മഹാരാഷ്ട്രയില്‍ മറാത്ത സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധ പ്രകടനങ്ങള്‍ തുടരുന്നു. ഒബിസി വിഭാഗത്തിന് കീഴില്‍ കൊണ്ടുവന്ന് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മറാത്താ സമുദായാംഗങ്ങള്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
ഇതിനിടെ ഒരു സംഘം പ്രതിഷേധക്കാര്‍ മുംബൈ-ബെംഗളൂരു ഹൈവേ രണ്ട് മണിക്കൂറോളം തടഞ്ഞത് വന്‍ ഗതാഗതക്കുരുക്കിന് കാരണമായി. ഇരുവശത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ജനക്കൂട്ടം പിന്മാറാന്‍ തയ്യാറായിട്ടില്ല.
മറാത്ത ക്രാന്തി മോര്‍ച്ചാ പ്രവര്‍ത്തകര്‍ സോലാപൂരില്‍ റെയില്‍വേ ട്രാക്ക് തടഞ്ഞു. മറാത്ത സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ റെയില്‍വേ ട്രാക്കില്‍ ടയറുകള്‍ കത്തിക്കുന്നതും കാവി പതാക ഉയര്‍ത്തുന്നതും പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങള്‍ കാണാമായിരുന്നു.
സംഭവത്തില്‍ റാം ജാദവ്, നിശാന്ത് സാല്‍വെ എന്നീ രണ്ട് പ്രതിഷേധക്കാരെ റെയില്‍വേ ഉദ്യോഗസ്ഥരും സോലാപൂര്‍ സിറ്റി പോലീസും കസ്റ്റഡിയിലെടുത്തു. പ്രതിഷേധം തുടരുന്നതിടയിലും റെയില്‍വേ ട്രാക്കില്‍ നിന്ന് സമരക്കാരെ ഇറക്കിവിടാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു.
അതേസമയം, മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയില്‍ പ്രതിഷേധത്തിനിടെ ഒരു സംഘം ആളുകള്‍ പഞ്ചായത്ത് സമിതി ഓഫീസിന് തീയിട്ടതായി പോലീസ് അറിയിച്ചു. ‘ഒരു മറാത്താ ലക്ഷം മറാത്ത’ എന്ന മുദ്രാവാക്യം മുഴക്കി തിങ്കളാഴ്ച രാത്രി ജില്ലയിലെ ഘാന്‍സാവാംഗിയിലെ പഞ്ചായത്ത് സമിതി ഓഫീസില്‍ എത്തിയ പ്രവര്‍ത്തകര്‍ അവിടം തീയിട്ട് നശിപ്പിക്കുകയായിരുന്നു.
ജല്‍നയില്‍ നടന്ന മറ്റൊരു സംഭവത്തില്‍, തിങ്കളാഴ്ച ഉച്ചയ്ക്ക് ബദ്നാപൂര്‍ തഹസില്‍ ഷെല്‍ഗാവ് ഗ്രാമത്തിലെ റെയില്‍വേ ഗേറ്റില്‍ മറാത്ത സമുദായത്തില്‍പ്പെട്ട ചില യുവാക്കള്‍ ട്രെയിനുകള്‍ തടയാന്‍ ശ്രമിച്ചു. ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ റെയില്‍വേ ട്രാക്കില്‍ ഇരുന്നു.
ഒക്ടോബര്‍ 25 മുതല്‍ ജല്‍ന ജില്ലയിലെ അന്തര്‍വാലി സാരതി ഗ്രാമത്തില്‍ സംവരണ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് മറാത്ത സംവരണ പ്രവര്‍ത്തകനായ മനോജ് ജരാങ്കെ അനിശ്ചിതകാല നിരാഹാരം തുടരുകയാണ്.
മറാത്താ സമുദായം അപൂര്‍ണ്ണമായ സംവരണം അംഗീകരിക്കില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും ചൊവ്വാഴ്ച അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, എന്‍സിപി (അജിത് പവാര്‍ വിഭാഗം) നേതാവ് അമര്‍സിങ് പണ്ഡിറ്റിന്റെ വസതിക്ക് പുറത്ത് മറാത്താ പ്രക്ഷോഭകാരികളുടെ ഒരു സംഘം തടിച്ചുകൂടി. അവരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.
സംസ്ഥാനത്തുടനീളമുള്ള സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടയില്‍, പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് മറാത്ത സംവരണ പ്രശ്നം പരിഹരിക്കണമെന്ന് ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെ ചൊവ്വാഴ്ച കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മറാത്താ സംവരണ പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *