പാലാ: എംഎല്‍എയുടെ സഹോദരനായ മുന്‍ പ്രസിഡന്‍റും തട്ടിപ്പുകാരായ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ചേര്‍ന്ന് വായ്പാ തട്ടിപ്പിലൂടെ പാലാ കിഴതടിയൂര്‍ ബാങ്കില്‍ നിന്നും 75 കോടിയോളം രൂപ അടിച്ചുമാറ്റിയതിനു പറമെ ‘നന്മ’ ഫണ്ട് രൂപീകരിച്ച് ചാരിറ്റിയുടെ പേരിലും കോടികള്‍ തട്ടിപ്പു നടത്തിയതായി കണ്ടെത്തല്‍. 
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി പോലെ ബാങ്ക് പ്രസി‍ഡന്‍റായിരുന്ന പാലാ എംഎല്‍എ മാണി സി കാപ്പന്‍റെ സഹോദരന്‍ ജോര്‍ജ് സി കാപ്പന്‍ രൂപീകരിച്ച പ്രസിഡന്‍റിന്‍റെ ചാരിറ്റി ഫണ്ടിന്‍റെ മറവില്‍ നടന്നത് തീവെട്ടിക്കൊള്ളയായിരുന്നുവെന്നാണ് കണ്ടെത്തല്‍.
ബാങ്കില്‍ നിന്നും 50 ലക്ഷം തട്ടിച്ച കേസില്‍ പുറത്താക്കിയ ജീവനക്കാരിയുടെ മകള്‍ക്ക് സിഎയ്ക്ക് പഠിക്കാനെന്നും പറഞ്ഞു നന്മ ഫണ്ടില്‍ നിന്നും നല്‍കിയത് 25 ലക്ഷം രൂപയാണ്. 

പ്ലസ് ടു കോഴ്സ് പോലും നേരാംവണ്ണം പൂര്‍ത്തിയാക്കാത്ത യുവതി സിഎ പഠിക്കാന്‍ 25 ലക്ഷം രൂപ കൈപ്പറ്റിയതായാണ് ബാങ്ക് രേഖകളെങ്കിലും അങ്ങനൊരു കോഴ്സോ വിദ്യാഭ്യാസമോ ഇവര്‍ നേടിയതുമില്ല. മാത്രമല്ല, കൊച്ചിയില്‍ ഒരു രോഗിയുടെ പേരില്‍ വ്യാജ പിരിവു നടത്തി പണം തട്ടിപ്പു നടത്തിയ കേസില്‍ ഈ യുവതിയും ബാങ്കിലെ തട്ടിപ്പുകാരില്‍പെട്ട ഇവരുടെ മാതാവും പിന്നീട് അറസ്റ്റിലായി ജയിലിലും കിടന്നു.

അത്തരത്തില്‍ ഒരു തട്ടിപ്പുകാരിയെ ചൂണ്ടിക്കാട്ടി അവര്‍ പഠിക്കാന്‍ മിടുക്കിയാണെന്നും ‘സിഎ’യ്ക്ക് ചേരുകയാണെന്നും സഹപ്രവര്‍ത്തകരെ വിശ്വസിപ്പിച്ചായിരുന്നു ഇവര്‍ക്ക് പഠനസഹായമായി ’25 ലക്ഷം’ രൂപ’ ചാരിറ്റി’ സംഭവന നല്‍കിയത്. എന്നാല്‍ ഈ പണം തനിക്ക് കിട്ടിയിട്ടില്ലെന്ന് യുവതിയും അമ്മയും പിന്നീട് ബാങ്കിലെ മറ്റ് ജീവനക്കാരോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
ഒരു കൈത്താങ്ങ് – വെറും 25 ലക്ഷം !
മുമ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അന്തരിച്ച ഒരു പ്രമുഖ നേതാവിന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനം നല്‍കിയത് വിവാദമാകുകയും സംഭവം ഹൈക്കോടതിയില്‍ നിയമ പോരാട്ടത്തിന് വേദിയാകുകയും ചെയ്തിടത്താണ് ആരും അറിയാതെ പോയ സഹകരണ ബാങ്ക് പ്രസിഡന്‍റിനെ നന്മനിധി തട്ടിപ്പ്.

വ്യാജ ഡിഗ്രിക്കാരിക്ക് 25 ലക്ഷം കൊടുത്ത മാതൃകയില്‍ ജോര്‍ജ് സി കാപ്പന്‍റെ വീട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീയുടെ മകള്‍ക്ക് ഇതേ ഫണ്ടില്‍ നിന്നും 15 ലക്ഷം മുടക്കി ആദ്യം വീട് പണിതു നല്‍കി. പിന്നീട് ഇതേ വീടിന് മതില്‍ പണിയാനെന്നും പറഞ്ഞ് വേറെയും ലക്ഷങ്ങള്‍ മുടക്കി. അതുകഴിഞ്ഞ് വീട് ടൈല്‍സ് വിരിക്കാനെന്നും പറഞ്ഞും ലക്ഷങ്ങള്‍ വേറെ. അതും ഒരു വ്യക്തിക്കുവേണ്ടി മാത്രം ‘വെറും’ 25 ലക്ഷം.

‘നന്മ’യിലേയ്ക്ക് നിര്‍ബന്ധിത പിരിവ് !
പ്രസിഡന്‍റിന്‍റെ ‘നന്മ’ നിധിയില്‍ ഫണ്ട് ശേഖരിക്കുന്നതും വിചിത്രം തന്നെ. ബാങ്കില്‍ നിന്നും വായ്പ ലഭിക്കുന്നവര്‍ ‘പാവങ്ങളെ’ സഹായിക്കാനായി കൃത്യമായി നിര്‍ദേശിക്കപ്പെടുന്ന ഒരു വിഹിതം ‘നന്മ’ ഫണ്ടിലേയ്ക്ക് നല്‍കണം.
കൂടാതെ എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ‘നന്മ’യിലേയ്ക്ക് സംഭാവന നല്‍കണം. പ്രമോഷന്‍ വേണമെങ്കില്‍ ആദ്യം 50000 രൂപ ‘നന്മ’യില്‍ നിക്ഷേപിക്കണം. ബാങ്കില്‍ ജോലി കിട്ടണമെങ്കിലും പ്രസി‍ഡന്‍റിന്‍റെ ‘നന്മ’ ഫണ്ടില്‍ 5 ലക്ഷം നിക്ഷേപിക്കണം. ജോലിക്ക് ഒറ്റയടിക്ക് 5 ലക്ഷം ഈ ഫണ്ടില്‍ നിക്ഷേപിച്ചവര്‍ കിഴതടിയൂര്‍ ബാങ്കിലുണ്ട്.
‘നന്മ’യില്‍ നിഗൂഢത
ഇത്തരത്തില്‍ കോടികളാണ് ‘നന്മ’യിലെ ഫണ്ട്. പക്ഷേ ‘നന്മ’ ഫണ്ടിന് ഓഡിറ്റില്ല. അത് പരിശോധിക്കാന്‍ ബാങ്ക് ജീവനക്കാര്‍ക്കുപോലും അവകാശമില്ല. സിസ്റ്റം മാനേജര്‍ക്കൊഴികെ ആര്‍ക്കും ‘നമ്മ’ ഫണ്ടിന്‍റെ വിശദാംശങ്ങള്‍ അറിയില്ല.
ജോര്‍ജ് സി കാപ്പനെ പ്രസിഡന്‍റ് സ്ഥാനത്തുനിന്നും മാറ്റി പുതിയ ഭരണസമിതി വന്നിട്ടും കാപ്പന് പാര്‍ട്ടിയിലുള്ള പിടി ഉപയോഗിച്ച് ഭരണസമിതിയുടെ തലപ്പത്തും കാപ്പന്‍റെ ഇഷ്ടക്കാരില്‍ ചിലര്‍ വിലസുന്നുണ്ട്. അതിനാലാണ് ‘നന്മ’ ഫണ്ടിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാത്തത്. ഇക്കാര്യം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും എന്നാണ് സൂചന.
പാലായിലെ മുന്‍ നന്മമരം

പാവങ്ങളെ സഹായിക്കാന്‍ ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമെന്ന പേരില്‍ ഇടപാടുകാരില്‍നിന്നും ജീവനക്കാരില്‍ നിന്നും പിഴിഞ്ഞെടുത്ത കോടികളാണ് 25 ലക്ഷം വീതം ഇഷ്ടക്കാര്‍ക്ക് തോന്നുംപടി നല്‍കിയതായി കാണിച്ച് മാണി സി കാപ്പന്‍ എംഎല്‍എയുടെ മൂത്ത സഹോദരന്‍ കൂടിയായ പാലായിലെ ‘നമ്മമരം’ ജോര്‍ജ് സി കാപ്പന്‍ ‘നന്മ’ ഫണ്ടില്‍ നിന്നും അടിച്ചുമാറ്റിയിരിക്കുന്നത്.
ഇതിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. നന്മ ഫണ്ടിന്‍റെ കണക്കുകള്‍ രഹസ്യമാക്കി വയ്ക്കാന്‍ മുന്‍ പ്രസിഡന്‍റിനെ സഹായിക്കുന്ന ജീവനക്കാരുടെ ലിസ്റ്റും കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ ശേഖരിക്കുന്നുണ്ട്.

കിഴതടിയൂര്‍ ബാങ്കില്‍ നിന്നും ജോര്‍ജ് സി കാപ്പനും മാണി സി കാപ്പനും ഉള്‍പ്പെടെ ഇവരുടെ കുടുംബത്തില്‍ നിന്നും 14 പേരും മറ്റ് സുഹൃത്തുക്കളും മാത്രം ചേര്‍ന്ന് 75 കോടിയോളം വായ്പാ കുടിശിഖ വരുത്തിയതായാണ് കണ്ടെത്തല്‍.

ബാങ്കിന്‍റെ ആകെ വായ്പയുടെ 40 ശതനാനവും ഇവര്‍ക്കാണ് അനുവദിച്ചതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 
ബാങ്കില്‍ ലക്ഷങ്ങള്‍ സ്ഥിരനിക്ഷേപം നടത്തിയ പാവപ്പെട്ട ഇടപാടുകാര്‍ക്ക് ഇപ്പോള്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഉച്ചവരെ ക്യൂവില്‍ നിര്‍ത്തി 5000 രൂപ വീതമാണ് തിരിച്ചു നല്‍കുന്നത്. അവരുടെ നിക്ഷേപത്തിന്‍റെ പലിശ പോലും വരില്ല ഈ പണം.

By admin

Leave a Reply

Your email address will not be published. Required fields are marked *