ഡൽഹി: സാധാരണക്കാരുടെ ചങ്കിടിപ്പേറ്റി സ്വർണ വില അടുത്തെങ്ങും കുറയില്ലെന്ന് ഉറപ്പായിട്ടുണ്ട്. യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യങ്ങൾ സ്വർണം വാങ്ങിക്കൂട്ടുന്നതിനാൽ വില കുറയാനിടയില്ല. മുൻപ് ഒരിക്കലും ഇല്ലാത്ത തരത്തിൽ ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുകയാണിപ്പോൾ.
ലോകമെങ്ങും ഏറ്റവും വിശ്വസിക്കാവുന്ന ആസ്തിയായി സ്വർണത്തെയാണ് കണക്കാക്കുന്നത്. സുരക്ഷിതവും എളുപ്പത്തിൽ വിൽക്കാൻ കഴിയുന്നതും മികച്ച വരുമാനം നൽകുന്നതുമായ ആസ്തിയായ സ്വർണം എല്ലാ കേന്ദ്ര ബാങ്കുകളുടെയും വിദേശ നാണയ ശേഖരത്തിലെ പ്രധാന ഘടകമാണ്. അതാണ് രാജ്യങ്ങൾ സ്വർണം വാങ്ങിക്കൂട്ടാനുള്ള കാരണം.
വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകളനുസരിച്ച് ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസക്കാലം വിവിധ കേന്ദ്ര ബാങ്കുകൾ ചേർന്ന് 337 ടൺ സ്വർണമാണ് വാങ്ങിയത്. ഇക്കാലയളവിൽ ലോകമൊട്ടാകെയുള്ള സ്വർണ ഉപഭോഗം എട്ടു ശതമാനം വർദ്ധനയോടെ 1147 ടണ്ണായി. കഴിഞ്ഞ ദിവസങ്ങളിൽ വിലയിലുണ്ടായ വൻ കുതിപ്പിന് കാരണമിതാണെന്ന് വ്യാപാരികൾ പറയുന്നു. നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ വിൽപ്പന 56 ശതമാനം ഉയർന്ന് 157 ടണ്ണിലെത്തി.
അതേസമയം ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ നിന്നും വലിയ തോതിൽ നിക്ഷേപം പുറത്തേക്ക് ഒഴുകുകയാണ്. എന്നാൽ വില കുത്തനെ കൂടിയതു മൂലം ജുവലറികൾ വഴിയുള്ള സ്വർണ വിൽപ്പനയിൽ രണ്ടു ശതമാനം കുറവുണ്ടായി. ബാങ്ക് വായ്പാ നിരക്കുകളും ഡോളർ മൂല്യവും ഉയർന്ന് നിൽക്കുകയാണെങ്കിലും സ്വർണത്തിനോടുള്ള റീട്ടെയ്ൽ ഉപഭോക്താക്കളുടെ താത്പര്യം കുറയുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സാമ്പത്തിക മേഖലയിലെ മികച്ച ഉണർവ് മൂലം ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി ഉയർന്നതിനാൽ ഇന്ത്യയിലും ജൂലായ് മുതൽ സെപ്തംബർ വരെയുളള കാലയളവിൽ സ്വർണ ഉപഭോഗം പത്തു ശതമാനം ഉയർന്ന് 210 ടണ്ണിലെത്തി. ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ വില കുറഞ്ഞു നിന്നതും കാർഷിക ഉത്പന്നങ്ങളുടെ വിലയിലുണ്ടായ വർദ്ധന മൂലം ഗ്രാമീണ മേഖലയിൽ വരുമാനം കൂടിയതും സ്വർണത്തിന് ഗുണമായി. നടപ്പുവർഷം രാജ്യത്തെ മൊത്തം സ്വർണ ഉപഭോഗം 750 ടണ്ണിലെത്തുമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ വിലയിരുത്തുന്നത്.
സ്വർണ ശേഖരമുള്ള പ്രധാന കേന്ദ്ര ബാങ്കുകളുടെ വിവരങ്ങൾ ഇങ്ങനെയാണ്- യു.എസ്. ഫെഡറൽ റിസർവ് 8,133 ടൺ, ജർമ്മൻ സെൻട്രൽ ബാങ്ക് 3,355 ടൺ, നാഷണൽ ബാങ്ക് ഒഫ് ഇറ്റലി 2,457 ടൺ, സെൻട്രൽ ബാങ്ക് ഒഫ് ഫ്രാൻസ് 2,436 ടൺ, ബാങ്ക് ഒഫ് റഷ്യ 2,301 ടൺ, പീപ്പിൾസ് ബാങ്ക് ഒഫ് ചൈന 2,010 ടൺ, സ്വിസ് നാഷണൽ ബാങ്ക് 1,040 ടൺ, ബാങ്ക് ഒഫ് ജപ്പാൻ 845.97 ടൺ, റിസർവ് ബാങ്ക് ഒഫ് ഇന്ത്യ 787.40 ടൺ, ഡച്ച് നാഷണൽ ബാങ്ക് 612.45 ടൺ. ഇന്ത്യയും കാര്യമായി സ്വർണം വാങ്ങിക്കൂട്ടുന്നുണ്ടെങ്കിലും കണക്കുകൾ കൃത്യമായി ലഭിക്കാറില്ല.