ഇന്ത്യൻ വാഹന വിപണിയിൽ നിന്ന് മികച്ച നേട്ടങ്ങൾ കൈവരിക്കാനുള്ള തന്ത്രപരമായ മാറ്റത്തിൽ, ഹോണ്ട മോട്ടോർ കമ്പനി എസ്‌യുവികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി അറിയിച്ചു. ബ്രാൻഡ് ഇനിമുതൽ എസ്‌യുവികൾ മാത്രമേ രാജ്യത്ത് പുറത്തിറക്കുകയുള്ളൂ എന്നും ഇന്ത്യയിൽ പുതിയ സെഡാനുകളൊന്നും എത്തിക്കില്ലെന്നും ഹോണ്ട മോട്ടോർ കാർസിന്റെ സിഇഒ അറിയിച്ചു.
2030 -ഓടെ, എലിവേറ്റ് അധിഷ്‌ഠിത ഇവിയും മറ്റ് എസ്‌യുവികളുമായി അഞ്ച് മോഡലുകൾ കൂടി അവതരിപ്പിക്കാൻ തങ്ങൾ പദ്ധതിയിടുന്നു എന്ന് ഹോണ്ട കാർസ് ഇന്ത്യയുടെ പ്രസിഡന്റ് തകുയ സുമുറ പറഞ്ഞു. വിപണിയിലുള്ള മറ്റ് മോഡലുകളുമായും, മറ്റ് കമ്പനികളുമായും മത്സരിക്കാനും വിജയിക്കാനും തങ്ങൾക്ക് കഴിയും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്പനിയുടെ ഇവി പ്ലാനിംഗിന്റെ ഒരു പ്രധാന വിപണി എന്ന നിലയിൽ ഇന്ത്യയുടെ പ്രാധാന്യം, ഹോണ്ട മോട്ടോർ കമ്പനിയുടെ പ്രസിഡന്റും സിഇഒയും റെപ്രസെന്റേറ്റീവ് ഡയറക്ടറുമായ തോഷിഹിരോ മിബെ എടുത്തുപറഞ്ഞു. ഹോണ്ടയുടെ പ്രതിബദ്ധത കേവലം വാഹന ലോഞ്ചുകൾക്കപ്പുറമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോണ്ടയുടെ ഇലക്ട്രിക് പദ്ധതികളുടെ സുപ്രധാന കേന്ദ്രമായി ഇന്ത്യൻ വിപണി നിലകൊള്ളുന്നുവെന്നും കമ്പനി കൂട്ടിച്ചേർത്തു. കാറുകൾ മാത്രമല്ല ഇരുചക്രവാഹനങ്ങളും ഉൾപ്പെടെയുള്ള ഇവികൾ അഡോപ്റ്റ് ചെയ്യുന്നതിൽ രാജ്യം അതിവേഗം പുരോഗതി കൈവരിക്കുന്നതായി പ്രസ്താവിക്കുന്നു. താമസിയാതെ തന്നെ പുതിയ പദ്ധതികൾ ഹോണ്ട ഇവിടെ നടപ്പിലാക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.