തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ലോക്സഭാ എംപിയുമായ മഹുവ മൊയ്ത്രയുടെ പാര്‍ലമെന്റ് അക്കൗണ്ടില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. ദുബായില്‍ നിന്ന് ഈ അക്കൗണ്ടിലേക്ക് 47 തവണ ആക്സസ് ചെയ്തതായി ബിജെപിയുടെ അടുത്ത വൃത്തങ്ങള്‍് പറഞ്ഞു. സുപ്രീം കോടതി അഭിഭാഷകന്‍ ജയ് അനന്ത് ദേഹാദ്രായിയുടെ ‘ചോദ്യത്തിന് പകരം കൈക്കൂലി’ എന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്ന ലോക്സഭയുടെ എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഹാജരാകുന്നതിന് ഒരു ദിവസം മുമ്പാണ് ഈ വെളിപ്പെടുത്തല്‍.
വിവാദം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ച മഹുവ മൊയ്ത്ര, ദീര്‍ഘകാലമായി അടുത്ത സുഹൃത്തായ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുമായി തന്റെ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ പങ്കിട്ടതായി സമ്മതിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ അവര്‍ തന്റെ അക്കൗണ്ട് ഉപയോഗിച്ച് ഉന്നയിച്ച ചോദ്യങ്ങള്‍ തന്റേത് മാത്രമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
പാര്‍ലമെന്റ് അംഗമായിരുന്ന കാലത്ത് മഹുവ മൊയ്ത്ര കണക്കില്‍പ്പെടാത്ത 14 വിദേശ യാത്രകള്‍ നടത്തിയതായും അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഈ യാത്രകളുമായി ബന്ധപ്പെട്ട ആവശ്യമായ വിവരങ്ങള്‍ സ്പീക്കറുടെ ഓഫീസില്‍ നല്‍കിയിട്ടില്ലെന്നും ബിജെപി ആരോപിച്ചു. മഹുവയുടെ ആരോപണവിധേയമായ യാത്രകള്‍ നിരവധി രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. 2022 മെയ് 10ന് യുകെ, 2022 നവംബര്‍ 20ന് യുഎഇ, 2023 മെയ് 13ന് യുഎസ്, 2023 ജൂണ്‍ 13ന് ഫ്രാന്‍സ്, 2023 ഓഗസ്റ്റ് 11ന് വീണ്ടും യുഎഇ, 2023 സെപ്റ്റംബര്‍ 1ന് വീണ്ടും ഫ്രാന്‍സ്: എന്നിങ്ങനെയാണ് യാത്രകളുടെ വിവരമെന്ന് വിവിധ സ്രോതസുകള്‍ അറിയിച്ചു.
കൂടാതെ, അവരുടെ അന്താരാഷ്ട്ര യാത്രകളില്‍ 2019 ഫെബ്രുവരി 13ന് യുകെ, 2019 സെപ്റ്റംബര്‍ 2ന് യുഎസ്, 2019 ഒക്ടോബര്‍ 8ന് ബംഗ്ലാദേശ്, 2020 ജനുവരി 12ന് യുകെ എന്നിവിടങ്ങളിലേക്കുള്ള യാത്രകളും ഇതില്‍ ഉള്‍പ്പെടുന്നു. ദെഹാദ്രായിയുടെ ആരോപണത്തെ അടിസ്ഥാനമാക്കി, ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കും തുടര്‍ന്ന് എത്തിക്സ് പാനലിനും കത്തയച്ചിരുന്നു. വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുടെ നിര്‍ദ്ദേശപ്രകാരമാണ് ടിഎംസി എംപി തന്റെ പാര്‍ലമെന്ററി അക്കൗണ്ടിലൂടെ ചോദ്യങ്ങള്‍ ഉന്നയിച്ചതെന്ന് ഇതില്‍ പറയുന്നു.
ദുബായ് ആസ്ഥാനമായുള്ള ഒരു പ്രമുഖ ബിസിനസ് കുടുംബവുമായി ബന്ധമുള്ള ഹിരാനന്ദാനിയില്‍ നിന്നുള്ള ധനസഹായത്തിനും, മറ്റ് ആനുകൂല്യങ്ങള്‍ക്കും പകരമായാണ് ഈ നടപടികളെന്നും ദുബെ തന്റെ കത്തില്‍ പറഞ്ഞിരുന്നു. ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗൗതം അദാനിക്കും എതിരെ ചോദ്യങ്ങള്‍ ഉന്നയിച്ചതിന് ഹിരാനന്ദാനി മഹുവ മൊയ്ത്രയ്ക്ക് പണം നല്‍കിയെന്നും നിഷികാന്ത് ദുബെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം മഹുവ നിഷേധിച്ചു.