കങ്കണ റണൌത്തിന് കുറച്ച് കാലമായി ബോക്സ് ഓഫീസില്‍ മോശം സമയമാണ്. കങ്കണ കേന്ദ്ര കഥാപാത്രമായ ഒരുനിര ചിത്രങ്ങളാണ് ബോക്സ് ഓഫീസില്‍ ഒരു ചലനവുമുണ്ടാക്കാതെ പോയത്. അക്കൂട്ടത്തില്‍ 85 കോടി ബജറ്റ് ഉള്ള ധാക്കഡ് വരെയുണ്ട്. 4 കോടി രൂപ പോലും കളക്റ്റ് ചെയ്തിരുന്നില്ല ഈ ചിത്രം. അടുത്തിടെ നായികയായെത്തിയ തമിഴ് ചിത്രം ചന്ദ്രമുഖി 2 ഭേദപ്പെട്ട കളക്ഷന്‍ നേടിയിരുന്നെങ്കിലും ബോളിവുഡില്‍ അവരുടെ ചിത്രങ്ങള്‍ നേരിടുന്ന തകര്‍ച്ച തുടരുകയാണ്. ഏറ്റവുമൊടുവില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചെത്തിയ ബിഗ് ബജറ്റ് ചിത്രം തേജസിനും കാര്യമായ പ്രതികരണമൊന്നും ലഭിക്കുന്നില്ല. 
ശര്‍വേഷ് മവേര സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം തിയറ്ററുകളിലെത്തിയത് ഒക്ടോബര്‍ 27 ന് ആയിരുന്നു. 60 കോടി ബജറ്റ് ഉള്ള ചിത്രത്തിന്‍റെ ആദ്യ നാല് ദിനങ്ങളിലെ കളക്ഷന്‍ 4.25 കോടി മാത്രമാണ്. അതേസമയം അതേദിവസം റിലീസ് ചെയ്യപ്പെട്ട താരതമ്യേന ചെറിയൊരു ചിത്രം ഇതിനേക്കാള്‍ കളക്ഷന്‍ നേടിയിട്ടുമുണ്ട്. വിക്രാന്ത് മസ്സേ, മേധ ശങ്കര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച്, വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12ത്ത് ഫെയില്‍ എന്ന ചിത്രമാണ് അത്. വിനോദ് ചോപ്ര നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ മുതല്‍മുടക്ക് 25 കോടിയാണ്. ആദ്യ നാല് ദിനങ്ങളില്‍ ചിത്രം നേടിയിരിക്കുന്നത് 7.84 കോടിയാണ്.
ഇതേ പേരില്‍ അനുരാഗ് പതക് എഴുതിയിരിക്കുന്ന നോവലാണ് വിധു വിനോദ് ചോപ്ര സിനിമയാക്കിയിരിക്കുന്നത്. റിലീസ് ദിനത്തില്‍ തിയറ്റര്‍ ഒക്കുപ്പന്‍സി കുറവായിരുന്നെങ്കിലും കണ്ടവരില്‍ നിന്ന് ലഭിച്ച മൌത്ത് പബ്ലിസിറ്റി പിന്നീടുള്ള ദിവസങ്ങളില്‍ ചിത്രത്തിന് ഗുണമായി. വെള്ളിയാഴ്ച 1.11 കോടി കളക്റ്റ് ചെയ്ത ചിത്രത്തിന് ശനിയാഴ്ച 2.51 കോടിയും ഞായറാഴ്ച 3.12 കോടിയും ലഭിച്ചു. 

By admin

Leave a Reply

Your email address will not be published. Required fields are marked *