മണിപ്പൂരിലെ മോറെ ടൗണില്‍ കുക്കി സമരക്കാരെന്ന് സംശയിക്കുന്നവരുമായി നടത്തിയ ക്രോസ് വെടിവയ്പ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മോറെയിലെ ഒരു ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പോലീസ് ടീമിന് നേരെ ആയുധധാരികളായ അക്രമികള്‍ (കുക്കി പ്രതിഷേധക്കാരെന്ന് സംശയിക്കുന്നു) വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഇതാണ് പോലീസ് സംഘത്തെ തിരിച്ച് വെടിവെക്കാന്‍ പ്രേരിപ്പിച്ചത്.
മോറെയിലെ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ (എസ്ഡിപിഒ), ചിന്ങം ആനന്ദ് കുമാറാണ് വയറ്റില്‍ വെടിയേറ്റതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ വെടിവെപ്പില്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് രാവിലെ മുതല്‍ ടൗണില്‍ ആരംഭിച്ച വെടിവെപ്പ് ഇപ്പോഴും തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
സ്‌പെഷ്യല്‍ കമാന്‍ഡോ സൂപ്രണ്ടിനെ കൊല്ലാനുള്ള പദ്ധതിയാണ് ആക്രമണത്തിന് പിന്നിലെന്ന് മോറെ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മെയ് മൂന്ന് മുതല്‍ മെയ്‌തേയ് സമുദായവും കുക്കികളും തമ്മിലുള്ള വംശീയ സംഘര്‍ഷങ്ങള്‍ക്കാണ് മണിപ്പൂര്‍ സാക്ഷ്യം വഹിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ സംഘര്‍ഷ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മെയ് നാലിന് മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചതിന് ശേഷം സെപ്റ്റംബര്‍ 23ന് സംസ്ഥാന സര്‍ക്കാര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ചിരുന്നു. സെപ്റ്റംബര്‍ 26ന് വീണ്ടും നിരോധനം പ്രഖ്യാപിച്ചു.
മണിപ്പൂര്‍ പോലീസ് മേധാവി പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം, സംസ്ഥാനത്ത് ഇപ്പോഴും സുരക്ഷാ സേനയുമായി പൊതുജനങ്ങള്‍ ഏറ്റുമുട്ടുകയും, ജനപ്രതിനിധികളുടെ വസതികളെ ആക്രമിക്കലും, പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പ്രതിഷേധം നടത്തലും ഉള്‍പ്പെടെ വിവിധ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
മണിപ്പൂരിലെ ക്രമസമാധാന നിലയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ചിത്രങ്ങളും വിദ്വേഷ പ്രസംഗങ്ങളും വിദ്വേഷ വീഡിയോ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിന് ചില സാമൂഹിക വിരുദ്ധര്‍ സോഷ്യല്‍ മീഡിയയെ വ്യാപകമായി ഉപയോഗിക്കുമെന്ന് ആശങ്കയുണ്ടെന്നും ഈ അറിയിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഇത്തരം നടപടികളും, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും വഴി പൊതു, സ്വകാര്യ സ്വത്തിന് വെല്ലുവിളിയാവുക, പൊതു സ്വസ്ഥതയ്ക്കും സാമുദായിക സൗഹാര്‍ദ്ദത്തിനും വിള്ളല്‍ വീഴ്ത്തുക എന്നിങ്ങനെയുള്ള അപകട സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.