സംവിധായകൻ എം.എ നിഷാദ് മാപ്പ് പറയണമെന്ന് നടൻ ബാല. ചാനൽ പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ തന്നെ കളിയാക്കി ചിരിച്ചതിനാണ് മാപ്പ് പറയണമെന്ന് ബാല പറഞ്ഞത്. എംഎ നിഷാദ് വളരെ അടുപ്പമുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ നല്ല പെരുമാറ്റം ആയിരുന്നുവെന്നും ബാല പറഞ്ഞു. സിനിമാ റിവ്യൂവിങ്ങിനെ കുറിച്ചുള്ള ചർച്ചയിലാണ് ബാല പങ്കെടുത്തത്.
ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കുമ്പോൾ പറയുന്നത് എന്താണെന്ന് കേട്ട് മനസ്സിലാക്കാതെ ആദ്യം മുതൽ തന്നെ കളിയാക്കി ചിരിച്ചുകൊണ്ടിരുന്നത് എന്തിനാണെന്ന് മനസ്സിലായില്ലെന്ന് ബാല പറയുന്നു. ചർച്ചയുടെ ദൃശ്യം കാണാൻ പറ്റാത്തതുകൊണ്ട് ചിരിച്ചതു കണ്ടില്ല, അല്ലെങ്കിൽ അപ്പോൾത്തന്നെ ചോദിക്കുമായിരുന്നുവെന്നും ബാല പറഞ്ഞു. 
ഗർഭിണിയായ ഒരു പെൺകുട്ടി പ്രസവിച്ച് കുഞ്ഞുണ്ടാകുന്നതു പോലെ പവിത്രമായ സംഗതിയാണ് സിനിമയെന്നും ഒരു സിനിമ ഇറങ്ങുന്നതിനു മുൻപ് അതിനെ കൊല്ലരുതെന്നുമാണ് പറയാൻ ശ്രമിച്ചതെന്നും ബാല പറയുന്നു. കുട്ടി ആണോ പെണ്ണോ എന്ന് മുൻകൂട്ടി അറിയാനുള്ള അവകാശം നമുക്കില്ല. അതുപോലെയാണ് സിനിമ. സിനിമയും പവിത്രമാണെന്നും ഞാൻ അതാണ് ഉദ്ദേശിച്ചതെന്നും ബാല പറഞ്ഞു.
ബാലയുടെ വാക്കുകൾ ‘എം.എ. നിഷാദ് എന്നെ സെറ്റിൽ പൊന്നുപോലെ നോക്കിയിട്ടുണ്ട്. ഇല്ലെന്നു ഞാൻ പറയില്ല. ആ പടം കഴിഞ്ഞിട്ട് പിന്നെയും ഇടപ്പള്ളിയിലെ എന്റെ വീട്ടിൽ വന്നു ബർത് ഡേ എന്ന ഒരു സിനിമയുടെ സ്‌ക്രിപ്റ്റ് പറഞ്ഞു. അത് ഞാൻ നിർമിക്കാൻ വേണ്ടി ആലോചിച്ചതാണ്. പക്ഷേ നടന്നില്ല. നമ്മൾ എല്ലാം സിനിമയുടെ ഭക്ഷണം കഴിച്ചു വളരുന്നവരാണ്. അങ്ങനെയുള്ള ഒരാൾ എന്നെ കളിയാക്കിയതു ശരിയല്ലെന്ന് എനിക്കു തോന്നുന്നു’. ബാല പറഞ്ഞു. 

By admin

Leave a Reply

Your email address will not be published. Required fields are marked *