റിയാദ്: താമസിക്കുന്ന കണ്ടയ്നറിന് തീ പിടിച്ച് നാല് മാസം മുമ്പ് മരണമടഞ്ഞ മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വിട്ടുകിട്ടുന്നതിനായി കേളി കലാസാംസ്കാരിക വേദിയുടെ പരിശ്രമങ്ങൾക്ക് വിരാമമായി. ഇന്ത്യൻ എംബസ്സി നൽകിയ കേസിന് അന്തിമ വിധിയായതോടെ രണ്ടുപേരുടെ ഭൗതിക ശരീരങ്ങൾ നാട്ടിലെത്തിക്കുന്നതിന്നും ഒരാളുടേത് റിയാദിൽ അടക്കുന്നതിന്നും തീരുമാനമായി.
ധിലം പരിധിയിൽ പെടുന്ന ദുബയ്യയിൽ മസറ ജോലിചെയ്തിരുന്ന ഉത്തർ പ്രദേശ് സ്വദേശിയായ ഫർഹാൻ അലി (32) ബിഹാർ സ്വദേശികളായ സണ്ണി കുമാർ (26), അൻസാരി മുംതാസ് (30) എന്നിവരാണ് നാലുമാസം മുൻപ് താമസിച്ചിരുന്ന കണ്ടയ്നറിന് തീ പിടിച്ച് വെന്ത് മരിച്ചത്.
ഉത്തർ പ്രദേശ് സ്വദേശിയായ ഫർഹാൻ അലിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കേളി പ്രവർത്തകരുടെ നേതൃത്വത്തിൽ അൽ ഖർജിൽ ഖബറടക്കി. ബന്ധുക്കളും സുഹൃത്തുക്കളും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
ബിഹാർ സ്വദേശികളായ സണ്ണി കുമാർ, അൻസാരി മുംതാസ് എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി.
കേളി കലാ സാസ്കാരിക വേദി അൽഖർജ് ജീവകാരുണ്യ വിഭാഗമാണ് നാലു മാസത്തോളമായി ഈ കേസ് കൈകര്യം ചെയ്യുന്നത്. സ്പോൺസറുടെ നിസ്സഹകരണമടക്കം നിരവധി നിയമകുരുക്കുകളിൽപെട്ട കേസ്, രമ്യതയിൽ പരിഹരിക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് ഇന്ത്യൻ എംബസി സ്പോൺസർക്കെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു. ആദ്യം ധിലം കോടതി കൈകാര്യം ചെയ്ത് കേസ് പിന്നീട് റിയാദിലെ ധീര കോടതിയിലേക്ക് മാറ്റി. കോടതിയിൽ നിന്നും അനുകൂല വിധിവന്നതോടെ നാലു മാസത്തെ കാത്തിരിപ്പിന് വിരാമമായി.