ന്യൂഡല്‍ഹി: ഗുജറാത്തില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് പത്തു പേര്‍ മരിച്ചതിനുപിന്നാലെ കോവിഡ് ഗുരുതരമായി ബാധിച്ചിരുന്നവര്‍ കഠിന വ്യായാമങ്ങളും കഠിന ജോലികളും കുറച്ചു കാലത്തേക്ക് ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ.
ഇതിനെക്കുറിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) അടുത്തിടെ വിശദമായ പഠനം നടത്തിയിരുന്നു. തുടര്‍ന്ന് കോവിഡ് രോഗം ഗുരുതരമായി ബാധിച്ചവര്‍ അധ്വാനമുള്ള ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ശുപാര്‍ശ ചെയ്തു.
തുടര്‍ച്ചയായ അധ്വാനം, കഠിനമായ വ്യായാമം എന്നിവയില്‍ നിന്ന് ഒരു നിശ്ചിത കാലത്തേക്ക്, അതായത് ഒന്നോ രണ്ടോ വര്‍ഷത്തേക്ക് വിട്ടുനില്‍ക്കണം. അതുവഴി ഹൃദയാഘാതം തടയാന്‍ കഴിയുമെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്. 
കോവിഡും ഹൃദയാഘാതവും തമ്മിലുള്ള ബന്ധം 
കോവിഡും സാര്‍സ്-കോവി-2 പോലുള്ള കോവിഡിന്റെ വകഭേദങ്ങളും രക്തധമനിയുടെ കോശങ്ങളെ ബാധിക്കുന്നതിനാല്‍ ഇതുവഴി ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ദ്ധിക്കുമെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ കണ്ടെത്തല്‍. ഇതിന്റെ ഫലമായി രക്തധമനികള്‍ ദൃഢമാവുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുന്നത് വഴി നീരുകെട്ടി അത് ഹൃദയാഘാതത്തിലേക്ക് നയിക്കാമെന്നും ചൂണ്ടിക്കാണിക്കുന്നു. 
കോവിഡ് ബാധിച്ചതിന് ശേഷമുള്ള വര്‍ഷത്തില്‍ ആളുകള്‍ക്ക് ഹൃദയ സംബന്ധമായ എല്ലാ രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പഠനങ്ങള്‍ പറയുന്നു. ഇത് ആളുകള്‍ക്ക് സ്ട്രോക്ക് ഉണ്ടാക്കാനുള്ള സാധ്യത ഒന്നര മടങ്ങാണ് വര്‍ദ്ധിപ്പിക്കുന്നത്. കൂടാതെ കോവിഡിന് ശേഷം ആളുകള്‍ക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത ഇരട്ടിയായും പ്രതീക്ഷിക്കാം.
എന്നാല്‍, രക്താതിസമര്‍ദ്ദം നേരിടുന്ന രോഗികളിലാണ് കോവിഡിന് ശേഷമുള്ള ഹൃദ്യയാഘാതം കൂടുതലായി കണ്ടെത്തിയതെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. അതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഇതില്‍ ഒരു പ്രധാന ഘടകമായി മാറുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *