തിരുവനന്തപുരം: അനുവാദമില്ലാതെ ഈച്ച പോലും കടക്കാത്ത സെക്രട്ടേറിയറ്റിലെ ആഭ്യന്തര വകുപ്പിന്റെ അതീവ രഹസ്യ സെക്ഷനിൽ സെക്രട്ടേറിയറ്റിലെ ഇടത് ജീവനക്കാരുടെ സംഘടനയിലെ 80പേർ കടന്നുകയറി. ചൊവ്വാഴ്ച ഉച്ചയോടെയാണ് അസാധാരണമായ സംഭവമുണ്ടായത്. ആഭ്യന്തര വകുപ്പിലെ രഹസ്യ വിഭാഗത്തിൽ ഇടത് സംഘടനാ നേതാക്കൾ തമ്മിൽ കൈയാങ്കളിയും വാഗ്വാദവുമുണ്ടായി.
ആഭ്യന്തര രഹസ്യ വിഭാഗത്തിലെ അസിസ്റ്റന്റായ യുവാവ്, ട്രെയിൻ യാത്രയ്ക്കിടെ മറ്റൊരു വകുപ്പിലെ അസിസ്റ്റന്റായ യുവതിയുമായി സൗഹൃദമുണ്ടാക്കിയത് ചോദ്യം ചെയ്യാൻ ഇടത് സംഘടനയുടെ ജോയിന്റ് കൺവീനറും സംഘവുമെത്തിയതോടെയാണ് സംഘർഷമുണ്ടായത്. ഇരുവരും ഒരേ സംഘടനയിൽ പെട്ടവരാണ്. ജോയിന്റ് കൺവീനറിന്റെ നേതൃത്വത്തിൽ എൺപതോളം പേർ ആഭ്യന്തര രഹസ്യ വിഭാഗത്തിൽ കടന്നുകയറി അസിസ്റ്റന്റിനെ പിടിച്ചിറക്കി മർദ്ദിച്ചെന്നാണ് ആക്ഷേപം. പുറമെ നിന്നുള്ളവർക്ക് പ്രവേശനമില്ലാത്ത അതീവ രഹസ്യ വിഭാഗമാണ് ആഭ്യന്തര വകുപ്പിലെ സീക്രട്ട് സെക്ഷൻ.
സെക്രട്ടേറിയറ്റ് മെയിൻ ബ്ലോക്കിൽ പൊതുഭരണ വകുപ്പ് അഡി.ചീഫ്സെക്രട്ടറിയുടെ ഓഫീസിന് തൊട്ടടുത്തുള്ള സീക്രട്ട് സെക്ഷനിൽ നടന്ന കൈയാങ്കളിയെക്കുറിച്ച് ഇരുപക്ഷവും മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇടത് സംഘടനയുടെ ജനറൽ സെക്രട്ടറിയടക്കം രഹസ്യവിഭാഗത്തിനു മുന്നിലെത്തിയിരുന്നു.
സംഘടനാ നേതാക്കളുടെ സമ്മർദ്ദത്തെതുടർന്ന് ആരോപണ വിധേയനായ അസിസ്റ്റന്റിനെ സംഭവത്തിനു പിന്നാലെ ആഭ്യന്തര വകുപ്പിൽ നിന്ന് മാറ്റിയിട്ടുണ്ട്. അതീവ രഹസ്യ സ്വഭാവമുള്ള സീക്രട്ട് സെക്ഷനിലെ ഇടത് സംഘടനാ നേതാക്കളുടെ കടന്നുകയറ്റം അങ്ങേയറ്റം ഗൗരവമുള്ളതാണെന്ന് മറ്റ് സംഘടനകളുടെ നേതാക്കൾ പറയുന്നു. എന്നാൽ ഇതിനെതിരേ സർക്കാർ തലത്തിൽ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.