ആലപ്പുഴ: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ കൈയ്യൊഴിഞ്ഞ സംസ്ഥാനത്തെ ഏക സീറ്റായ ആലപ്പുഴ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവം. 
പാര്‍ട്ടിയുടെ ഏറ്റവും ശക്തനായ നേതാവ് കെസി വേണുഗോപാല്‍ വിജയിച്ചിരുന്ന മണ്ഡലത്തിലെ വിജയം പ്രസ്റ്റീജ് പോരാട്ടമായി കാണണമെന്നാണ് എഐസിസി നലി‍കിയിരിക്കുന്ന നിര്‍ദേശം. ഇതോടെ ജയസാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ക്കായി നേതൃത്വം കൂടിയാലോചനകള്‍ തുടങ്ങി. 
സ്ഥാനാര്‍ഥി മോഹികളായ നേതാക്കള്‍ മുതിര്‍ന്ന നേതാക്കളെയും കൂട്ടി സീറ്റിനായി രംഗത്തിറങ്ങിയിട്ടുണ്ട്. അതില്‍ പ്രധാനി കഴിഞ്ഞ തവണ യുഡിഎഫ് 19 സീറ്റിലും വിജയിച്ചപ്പോഴും ആലപ്പുഴയില്‍ തോറ്റ ഷാനിമോള്‍ ഉസ്മാന്‍ തന്നെ. 

വനിതാ പ്രാതിനിധ്യം ഉയര്‍ത്തിക്കാട്ടിയാണ് ഷാനിയുടെ അവകാശവാദം. കഴിഞ്ഞ തവണത്തെ നാണംകെട്ട തോല്‍വിയുടെ ഉത്തരവാദിത്വം ഷാനിമോള്‍ വോട്ടെടുപ്പ് കഴിഞ്ഞതിനുപിന്നാലെ മുതിര്‍ന്ന നേതാക്കളുടെ ചുമലില്‍ ചാരി കൈകഴുകുകയിരുന്നു.

 ആലപ്പുഴയില്‍ നോട്ടമിട്ടിരിക്കുന്ന മറ്റ് പ്രമുഖര്‍ മുന്‍ ഡിസിസി പ്രസിഡന്‍റ് എം ലിജു, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെപി ശ്രീകുമാര്‍, മുന്‍ എംഎല്‍എ എഎ ഷൂക്കൂര്‍ എന്നിവരാണ്. ലിജു നാലുതവണ മല്‍സരിച്ച് തോറ്റ നേതാവാണ്. 
കെപിസിസി പ്രസിഡന്‍റിന്‍റെ പിന്തുണയാണ് ലിജു പ്രതീക്ഷിക്കുന്നത്. കെപി ശ്രീകുമാര്‍ കെസി വേണുഗോപാലുമായി അടുപ്പമുള്ള നേതാവാണ്. മുന്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. 
ന്യൂനപക്ഷ പരിഗണനയും ജില്ലയിലെ പ്രമുഖനുമെന്നതും ഷുക്കൂറിന് തുണയാകും. വര്‍ക്കിംങ്ങ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല സ്വന്തം ജില്ലയിലെ സീറ്റില്‍ ഷുക്കൂറിനെ നിര്‍ദേശിക്കാനാണ് സാധ്യത. 

ഇടതുപക്ഷം സിറ്റിംങ്ങ് എംപി എഎം ആരിഫിനെ തന്നെ രംഗത്തിറക്കുമെന്നുറപ്പായിട്ടുണ്ട്. സംസ്ഥാനത്ത് ബാക്കി 19 പേരും തോറ്റപ്പോഴും മണ്ഡലം പിടിച്ചെടുത്ത ആരിഫിനെ മാറ്റി നിര്‍ത്തിയുള്ള പരീക്ഷണം ഇത്തവണ ഗുണംചെയ്യില്ലെന്ന് ആരിഫിന്‍റെ കാര്യത്തില്‍ ഗുണം ചെയ്യും. 

യുഡിഎഫിന്‍റെ തോല്‍വികൊണ്ട് ചരിത്രം കുറിച്ചവരെ മല്‍സരിപ്പിച്ച് ആരിഫിനെ തോല്‍പിക്കുക അത്ര അനായാസമായിരിക്കില്ലെന്ന് കോണ്‍ഗ്രസിനറിയാം. 
അങ്ങനെയെങ്കില്‍ മുമ്പ് കെസി വേണുഗോപാലിനെ ആലപ്പുഴയിലേയ്ക്ക് കൊണ്ടുവന്ന മാതൃകയില്‍ പുറത്തുനിന്നൊരാള്‍ എന്ന ആലോചന കോണ്‍ഗ്രസില്‍ ശക്തമാണ്. 

എങ്കില്‍ മുന്‍ എംഎല്‍എ കെഎസ് ശബരീനാഥനെ ആലപ്പുഴയിലിറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. മണ്ഡലത്തിലെ സാമുദായിക പരിഗണനകളും ശബരീനാഥന് അനുകൂലമാണ്. 

പക്ഷേ മൊത്തം മണ്ഡലങ്ങളെടുക്കുമ്പോള്‍ ഉണ്ടാകുന്ന സാമുദായിക, ന്യൂനപക്ഷ, വനിതാ പ്രാതിനിധ്യങ്ങള്‍ ആലപ്പുഴയില്‍ പരിഗണിക്കപ്പെട്ടാല്‍ തോറ്റ ഉണ്ണിയാര്‍ച്ചമാര്‍ക്കും നറുക്കു വീഴും; ആരിഫിന് ലോട്ടറിയും. 
ഇതിനിടെ ആലപ്പുഴ പത്തനംതിട്ട ജില്ലകളില്‍ ഒന്നാം പേരുകാരന്‍ എന്ന നിലയില്‍ ചാനല്‍ ഫെയിം യൂത്ത് കോണ്‍ഗ്രസ് പ്രമുഖന്‍ പിആര്‍ പ്രമോഷന്‍ പരിപാടികളുമായി രംഗത്തുണ്ട്. 
ചാനല്‍ ചര്‍ച്ചകളിലും ഫേസ്ബുക്കിലും പൊരുതിനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താമെന്ന് പഠിച്ച വാട്സാപ്പ് യൂണിവേഴ്സിറ്റിക്കാരെ നിലംതൊടാന്‍ സാദാ പ്രവര്‍ത്തകര്‍ അംഗീകരിക്കയുമില്ല. 
നാലു തവണ ചാനലില്‍ മുഖം കാണിച്ച ഈ യുത്തനെ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചപ്പോള്‍ സെലിബ്രിറ്റികളെപ്പോലെ ‘ടിഎ’ കവര്‍ ആവശ്യപ്പെട്ട കക്ഷിയാണ് ഈ ‘ഒന്നാം പേരുകാരന്‍’. വിദേശത്ത് പാര്‍ട്ടിക്കാര്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചാല്‍ ഒന്നേമുക്കാല്‍ ലക്ഷത്തിന്‍റെ ആപ്പിള്‍ പ്രോ തന്നെ നിര്‍ബന്ധം. എന്തായാലും കരുതലോടെ മിടുക്കരെ കളത്തിലിറക്കിയില്ലെങ്കില്‍ ആലപ്പുഴ ഇത്തവണയും കോണ്‍ഗ്രസിന് ബാലികയറാത്ത മലയാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *