങ് തുടങ്ങിയ ശേഷമാണ് ന്യായം അന്യായത്തിലേക്ക് കടക്കുന്നത്. എണ്ണിതോല്‍പ്പിക്കാനൊരു റീകൗണ്ടിങ്. ഏസ് എഫ് ഐ ഉന്നയിക്കുന്ന വോട്ടുകള്‍ വളരെ എളുപ്പത്തില്‍ റിട്ടേര്‍ണിംഗ് ഓഫീസര്‍ അസാധുവാക്കുന്നു, ആ വോട്ട് ശ്രീക്കുട്ടനുള്ളതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതെ സ്വാഭാവത്തിലുള്ള കെ എസ് യു ചൂണ്ടിക്കാണിക്കുന്ന എസ് എഫ് ഐ വോട്ടുകള്‍ അപ്പോഴും സാധുവായി തുടരുകയാണ്.
അങ്ങേയറ്റത്തെ ജനാധിപത്യ വിരുദ്ധതയെ ചോദ്യം ചെയ്യാന്‍ കൗണ്ടിംഗ് സ്റ്റേഷനില്‍ കുറച്ചു പേരെങ്കിലും അവിടെ ഉണ്ടായി എന്നത് സര്‍വ്വാധിപതികള്‍ വാഴുന്നിടത്തെ പ്രതീക്ഷയാണ്. സ്ഥാനാര്‍ത്ഥിയുടെയും കൗണ്ടിംഗ് ഏജന്റിന്റേയും പരാതികള്‍ക്കും നീതിയുടെ പക്ഷത്ത് നിന്നുകൊണ്ടുള്ള അധ്യാപകരുടെ ഇടപെടലിന്റേയും തുടര്‍ച്ചയായി രണ്ട് മണിക്കൂറിന്റെ അനിശ്ചിതത്വത്തിനൊടുവില്‍ റി കൗണ്ടിംഗ് അടുത്ത ദിവസത്തേയ്ക്ക് നിര്‍ത്തിവെയ്ക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കവേ കോളേജ് പ്രിന്‍സിപ്പലിന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ഫോണ്‍ നിര്‍ദ്ദേശം: റീ കൗണ്ടിംഗ് തുടരണം.
റിട്ടേണിംഗ് ഓഫീസര്‍ സര്‍വ്വാധികാരി. റിട്ടേണിംഗ് ഓഫീസര്‍ സര്‍വ്വാധികാരിയാവട്ടെ പ്രസിഡന്റെ, അയാള്‍ക്ക് നീതിമാനാകുന്നതില്‍ എന്താണ് തടസം. രാത്രി പത്തിന് ശേഷം കൗണ്ടിംഗ് ഏകപക്ഷീയമായി പുനരാരംഭിക്കുന്നു. എസ് എഫ് ഐ ജയിപ്പിക്കാനുള്ള നാടകവേദിയില്‍ തങ്ങള്‍ക്ക് റോളില്ലെന്നറിഞ്ഞ കെ.എസ്.യുക്കാര്‍ ബഹിഷ്‌ക്കരിക്കുന്നു.
ഇതിലും വലിയ സുവര്‍ണ്ണാവസരം മറ്റെന്ത്. ജയിപ്പിക്കേണ്ടയാളെ ജയിപ്പിക്കുന്നു. അതായത് കേരള വര്‍മ്മയിലെ വിദ്യാര്‍ത്ഥികള്‍ ചെയ്ത വോട്ടിനേക്കാള്‍ ശക്തിയുണ്ട് എസ് എഫ് ഐയെ ജയിപ്പിക്കുകയെന്ന ദൗത്യം ഏറ്റെടുത്തവര്‍ക്കെന്ന്.
ഇനിയും തീരുമാനം കേരളവര്‍മ്മയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിടുന്നു. ജനാധിപത്യത്തെ, ഒരു ക്യാമ്പസിലെ വിദ്യാര്‍ത്ഥികളുടെ അവര്‍ വിനിയോഗിച്ച വോട്ടവകാശത്തെ കശാപ്പ് ചെയ്തവരെ എന്ത് ചെയ്യണം. പൂര്‍ണ്ണമായും കാഴ്ച്ചപരിമിതിയുള്ള ശ്രീക്കുട്ടനെ എണ്ണിത്തോല്‍പ്പിച്ച് നിങ്ങളിതെങ്ങോട്ടാണ് സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്നെഴുതിയ വെള്ളക്കൊടിയുമായി പോകുന്നത് ?
കേരളത്തിലെ കലാലയങ്ങളില്‍ ജനാധിപത്യം അതിന്റെ സ്‌പേസ് വീണ്ടെടുക്കുന്നതും അത് എന്തുകൊണ്ടാണെന്നും മനസിലാകുന്നില്ലേ നിങ്ങള്‍ക്ക് ?
ആ കോളേജിന്റെ മുന്‍ പ്രിന്‍സിപ്പാള്‍ ചാര്‍ജ്ജിലിരുന്ന ആളരാണെന്നന്വേഷിച്ചാല്‍, കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല വിട്ടോടുന്ന കുട്ടികള്‍ പേടിക്കുന്നത് വെള്ളയില്‍ ചുവന്ന നക്ഷത്ര പുള്ളിയുള്ള കൊടി പിടിക്കുന്ന മരപ്പാഴുകളെയാണെന്ന് മനസ്സിലാകും.