കൊച്ചി: കേരളത്തിലെ വ്യത്യസ്ത ജാതി വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥയുടെ യാഥാർത്ഥ്യത്തെ മനസ്സിലാക്കാൻ ജാതി സെൻസസ് നടപ്പിലാക്കാൻ കേരള സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി നവംബർ 4ന് എറണാകുളത്ത് പ്രക്ഷോഭ സംഗമം സംഘടിപ്പിക്കുന്നു.
ജാതി സെൻസസ് നടപ്പിലാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് യാതൊരു നിയമ തടസ്സവുമില്ലാതിരുന്നിട്ടും കേന്ദ്ര സർക്കാരിന്റെയും ബി.ജെ.പി യുടെയും അതെ നയം തന്നെയാണ് കേരളത്തിലെ ഇടത്പക്ഷ ഗവൺമെന്റും സ്വീകരിച്ചിരിക്കുന്നതെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടി പറഞ്ഞു.
ബീഹാർ സർക്കാർ പുറത്ത് വിട്ട ജാതി സെൻസസ് ഡാറ്റ എല്ലാ സംസ്ഥാനങ്ങളും അത് നടത്തേണ്ട അനിവാര്യതയാണ് ചൂണ്ടിക്കാണിക്കുന്നത്. ബീഹാർ സർക്കാർ പുറത്ത് വിട്ട രേഖകൾ അനുസരിച്ച് സംസ്ഥാനത്ത് പിന്നോക്ക വിഭാഗത്തിൽ 27.13 ശതമാനവും അതിപിന്നോക്ക വിഭാഗത്തിൽ 36.01 ശതമാനവും ജനങ്ങളുള്ളപ്പോൾ മുന്നോക്ക വിഭാഗത്തിലാകട്ടെ വെറും 15.52 ശതമാനം പേർ മാത്രമാണ് ഉള്ളത്.
സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 63 ശതമാനമാണ് മറ്റ് പിന്നാക്ക വിഭാഗങ്ങളും (ഒബിസി) അധിക പിന്നോക്ക വിഭാഗവും (ഇബിസി) എന്നത് ബീഹാറിലെ സാമൂഹിക യാഥാർത്ഥ്യത്തിന്റെ നേർചിത്രമാണ് വരച്ച് കാട്ടുന്നത്. കർണ്ണാടകയിൽ കഴിഞ്ഞ സിദ്ധാരാമയ്യ സർക്കാരിന്റെ കാലത്ത് തന്നെ കാന്തരാജു കമ്മീഷൻ തയ്യാറാക്കിയ ജാതി സെൻസസ് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അത് ഇത് വരെയും പുറത്ത് വിട്ടിട്ടില്ല. ഈ നവംബർ മാസത്തോടെ അത് പുറത്ത് വിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജാതി രഹിത കേരളം എന്ന് മേനി നടിക്കുന്ന ഇടത്പക്ഷത്തിന് ജാതി സെൻസസ് നടപ്പിലാക്കാൻ എന്താണ് തടസ്സം എന്ന് അവർ വ്യക്തമാക്കേണ്ടതുണ്ട്. ഇന്ത്യൻ ജനതയുടെ 75 ശതമാനം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ് ജാതി സെൻസസ് നടപ്പിലാക്കുക എന്നത്. ഭരണഘടനയുടെ സൂക്ഷ്മമായ പ്രയോഗത്തിനും സാമൂഹിക വിതരണത്തിലും ഭരണകൂട നടപടികളിലും സാമൂഹിക നീതി ഉറപ്പാക്കാനും ജാതി സെൻസ് അനിവാര്യമാണ്.
വ്യത്യസ്ത ജാതികൾ ഏതാണ്, വിവിധ ജാതികളുടെ സാമൂഹിക-സാമ്പത്തിക- തൊഴിൽ- വിദ്യാഭ്യാസ അവസ്ഥകൾ, ഭരണകൂടത്തിന്റെ സേവനങ്ങൾ എത്താത്ത ജനവിഭാഗങ്ങൾ, സാമൂഹിക അധികാരത്തിലും വിഭവ വിതരണത്തിലും നിലനിൽക്കുന്ന അസന്തുലിതാവസ്ഥ തുടങ്ങിയ സാമൂഹിക നീതിയുടെ വ്യത്യസ്ത മാനങ്ങളെ മനസ്സിലാക്കാൻ അത് സഹായിക്കും.
1931 ൽ ബ്രിട്ടീഷ് ഇന്ത്യയിലാണ് അവസാനമായി ജാതി സെൻസസ് നടന്നത്. 1955 ലെ കാക്കാ കലേക്കർ കമ്മീഷൻ മുന്നോട്ട് വെച്ച പ്രധാനം നിർദ്ദേശം 1961 മുതൽ ഇന്ത്യയിൽ ജാതി സെൻസസ് നടപ്പിലാക്കണമെന്നാണ്. 1980 കളിലെ മണ്ഡൽ കമ്മീഷൻ വിവാദത്തിന്റെ പശ്ചാതലത്തിലെ പ്രധാനപ്പെട്ട ആവശ്യം ജാതി സെൻസസ് നടപ്പിലാക്കണമെന്നായിരുന്നെങ്കിലും മാറി വന്ന കേന്ദ്ര സർക്കാരുകൾ അതിന് തയ്യാറായിട്ടില്ല.
2011 ൽ മൻമോഹൻ സിങ് സർക്കാറിന്റെ കാലത്ത് സോഷ്യോ എകണോമിക് കാസ്റ്റ് സെൻസസ് (എസ്.ഇ.സി.സി) എന്ന പേരിൽ ജാതി സെൻസസ് നടത്തിയെങ്കിലും അത് പുറത്ത് വിട്ടിട്ടില്ല. രാജ്യത്ത് സാമൂഹികാധികാരവും വിഭവാധികാരവും ആരാണ് കൈയടക്കി വെച്ചിരിക്കുന്നത് എന്ന യാഥാർത്ഥ്യത്തെ പുറത്ത് വിടാൻ ഭരണകൂടം തയ്യാറാകാത്തത് കൊണ്ടാണ് ജാതി സെൻസസ് എന്ന ആവശ്യത്തെ അവർ നിരന്തരം നിരാകരിക്കുന്നത്.
സംവരണം അർഹരായ ആളുകളിലേക്ക് എത്തണമെന്നും വിഭവങ്ങളും അധികാരവും സമൂഹത്തിലെ വ്യത്യസ് ജാതി വിഭാഗങ്ങൾക്കിടയിൽ തുല്യമായി വിതരണം ചെയ്യപ്പെടണമെന്നുമുള്ള രാഷ്ട്രീയ നിലപാട് സി.പി.എമ്മിന് ഉണ്ടെങ്കിൽ ജാതി സെൻസസ് നടപ്പിലാക്കാൻ അവർ തയ്യാറാകേണ്ടതുണ്ട്. ജാതി സെൻസസിന്റെ കാര്യത്തിൽ ബി.ജെ.പി യുടെ അതേ നിലപാട് തന്നെയാണോ അവർക്കെന്ന് സി.പി.എം വ്യക്തമാക്കേണ്ടതുണ്ട്.
അല്ലെങ്കിൽ, ബീഹാറിലെയും കർണ്ണാടകയും മാതൃകയിൽ സെൻസസ് നടപ്പിലാക്കാൻ ഇടത് പക്ഷം തയ്യാറാകാണം. ജാതി സെൻസസ് നടപ്പിലാക്കുക എന്ന ഇലക്ഷൻ ഡിമാൻഡ് പ്രധാനമായും മുന്നോട്ട് വെച്ച ഇന്ത്യ മുന്നണിയുടെ ഭാഗമായ സി.പി.എം കേരളത്തിൽ അതാദ്യം നടപ്പിലാക്കി മാതൃക കാണിക്കണം.
നവംബർ 4 ശനി എറണാകുളം വഞ്ചി സ്ക്വയറിൽ വെച്ച് നടക്കുന്ന പ്രക്ഷോഭ സംഗമത്തിൽ ഹൈബി ഈഡൻ എം.പി, മുൻമന്ത്രി നീല ലോഹിതദാസ നാടാർ, ടി എ അഹമ്മദ് കബീർ (മുൻ എം.എൽ.എ), ഡോ പി നസീർ(ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ), സുദേഷ് എം രഘു(ആക്ടിവിസ്റ്റ്, സംവരണ വിദഗ്ദൻ), അഡ്വ പയ്യന്നൂർ ഷാജി (സംസ്ഥാന പ്രസിഡന്റ്, എംബിസിഎഫ് ), ചിത്ര നിലമ്പൂർ (ആദിവാസി ഷെക്യ വേദി സംസ്ഥാന പ്രസിഡന്റ്), സുരേന്ദ്രൻ കരീപ്പുഴ (വെൽഫെയർ പാർട്ടി), കെ.എം ഷെഫ്റിൻ (സംസ്ഥാന പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്മെന്റ്), അർച്ചന പ്രജിത്ത്(സംസ്ഥാന ജനറൽ സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്മെന്റ്), അഡ്വ. അബ്ദുൽ ബാസിത്ത് (ജില്ല പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്മെന്റ്) എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
പത്രസമ്മേളനത്തിൽ ലബീബ് കായക്കൊടി (സംസ്ഥാന വൈസ് പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്മെന്റ്),അഡ്വ. അബ്ദുൽ ബാസിത്ത (ജില്ല പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്മെന്റ്),അംജദ് എടത്തല (ജില്ല ജനറൽ സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്മെന്റ്),നസീഫ് (ജില്ല സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്മെന്റ്) എന്നിവർ പങ്കെടുത്തു.