മുംബൈ: ലോകകപ്പിലെ ഇന്ത്യ- ശ്രീലങ്ക പോരാട്ടത്തിൽ ലങ്കയ്‌ക്ക് ടോസ്. ടോസ് നേടിയ ശ്രീലങ്ക രോഹിത്തിനെയും സംഘത്തെയും ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടർച്ചയായ ഏഴാം ജയത്തോടെ ടൂർണമെന്റിന്റെ സെമി ഫൈനലിൽ കടക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്‌ക്ക് 2 മണിക്കാണ് മത്സരം.
ആറു മത്സരങ്ങളിൽ നിന്നും 12 പോയിന്റുമായി രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ഇന്നലെ നടന്ന മത്സരത്തിൽ കിവീസിനെ വൻ മാർജിനിൽ തോൽപ്പിച്ചതോടെ ദക്ഷിണാഫ്രിക്ക ഇന്ത്യയെ പിന്തള്ളി പോയിന്റ് പട്ടികയിൽ ഒന്നാമത്തെുകയായിരുന്നു. ഇരുടീമുകൾക്കും 12 പോയിന്റ് വീതമാണുള്ളത്. എന്നാൽ മികച്ച നെറ്റ് റൺറേറ്റിൽ സൗത്താഫ്രിക്ക ഇന്ത്യയെ പിന്നിലാക്കുകയായിരുന്നു.
നാലു പോയിന്റുമായി ടൂർണമെന്റിൽ ഏഴാം സ്ഥാനത്ത് നിൽക്കുന്ന ലങ്കക്ക് ഇന്ന് ജീവൻ മരണ പോരാട്ടമാണ്. ആറ് മൽസരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് അവർക്കു ജയിക്കാനായത്. ഇനി വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളിലും ജയിച്ചാൽ മാത്രമേ ശ്രീലങ്കയ്‌ക്ക് സെമി ഫൈനലിൽ പ്രവേശിക്കാനാവൂ.