ഷാർജ: പ്രവാസി ലീഗൽ സെൽ ഷാർജ – അജ്‌മാൻ ചാപ്റ്റർ രൂപീകരിച്ചു. പ്രാവാസി ലീഗൽ സെൽ ഇന്റർനാഷണൽ കോർഡിനേറ്റർ ഹാഷിം പെരുമ്പാവൂരിന്റെ അധ്യക്ഷതയിൽ ദുബായ് മുഹ്‌സിന കാലിക്കറ്റ് ഹൗസിൽ വച്ച് നടന്ന പരിപാടിയിൽ പ്രസിഡന്റായി ഹാജറാബി വലിയകത്ത്, വൈസ് പ്രസിഡന്റ് അജിത അനീഷ്, ജനറൽ സെക്രട്ടറി അൽ നിഷാജ് ഷാഹുൽ, സെക്രട്ടറി അഡ്വ. ബിന്ദു അരുൺ, ജോയിന്റ് സെക്രട്ടറിമാരായി ഷെരിഫ്, ഷാനവാസ്, എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് അലി മുഹമ്മദ്, ട്രഷറർ സാലിഹ്, എന്നിവരെ തിരഞ്ഞെടുത്തു.
പുതുതായി തിരഞ്ഞെടുത്ത കമ്മിറ്റി ഭാരവാഹികൾ പ്രവാസി ലീഗൽ സെൽ ഷാർജ അജ്‌മാൻ ചാപ്റ്ററിന്റെ പ്രവർത്തങ്ങൾക്കു ഏറെ മുതൽകൂട്ടാവുമെന്നു പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം (അഡ്വക്കറ്റ് ഓൺ റെക്കോർഡ് സുപ്രീം കോർട്ട് ഓഫ് ഇന്ത്യ) ഓൺലൈനിലൂടെ പ്രോഗ്രാം ഉൽഘാടനം ചെയ്തു സംസാരിക്കവേ പറഞ്ഞു.
വിവിധ രാജ്യങ്ങളിൽ പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിന് വേണ്ടി കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിച്ചുവരുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കോവിട് കാലത്ത് റദ്ദു ചെയ്യപ്പെട്ട വിമാന ടിക്കറ്റുകളുടെ റീഫണ്ട് ഉൾപ്പെടെ ഉള്ള വിഷയങ്ങളിൽ സുപ്രീം കോടതിയിൽ നിന്നും പ്രവാസികൾക്ക് അനുകൂലമായി നിരവധി കോടതി വിധികൾ നേടിയെടുത്തിട്ടുള്ള സംഘടനകൂടിയാണ് പ്രവാസി ലീഗൽ സെൽ. കൂടാതെ പ്രവാസി മലയാളികൾക്ക് നോർക്കയിൽ അൻപത് ശതമാനം സംവരണം വേണമെന്ന ആവശ്യവുമായി പിഎൽസി കേരള ഗവണ്മെന്റിനു നിവേദനം സമർപ്പിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള അർഹരായ പ്രവാസികൾക്ക് വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ മിഷനുകളിലൂടെ സൗജന്യ നിയമ സഹായം ഉറപ്പുവരുത്തുന്നത് ഉൾപ്പെടെയുള്ള കേസുകൾ ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിൽ ആണ്.
പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിന് ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. മനുഷ്യക്കടത്ത് പോലുള്ള വിഷയങ്ങളിലും ശക്തമായ ഇടപെടലുകൾ സംഘടന നടത്തിവരുന്നു.
പിഎൽസി ഷാർജ അജ്‌മാൻ ചാപ്റ്ററിന് എല്ലാവിധ ആശംസകളും നേരുന്നതായി പിഎൽസി ഗ്ലോബൽ ഭാരവാഹികൾ അറിയിച്ചു.