ഗാസ സിറ്റി: ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 8796 ആയി. ഇതില്‍ 3648 പേര്‍ കുട്ടികളാണ്. ഇതിനിടെ ഗാസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ വീണ്ടും ആക്രമണമുണ്ടായി. ഇന്നലെയുണ്ടായ ആക്രമണത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു, ഇതിന് പിന്നാലെ ഇന്ന് വീണ്ടും ആക്രമണമുണ്ടാകുകയായിരുന്നു.
ഇസ്രയേല്‍ ആക്രമണത്തില്‍ ഏഴ് ബന്ദികള്‍ കൂടി കൊല്ലപ്പെട്ടെന്നാണ് ഹമാസ് അറിയിക്കുന്നത്. ഇതിനിടെ ഗാസയില്‍ നിന്നുള്ള റഫ അതിര്‍ത്തി തുറന്നു. യുദ്ധം തുടങ്ങി 25ാം ദിവസമാണ് അതിര്‍ത്തി തുറക്കുന്നത്. യുദ്ധത്തില്‍ പരിക്കേറ്റവരെ ഗാസയില്‍ നിന്ന് ഈജിപ്തിലേക്ക് മാറ്റും.
വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് റഫ അതിര്‍ത്തി വഴി ഈജിപ്തിലേക്ക് മാറ്റുന്നത്. 500 രോഗികളെയാണ് ആദ്യഘട്ടത്തില്‍ ഈജിപ്തിലേക്ക് കൊണ്ടുപോകുന്നത്. വിദഗ്ധചികിത്സയും ശസ്ത്രക്രിയയും വേണ്ടവരെയാണ് ആദ്യം മാറ്റുക. ഇന്ധനം ഇല്ലാതായതോടെ ആശുപത്രികളില്‍ ചികിത്സ മുടങ്ങിയ പശ്ചാത്തലത്തിലാണ് രോഗികളെ മാറ്റുന്നത്.
ഇന്നലെയുണ്ടായ ആക്രമണത്തില്‍ ഗാസയിലെ എക കാന്‍സര്‍ ചികിത്സാ ആശുപത്രിയായ ടര്‍ക്കിഷ് ആശുപത്രി തകര്‍ന്നു. അല്‍ ഖുദ്‌സ് ആശുപത്രിക്ക് കേടുപാട് സംഭവിച്ചു. തറയിലാണ് നൂറുകണക്കിനാളുകള്‍ കിടക്കുന്നത്. ശുദ്ധജലം ഇല്ലാത്തതിനാല്‍ അതീവ ദുരിതത്തിലാണ് ജനങ്ങള്‍. ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ നടന്നത് കൂട്ടക്കുരുതിയെന്നാണ് പുറത്തുവരുന്ന വിവരം.
 

By admin

Leave a Reply

Your email address will not be published. Required fields are marked *