കോട്ടയം: മികച്ച സ്ഥാനാര്‍ഥി ഉണ്ടെങ്കില്‍ മാത്രമേ കോട്ടയം ലോക്സഭാ സീറ്റ് കേരള കോണ്‍ഗ്രസിന് അനുവദിക്കാന്‍ കഴിയൂ എന്ന ധാരണയില്‍ കോണ്‍ഗ്രസ് നേതൃത്വം. മുമ്പ് പലതവണ നിന്ന് തോറ്റവരെയും ജയസാധ്യതയില്ലാത്തവരെയും മല്‍സരിപ്പിക്കാനാണ് ഉദ്ദേശമെങ്കില്‍ കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കാതെ കോട്ടയത്ത് കോണ്‍ഗ്രസ് തന്നെ മല്‍സരിക്കണമെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്.
കേരള കോണ്‍ഗ്രസ് സീറ്റ് എടുക്കുകയാണെങ്കില്‍ മോന്‍സ് ജോസഫിനെ മല്‍സരിപ്പിക്കണമെന്നതാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. മോന്‍സ് അല്ലെങ്കില്‍ പിജെ ജെസഫ് മല്‍സരിക്കട്ടെ എന്ന നിര്‍ദേശം കോണ്‍ഗ്രസ് മുന്നോട്ടു വയ്ക്കും.
എന്നാല്‍ പല മുന്നണികള്‍ കറങ്ങി നടന്ന ഫ്രാന്‍സിസ് ജോര്‍ജിനെയോ പിസി തോമസിനെയോ കോട്ടയത്ത് കെട്ടിയിറക്കിയാല്‍ അംഗീകരിക്കില്ലെന്നാണ് കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.
സജി മഞ്ഞക്കടമ്പന്‍, പ്രിന്‍സ് ലൂക്കോസ്, ജോയി എബ്രാഹം പോലുള്ള പേരുകള്‍ കോട്ടയത്ത് പരിഗണനാ ലിസ്റ്റില്‍ പോലും ഉണ്ടാകരുതെന്നും കോട്ടയത്തെ നേതാക്കള്‍ പറയുന്നു.
മോന്‍സും പിജെ ജോസഫും മല്‍സരിക്കില്ലെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ മല്‍സരിപ്പിക്കാനാണ് കേരള കോണ്‍ഗ്രസിന് താല്‍പര്യം. 14 വര്‍ഷത്തിനിടെ നാല് തവണ മുന്നണി മാറിയ ഇടുക്കിയില്‍നിന്നുള്ള നേതാവിനെ കോട്ടയത്ത് പരീക്ഷിക്കാനാകില്ലെന്നതാണ് കോണ്‍ഗ്രസിന്‍റെ നിലപാട്.
മാത്രമല്ല, കേരള കോണ്‍ഗ്രസ് മല്‍സരിച്ചാല്‍ കോട്ടയത്ത് ജയസാധ്യതയില്ലെന്നാണ് യുഡിഎഫിന്‍റെ പൊതു വിലയിരുത്തല്‍. കോണ്‍ഗ്രസ് മല്‍സരിച്ചാല്‍ വിജയം ഉറപ്പാണെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍.
എന്നാല്‍ സീറ്റ് നിഷേധിച്ചാല്‍ അത് യഥാര്‍ഥ കേരള കോണ്‍ഗ്രസ് എന്ന തങ്ങളുടെ അവകാശവാദത്തിന് തിരിച്ചടിയാകുമെന്നാണ് കേരള കോണ്‍ഗ്രസ് പറയുന്നത്.
ചുരുക്കത്തില്‍ കേരള കോണ്‍ഗ്രസിന് അവരുടെ അസ്ഥിത്വം നിലനിര്‍ത്താന്‍ വേണ്ടി തങ്ങള്‍ ജയിക്കുമെന്ന് ഉറപ്പുള്ള ഒരു സീറ്റ് കോണ്‍ഗ്രസ് പിജെ ജോസഫിന് ദാനം കൊടുക്കേണ്ടി വരുന്നതാണ് സാഹചര്യം.