ഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിലെ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയതായുള്ള ആരോപണത്തില്‍ വിശദീകരണവുമായി ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പിന്നിലുള്ളവരാണ് ചോര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ചിട്ടില്ല. അത്തരത്തിലുള്ള മുന്നറിയിപ്പ് സന്ദേശങ്ങള്‍ക്ക് പിന്നിലുള്ള കാരണം സംബന്ധിച്ച് വിവരം നല്‍കാന്‍ സാധിക്കില്ലെന്നും ആപ്പിളിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഇന്നലെ രാത്രി 11.45നാണ് പ്രതിപക്ഷത്തെ നേതാക്കളുടെ ഫോണിലേക്ക് ഒരേസമയം ആപ്പിളിന്റെ പേരിലുള്ള ഹാക്കിങ് സന്ദേശം എത്തിയത്. ‘നിങ്ങളുടെ ഫോണ്‍ സര്‍ക്കാര്‍ സ്പോണ്‍സേഡ് ഏജന്‍സി ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു’ -ഇതായിരുന്നു സന്ദേശം. സന്ദേശം ലഭിച്ചതിന് പിന്നാലെ പരാതിയുമായി ശശി തരൂര്‍, പ്രിയങ്ക ചതുര്‍വേദി തുടങ്ങിയ നേതാക്കള്‍ രംഗത്തുവരികയും ആപ്പിളിന്റെ പേരിലുള്ള സന്ദേശം പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ആപ്പിള്‍ രംഗത്തുവന്നത്.
‘ചില ഭീഷണി അറിയിപ്പുകള്‍ തെറ്റായ അലാറമായിരിക്കാം, ചില സൈബര്‍ ആക്രമണങ്ങള്‍ കണ്ടെത്താനായേക്കില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പിന്നിലുള്ളവരാണ് ചോര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ചിട്ടുമില്ല’- ആപ്പിളിന്റെ പ്രസ്താവനയില്‍ പറയുന്നു.
‘ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന ഏജന്‍സികള്‍, മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി ഉള്ളവരും സാങ്കേതികമികവ് പുലര്‍ത്തുന്നവരുമാണ്. കാലക്രമേണ അവരുടെ ആക്രമണങ്ങള്‍ വികസിക്കും.
പലപ്പോഴും അപൂര്‍ണമായ ഭീഷണി ഇന്റലിജന്‍സ് സിഗ്‌നലുകളെ ആശ്രയിച്ചാണ് ഇത്തരം ആക്രമണങ്ങള്‍ കണ്ടെത്തുന്നത്. ചില ആപ്പിളിന്റെ ഭീഷണി അറിയിപ്പുകള്‍ തെറ്റായ അലാറമായിരിക്കാം, അല്ലെങ്കില്‍ ചില ആക്രമണങ്ങള്‍ കണ്ടെത്തിയില്ലെന്നും വരാം’ – ആപ്പിള്‍ പറയുന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *