നമ്മുടെ ശരീരത്തിന് അവശ്യം വേണ്ടുന്ന പോഷകങ്ങളെല്ലാം തന്നെ മുട്ടയിലുണ്ട്. പ്രോട്ടീൻ, ഫൈബര്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു. ഉന്മേഷം പകരാനും വിശപ്പിനെ ശമിപ്പിക്കാനും എല്ലാം മുട്ട സഹായിക്കുന്നു. ഇങ്ങനെ പല രീതിയിലും മുട്ട നമുക്ക് നല്ലതാണെന്ന് പറയാം.
മുട്ട കഴിച്ചാല്‍ മാത്രം പോര. എത്ര കഴിക്കുന്നു എന്നതിന് അനുസരിച്ച് അതില്‍ നിന്ന് കിട്ടുന്ന ഊര്‍ജ്ജത്തെ ചെലവിടുകയും വേണം. ഇതുകൊണ്ടാണ് മുട്ട അധികമാകുന്നത് അപകടമാണെന്ന് പറയുന്നത്. കായികാധ്വാനമേതുമില്ലാതെ കാര്യമായ അളവില്‍ മുട്ട കഴിക്കുമ്പോള്‍ അത് അമിതമായി കൊളസ്ട്രോള്‍ അകത്തെത്തുന്നതിലേക്ക് നയിക്കുന്നു.
ഓരോ വ്യക്തിയും അവരവരുടെ പ്രായം, ആരോഗ്യാവസ്ഥ, കായികാധ്വാനത്തിന്‍റെ രീതി, കഴിക്കുന്ന മറ്റ് ഭക്ഷണങ്ങള്‍, ഭക്ഷണത്തിന്‍റെ അളവ് എന്നീ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയേ മുട്ട കഴിക്കാവൂ എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അല്ലാത്തപക്ഷം അത് ഹൃദയത്തിന് ദോഷരകമായി വന്നേക്കാം. ദിവസം, ഒരു മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് യാതൊരു വെല്ലുവിളിയും ഉയര്‍ത്തുന്നില്ല.