ജയ്പൂർ: ജമ്മുകശ്മീർ മുൻമുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ മകളുമായുള്ള വിവാഹബന്ധം വേർപ്പെടുത്തി സച്ചിൻ പൈലറ്റ്. രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ഇന്ന് സമർപ്പിച്ച നാമനിർദ്ദേശ പത്രികയിലാണ് സച്ചിൻ വിവാഹമോചനം വെളിപ്പെടുത്തിയത്.
നാമനിർദേശ പത്രികയിൽ ഭാര്യയുടെ പേരെഴുതേണ്ട കോളത്തിലാണ് സച്ചിൻ വിവാഹ മോചിതൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയുടെ മകളും ഒമർ അബ്ദുല്ലയുടെ സഹോദരിയുമാണ് സാറ. സച്ചിനും സാറയും ലണ്ടനിൽ പഠനകാലത്താണ് പരസ്പരം പരിചയപ്പെട്ടതും പിന്നീട് വിവാഹിതരായതും. 2004ലായിരുന്നു ഇരുവരുടെയും വിവാഹം.
രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് മണ്ഡലമായ ടോങ്കിൽ നിന്നാണ് സച്ചിൻ ഇക്കുറിയും മത്സരിക്കുന്നത്. സച്ചിൻ പ്രവർത്തകർക്കൊപ്പമെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു. അഞ്ച് വർഷം കൊണ്ട് ആസ്തിയിൽ കാര്യമായ വ്യത്യാസം സച്ചിന് ഉണ്ടായിട്ടുണ്ട്. 2018 ൽ പൈലറ്റിന്റെ മൊത്തം ആസ്തി 3.8 കോടി രൂപയായിരുന്നു. 2023 ൽ അത് 7.5 കോടി രൂപയായി വർദ്ധിച്ചു.