എടത്തനാട്ടുകര:മറ്റു പദ്ധതികളിൽ നിന്നൊന്നും വീടു നിർമിക്കാൻ സഹായം ലഭിക്കാത്ത അർഹരായ 25 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചു നൽകുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മയുടെ സഹകരണത്തോടെ നിർമിച്ചു നൽകുന്ന രണ്ടു വീടുകളുടെ കുറ്റിയടി ഇന്നലെ നടന്നു.
പദ്ധതിക്കു വേണ്ടി ടൂർ ഫോർ എവർ എന്ന ഗ്രൂപ്പിന്റെ ചാരിബിൾ ട്രസ്റ്റിന്റെ കീഴിലാണ് രണ്ടു വീടുകളും ഒരുങ്ങുന്നത്.ചാരിറ്റബിൾ ട്രസ്റ്റ് ചെയർ മാൻ ഷമീർ, പ്രസിഡന്റും നടനും സംവിധായകനുമായ നാദിർഷാ,സിനിമാതാരം സാദിഖ്, വൈസ് ചെയർമാൻ അബ്ദുല്ല പാറോക്കോട്ട്, സെക്രട്ടറി നാസർ, ട്രഷറർ മജീദ് ഈസി കുക്ക് എന്നിവർ ചേർന്ന് ഇരുവീടുകളുടെയും കുറ്റിയടിക്കൽ നടത്തി.
സ്വപ്ന ഭവന പദ്ധതിക്കു കീഴിൽ പത്താമത്തെ വീട് കാപ്പുപറമ്പിലും, പതിനാറാമത്തെ വീട് വട്ടമണ്ണപ്പുറത്തുമാണു നിർമിക്കുന്നത്.ഈ രണ്ടു വീടുകളാണ് ടൂർ ഫോർ എവർ ഏറ്റെടുത്തിട്ടുള്ളത്. ഏകദേശം ആറര ലക്ഷം രൂപ ചെലവിൽ525 ചതുരശ്ര അടി വിസ്തീർണത്തിലുള്ള വീടുകളാണു നിർമിച്ചു നൽകുന്നത്.