സെല്‍ ബ്രോഡ്കാസ്റ്റ് സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി ഉള്ള മുന്നറിയിപ്പ് ശബ്‍ദങ്ങളും വൈബ്രേഷനും സന്ദേശങ്ങളുമാണ് ഇന്ന് മൊബൈല്‍ ഫോണുകളിലെത്തിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തിയത്.
എന്നാല്‍ കഴിഞ്ഞ ദിവസം ഈ സന്ദേശം കൊണ്ട് പണി കിട്ടിയത് ചില ഇലക്ട്രിക് സ്കൂട്ടറുകള്‍ക്കാണ്. അതായത് സിം കാര്‍ഡ് ഉപയോഗിച്ച് കണക്ട് ചെയ്യപ്പെട്ട ഇലക്ട്രിക് സ്കൂട്ടറുകള്‍ ഇപ്പോള്‍ സജീവമാണ്. അവയ്ക്കാണ് പണികിട്ടിയത്. ഇത്തരം സ്കൂട്ടറുകളിലും ഈ അടിയന്തര സന്ദേശം വന്നു. ആദ്യം ഇംഗ്ലീഷിലും, പിന്നീട് മലയാളത്തിലും എത്തി. എന്നാല്‍ അതിന് ശേഷം പല സ്കൂട്ടറുകളുടെയും ഡിസ്പ്ലേ നിന്നും പോയി.
സന്ദേശം വന്നതിന് പിന്നാലെ സ്കൂട്ടര്‍ ഡിസ്പ്ലേ പൂര്‍ണ്ണമായും ബ്ലാക്കായിരുന്നു. സ്കൂട്ടര്‍ ഉടമകളുടെ ഗ്രൂപ്പുകളിലും മറ്റും ഇത് ചര്‍ച്ചയായി. എന്നാല്‍ ഇതിന് പരിഹാരവുമായി കമ്പനികള്‍ ഉടന്‍ എത്തിയിരുന്നു. സ്കൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യാനായിരുന്നു. ഇത്തരത്തില്‍ റീസ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഡിസ്പ്ലേ തിരിച്ചെത്തിയെന്നാണ് പലരും പറയുന്നത്.
അതേ സമയം കഴിഞ്ഞ മാസം രാജ്യത്ത് പല സ്ഥലങ്ങളില്‍ സ്‌മാര്‍ട്ട് ഫോണിലേക്ക് ഉയര്‍ന്ന ബീപ് ശബ്‌ദത്തോടെ ഇത്തരം എമര്‍ജന്‍സി മെസേജ് ലഭിച്ചപ്പോള്‍ പലരും ഞെട്ടിയിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ പലരും തുറന്നുനോക്കിയപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ അയച്ച മുന്നറിയിപ്പ് സന്ദേശമാണ് എന്ന് വ്യക്തമായത്.