ഡൽഹി : നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ സുപ്രീംകോടതിയിൽ കേസ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതിനു പിന്നാലെ തമിഴ്നാടും പഞ്ചാബും ഗവർണർക്കെതിരേ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചു. ബില്ലുകളിന്മേൽ ഗവർണർമാർ അടയിരിക്കുന്നെന്നാണ് രണ്ട് സംസ്ഥാനങ്ങളുടെയും ഹർജിയിലുള്ളത്.
തമിഴ്നാട്ടിലെ ഡി.എം.കെ സർക്കാരും, പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാരുമാണ് ഒടുവിലായി ഗവർണർമാർക്കെതിരേ ഹർജി നൽകിയത്. ഇത് രണ്ടാം തവണയാണ് പഞ്ചാബ് സർക്കാരിന്റെ ഹർജി. 13 സർവകലാശാലകളിൽ താത്കാലിക വി.സിമാരെ നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് പശ്ചിമബംഗാൾ ഗവർണർക്കെതിരെ മമത സർക്കാർ നൽകിയ ഹർജി ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലാണ്.
‌തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ. രവി രാഷ്ട്രീയ എതിരാളിയെന്ന പോലെയാണ് പ്രവർത്തിക്കുന്നതെന്ന് സ്റ്റാലിൻ സർക്കാർ ആരോപിക്കുന്നു. ബില്ലുകൾ വൈകിപ്പിച്ച് ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുന്നു. തീരുമാനമെടുക്കാൻ കൃത്യമായ സമയപരിധി സുപ്രീംകോടതി നിശ്ചയിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. അഴിമതി കേസുകളിൽ അടക്കം പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച ഫയലുകളിലും ഗവർണർ തീരുമാനമെടുക്കുന്നില്ല.
തമിഴ്നാട് പി.എസ്.സി ചെയർമാന്റെയും, അംഗങ്ങളുടെയും നിയമനം അനിശ്ചിതത്വത്തിലായി. മൂന്ന് പണബില്ലുകൾ അടക്കം അഞ്ച് ബില്ലുകളിലാണ് പഞ്ചാബ് ഗവർണർ ബൻവരിലാൽ പുരോഹിത് തീരുമാനമെടുക്കാനുള്ളതെന്ന് ഭഗ്വന്ത് മൻ സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ, വൈകാതെ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കി ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമം മുൻനിർത്തി മെറിറ്റിൽ പരിശോധിക്കുമെന്നും വ്യക്തമാക്കി.
കേരളത്തിൽ ഒരു പണബില്ലിലടക്കം രണ്ട് ഡസൻ ബില്ലുകളിൽ ഗവർണർ ഒപ്പിട്ടിട്ടില്ല. ഇതിനെതിരെയാണ് സർക്കാർ കോടതിയെ സമീപിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്തതിന് തനിക്കെതിരേ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചാൽ ഭരണഘടനാപരമായ പരിരക്ഷ ചൂണ്ടിക്കാട്ടി കേസിനെ നേരിടാനാണ് ഗവർണറുടെ തീരുമാനം. ബില്ലുകളിലൊപ്പിടാൻ ഭരണഘടനയിൽ കാലപരിധി നിഷ്കർഷിക്കാത്തതിനാൽ അവ തടഞ്ഞുവയ്ക്കുന്നതിൽ നിയമ പ്രശ്നങ്ങളില്ലെന്ന് ഗവർണർക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
നിയമ, ഭരണഘടനാ വിരുദ്ധവും സർക്കാരിന് ദുരുദ്ദേശങ്ങളുള്ളതുമായ ബില്ലുകളാണ് തടഞ്ഞുവയ്ക്കുന്നതെന്നാണ് ഗവർണറുടെ വാദം. ബില്ലുകളിൽ ഒപ്പിടാത്തതിനെതിരായ ഹർജി കഴിഞ്ഞ നവംബറിൽ ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് തള്ളിയിരുന്നു. ഗവർണറുടെ വിവേചനാധികാരത്തിൽ സാധാരണഗതിയിൽ കോടതികൾ ഇടപെടാറില്ല.
2021നവംബർ മുതലുള്ള ബില്ലുകൾ തടഞ്ഞുവച്ചിരുന്നെന്നും ഇത് ഭരണപ്രതിസന്ധിയുണ്ടാക്കുന്നെന്നും ചൂണ്ടിക്കാട്ടിയാവും സർക്കാർ സുപ്രീംകോടതിയെ സമീപിക്കുക. മൗലികാവകാശം ലംഘിക്കപ്പെട്ടാൽ അനുച്ഛേദം-32പ്രകാരം സുപ്രീംകോടതിയെ സമീപിക്കാനാവും.
ബില്ലുകളിലൊപ്പിടാത്തത് ചൂണ്ടിക്കാട്ടി തെലങ്കാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഗവർണർക്ക് നോട്ടീസയയ്ക്കാൻ കോടതി വിസമ്മതിച്ചിരുന്നു. കേരളം കേസിനുപോയാലും നോട്ടീസ് അയയ്ക്കില്ലെന്നാണ് ഗവർണറുടെ വിലയിരുത്തൽ. നോട്ടീസുണ്ടായാൽ ഓരോ ബില്ലും ഒപ്പിടാത്തതിന്റെ കാര്യകാരണം നിരത്തും. 
ഇരുനൂറാം അനുച്ഛേദമനുസരിച്ച് ബില്ലുകൾ ഗവർണർക്ക് അംഗീകരിക്കുകയോ അംഗീകരിക്കാതെ തടഞ്ഞുവയ്ക്കുകയോ പുന:പരിശോധനയ്ക്ക് തിരിച്ചയയ്ക്കുകയോ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയോ ചെയ്യാം. ബിൽ തിരിച്ചയച്ചാൽ നിയമസഭ വീണ്ടും പരിഗണിച്ച് ഭേദഗതികളോടെയോ ഇല്ലാതെയോ ബിൽ വീണ്ടും ഗവർണർക്കയച്ചാൽ ഒപ്പിട്ടേ പറ്റൂ. അതിനാലാണ് തീരുമാനമെടുക്കാതെ രാജ്ഭവനിൽ തടഞ്ഞുവയ്ക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *