മനാമ : മുൻ പ്രധാനമന്ത്രിയും ധീര രക്തസാക്ഷി ഇന്ദിരാ ഗാന്ധി, മുൻ ആഭ്യന്തരവകുപ്പ് മന്ത്രിയും ഉപപ്രധാനമന്ത്രി സർദാർ വല്ലഭായിപട്ടേൽ മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരെ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ഒഐസിസി ഓഫീസിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ നേതാക്കളും, പ്രവർത്തകരും അനുസ്മരിച്ചു. ഈ നേതാക്കളുടെ കാലഘട്ടം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും, ഇന്ത്യയുടെയും സുവർണ കാലഘട്ടം ആയിരുന്നു എന്ന് നേതാക്കൾ അനുസ്മരിച്ചു.
സ്വന്തം ജീവൻ നൽകിയാണ് ഇന്ദിരാ ഗാന്ധി രാജ്യത്തിന്റെ അതിർ വരമ്പുകൾ കാത്തത്, ഇന്ദിരാ ഗാന്ധിയുടെ ജീവൻ എടുത്ത ഖാലിസ്താൻ വാദികൾ ലോകത്തിന്റെ പല ഭാഗങ്ങളിലും സംഘടിച്ചു വരുന്നത് വളരെ സൂക്ഷ്മതയോടെ വേണം രാജ്യത്തെ ഭരണാധികൾ കാണേണ്ടത്. ഇന്ദിരാ ഗാന്ധി നടത്തിയ അടിസ്ഥാന വികസനത്തിൽ നിന്നാണ് ഇന്ന് കാണുന്ന ഇന്ത്യയിലേക്ക് മാറുവാൻ നമുക്ക് സാധിച്ചത്. ബാങ്ക് ദേശസാത്കരണം, ഹരിത വിപ്ലവം,ധവള വിപ്ലവം തുടങ്ങി ഗ്രാമങ്ങളിലെ പാവപ്പെട്ട ആളുകളെ സഹായിക്കാൻ വേണ്ടി ഐ ആർ ഡി പി ലോൺ അടക്കം രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ വേണ്ട എല്ലാ കാര്യങ്ങളും ഇന്ദിരാ ഗാന്ധിയുടെ ഭരണ കാലഘത്തിൽ നടത്തി.
ലോക രാഷ്ട്രങ്ങളുടെ മുന്നിൽ ഉരുക്കു വനിത എന്ന നിലയിൽ അറിയപ്പെട്ട ഇന്ദിരാ ഗാന്ധി അമേരിക്കയോട് പോലും വെല്ലുവിളി നടത്താൻ കഴിവുള്ള നേതാവ് ആയിരുന്നു.ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രി യും ആഭ്യന്തര വകുപ്പ് മന്ത്രിയും ആയിരുന്ന സർദാർ വല്ലഭായ് പട്ടേൽ ന്റെ 148- മത് ജന്മദിനത്തിൽ രാജ്യത്തിനു വേണ്ടി നൽകിയ നിരവധി സംഭാവനകൾ മൂലം ഓരോ ഇൻഡ്യാക്കാരനും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. ആഭ്യന്തര സംഘർഷം മൂലം പരസ്പരം പോരടിച്ചു നിന്ന നാട്ടുരാജ്യങ്ങളെ ഇന്ത്യയോട് ചേർക്കാനും, രാജ്യത്ത് നിലനിന്നിരുന്ന വർഗീയ സംഘർഷങ്ങളും അമർച്ച ചെയ്യാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചു എന്നും നേതാക്കൾ അനുസ്മരിച്ചു.
ആധുനിക കേരളത്തിന്റെ നിർമ്മാതാവ് എന്ന നിലയിൽ കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിൽ എക്കാലവും നില നിൽക്കുന്ന നേതാവ് ആയിരിക്കും ഉമ്മൻചാണ്ടി. അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യം ആണ് വികസന കാര്യത്തിൽ ഉമ്മൻ ചാണ്ടിയെ നയിച്ചത്. പാവപ്പെട്ട ആളുകളെ കരുതുവാൻ ഉമ്മൻ ചാണ്ടി യെ പോലെ ലോകത്ത് ഒരു രാഷ്ട്രീയ നേതാവിനും സാധിച്ചിട്ടില്ല. തന്റെ ജീവിതം താൻ വിശ്വസിച്ച പ്രസ്ഥാനത്തിനും, നാടിനുവേണ്ടിയും മാറ്റി വച്ച നേതാവ് ആയിരുന്നു എന്നും ഉമ്മൻ ചാണ്ടിയുടെ എൺപതാം ജന്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച നേതാക്കൾ അഭിപ്രായപെട്ടു.
ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, സെക്രട്ടറി ജവാദ് വക്കം, ഐ വൈ സി ഇന്റർനാഷണൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, ഒഐസിസി നേതാക്കളായ ചെമ്പൻ ജലാൽ, പി ടി ജോസഫ്, കെ സി ഷമീം, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, ജാലിസ് കുന്നത്ത്കാട്ടിൽ, അലക്സ് മഠത്തിൽ, പി കെ പ്രദീപ്, രജിത് മൊട്ടപ്പാറ, നസിം തൊടിയൂർ, ഷീജ നടരാജൻ അഡ്വ. ഷാജി സാമൂവൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഒഐസിസി നേതാക്കളായ സൈദ് മുഹമ്മദ്,ജോണി താമരശ്ശേരി, ഷിബു ബഷീർ, രഞ്ചൻ കേച്ചേരി, ശ്രീജിത്ത് പാനായി, സിജു പുന്നവേലി, മുനീർ യൂ എന്നിവർ നേതൃത്വം നൽകി.