കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ച് ഇഡി. കരുവന്നൂരില്‍ നടന്നത് 90 കോടിയുടെ കളളപ്പണ ഇടപാടാണെന്ന് ഇഡി കുറ്റപത്രത്തില്‍ അറിയിച്ചു. 12,000 പേജുള്ള കുറ്റപത്രത്തില്‍ 50 വ്യക്തികളും 5 സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. എകെ ബിജോയാണ് കേസിലെ ഒന്നാം പ്രതി.
സിപിഎം നേതാവ് അരവിന്ദാക്ഷന്‍ കേസിലെ പതിമൂന്നാം പ്രതിയാണ്. ഒന്നാം പ്രതി ബിജോയിയുടെ ഉടസ്ഥതയിലുള്ള 3 കമ്പനികളും മറ്റൊരു പ്രതിയായ പിപി കിരണിന്റെ ഉടമസ്ഥതയിലുള്ള 2 കമ്പനികളുമാണ് കുറ്റപത്രത്തില്‍ ഇഡി വ്യക്തമാക്കിയിട്ടുള്ള 5 കമ്പനികള്‍. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ അന്വേഷണം നടന്നത്. കേസ് അന്വേഷണത്തിനിടെ ഇതുവരെയായി 87.75 കോടിയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റൃകൃത്യത്തില്‍ പങ്കാളികളായ വ്യക്തികളുടെ ബാങ്ക് നിക്ഷേപങ്ങളും മറ്റ് സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് മതിയായ ഈടില്ലാതെയാണ് വലിയ തുകകള്‍ വായ്പ്പയായി അനുവദിച്ചത്. ബാങ്ക് സാമ്പത്തികമായി തകര്‍ന്നതോടെ നിക്ഷേപം നടത്തിയ നിരവധി പേര്‍ പ്രതിസന്ധിയിലായി. പലരുടെയും വീടുകള്‍ ലോണെടുക്കാതെ ബാങ്കില്‍ ഈട് വെച്ചതില്‍ ജപ്തി നോട്ടീസും നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ആത്മഹത്യകളടക്കം ഉണ്ടായത് വലിയ ചര്‍ച്ചയാവുകയും ചെയ്തു.
അതേസമയം, കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സര്‍ക്കാരിന്റെ പുതിയ പാക്കേജ് പ്രകാരം നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് ഇന്ന് തുടങ്ങും. അന്‍പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി പൂര്‍ത്തിയാക്കിയ നിക്ഷേപങ്ങളാണ് പിന്‍വലിക്കാനാവുക.
സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്ന് നവംബര്‍ 20ന് ശേഷം അന്‍പതിനായിരം വരെ പിന്‍വലിക്കാനാണ് അനുമതി. 21,190 സേവിങ്‌സ് നിക്ഷേപകര്‍ക്ക് പൂര്‍ണമായും 2448 പേര്‍ക്ക് ഭാഗികമായും പണം തിരികെ നല്‍കുമെന്നാണ് ബാങ്ക് നല്‍കിയിരിക്കുന്ന വാഗ്ദാനം.