കൊച്ചി-മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കലില്‍ ഇടപെടലുമായി ഹൈക്കോടതി. കയ്യേറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമ്പോള്‍ വാണിജ്യപരമായിട്ടുള്ളതോ, താമസത്തിനുള്ളതോ ആയ കെട്ടിടങ്ങള്‍ പൊളിക്കരുത്. കൃഷി ഭൂമി പരിപാലിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. മൂന്നാറിലെ കയ്യേറ്റവും അതിലെ നിര്‍മാണവും തടയണമെന്ന ഹര്‍ജികളിലാണ് ഹൈക്കോടതി നിര്‍ദേശം. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ തുടര്‍ ഉത്തരവുണ്ടാകുന്നതുവരെ വാണിജ്യപരമായിട്ടുള്ളതോ, താമസത്തിനുള്ളതോ ആയ കെട്ടിടങ്ങള്‍ പൊളിക്കരുത്. കൂടാതെ, ഏലം, തേയില തോട്ടങ്ങള്‍, മറ്റു കൃഷികള്‍ക്കായി ഉപയോഗിക്കുന്ന ഭൂമി എന്നിവ പരിപാലിക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട സ്പെഷന്‍ ബെഞ്ച് വ്യക്തമാക്കി.
വിളകള്‍ നശിക്കില്ലെന്ന കാര്യം സര്‍ക്കാര്‍ ഉറപ്പാക്കണം. ഇത്തരം ഭൂമികള്‍ കുടുംബശ്രീയെ വേണമെങ്കില്‍ ഏല്‍പ്പിക്കാം. ഇതിന് സാധിക്കില്ലെങ്കില്‍ വ്യവസ്ഥകള്‍ പ്രകാരം ലേലം ചെയ്യാമെന്നും കോടതി പറഞ്ഞു. കയ്യേറ്റഭൂമിയില്‍ താമസമുള്ള കെട്ടിടത്തിനോട് ചേര്‍ന്നുള്ള സ്ഥലം ഏറ്റെടുക്കുന്നതില്‍ ജില്ലാ ഭരണകൂടത്തിന് തടസ്സമില്ല. താമസക്കാര്‍ തുടരുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം അനുസരിച്ച ഉചിത സമയത്ത് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. കെട്ടിടം നിര്‍മിക്കാന്‍ എന്‍ഒസി വേണമെന്ന വിഷയത്തില്‍ ഒരു ദശാബ്ദം കഴിഞ്ഞിട്ടും തീരുമാനമായിട്ടില്ലെന്നത് കോടതി ചൂണ്ടിക്കാട്ടി. പട്ടയം നല്‍കുന്നതിനും കൃത്യമായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും സര്‍ക്കാര്‍ വിശദീകരണം നല്‍കണം വാണിജ്യ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ 239.42 ഏക്കറില്‍ കയ്യേറ്റം ഒഴിപ്പിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിഷയം നവംബര്‍ 7ന് കോടതി വീണ്ടും പരിഗണിക്കും.
2023 November 1Keralamunnardemolitionhigh courtResidentialഓണ്‍ലൈന്‍ ഡെസ്‌ക് title_en: Kerala high court orders not to demolish residential and commercial constructions in Munnar

By admin

Leave a Reply

Your email address will not be published. Required fields are marked *