തിരുവനന്തപുരം∙ ഇത്തവണത്തെ ഇന്റർനാഷണൽ ഇൻഡീ മ്യൂസിക് ഫെസ്റ്റിവലിൽ എട്ട് രാജ്യങ്ങളിൽ നിന്നായി 15 സംഗീത ബാൻഡുകൾ പങ്കെടുക്കും. വെള്ളാറിലെ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ നവംബർ 10, 11, 12 തിയതികളിലാണ് ഐഐഎംഎഫിന്റെ രണ്ടാംപതിപ്പിന് വേദിയൊരുങ്ങുന്നത്. രാജ്യാന്തര മ്യൂസിക് കമ്യൂണിറ്റിയായ ലേസി ഇന്‍ഡീയുമായി ചേര്‍ന്നാണ് കേരള ടൂറിസത്തിന്റെ അനുബന്ധ സ്ഥാപനമായ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ് ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കുന്നത്. 
ലോകമെമ്പാടുമുള്ള സ്വതന്ത്ര സംഗീതജ്ഞരാണ് ഇൻഡീ ബാൻഡുകളായി അറിയപ്പെടുന്നത്. പ്രാദേശിക സംഗീതത്തെ ലോകശ്രദ്ധയിലെത്തിക്കുന്ന ഇത്തരം ബാൻഡുകളുടെ സംഗമമാണ് ഇൻഡീ മ്യൂസിക് ഫെസ്റ്റിവൽ. ഇൻഡ്യയിൽ ഹിമാചൽ പ്രദേശിലെ ‘സിറോ’ ഫെസ്റ്റിവൽ പോലെ ചുരുക്കം ചില ഇടങ്ങളിൽ മാത്രമേ ഇത്തരം സംഗീതോൽസവങ്ങൾ അരങ്ങേറുന്നുള്ളു. ഇത്തവണത്തെ ഫെസ്റ്റിവലിലേക്കുള്ള ബാൻഡുകളുടെ തെരഞ്ഞെടുപ്പിൽ ജനപ്രീതിയോടൊപ്പംതന്നെ വ്യത്യസ്ത വിഭാഗങ്ങളെയും വിവിധ വംശങ്ങളേയും അടിസ്ഥാനമാക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ വ്യക്തമാക്കി.
ഇതിഹാസ ഓസ്‌ട്രേലിയൻ റോക് ബാൻഡായ എസി/ഡിസിയുടെ ആദ്യത്തെ പ്രധാന ഗായകനായ ഡേവ് ഇവാൻസായിരിക്കും ഇത്തവണത്തെ ഐഐഎംഎപിലെ പ്രധാന ആകർഷണം. തെരുവു പ്രകടനങ്ങളിലൂടെ വലിയ വേദികളിലേക്ക് വളരെ പെട്ടെന്ന് കടന്നുവന്ന ജോർജിയൻ നാടോടി ബാൻഡായ ബാനി ദി ഹിൽ ബാൻഡ്. ഇന്ത്യൻ റോക്കിലെ മുൻനിരക്കാരായ ഇൻഡ്യൻ ഓഷ്യൻ തിരുവനന്തപുരം ആസ്ഥാനമായ കടൽ, തായ്വാനിൽ നിന്നുള്ള ബാൻഡായ ധർമയുടെ ബുദ്ധിസ്റ്റ് മെറ്റൽ എന്നിവയും ഇത്തവണ ഫെസ്റ്റിവലിനെ ആവേശത്തിലാഴ്ത്തും. 
ഇവ കൂടാതെ അറിവ്, ശക്തിശ്രീ ഗോപാലൻ, മദർ ജെയ്ൻ, ബോണി അബ്രഹാം എൻസെംബിൾ, മാത്തി ബാനി, ഗിരീഷ് ആൻഡ് ദി ക്രോണിക്കിൾസ്, ഹാമണ്ട് ബ്രദേഴ്‌സ്,  വൈക്കിംഗ് ക്യൂൻ, സൈക്കോപഞ്ച്, മെലഡി ഉഗാണ്ട. എന്നീ പോപ്, റോക്ക്, ഫോക്, ഫ്യൂഷൻ ബാൻഡുകളാണ് ഇത്തവണ ഫെസ്റ്റിവലിൽ സംഗീത വിസ്മയം തീർക്കുക. മലയാളികളായ സ്വതന്ത്ര സംഗീതജ്ഞരും ബാൻഡ് ലേസി ജെയുടെ പങ്കാളികളുമായ ജയ്, മനോജ് എന്നിവരാണ് ഇൻഡീ മ്യൂസിക് ഫെസ്റ്റിവല്‍ ക്യൂറേറ്റ് ചെയ്യുന്നത്.
സ്വതന്ത്ര സംഗീതജ്ഞർക്ക് അവസരങ്ങൾ ലഭിക്കുന്ന ഒട്ടേറെ വേദികളുണ്ടെങ്കിലും വിഭവങ്ങളുടെയും വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളുടേയും പരിമിതികള്‍ മൂലം അവരുടെ പ്രകടനങ്ങള്‍ ചുരുക്കം ചില മേഖലകളില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നുണ്ടെന്നും ഇതിനൊരു പരിഹാരമായിക്കൂടിയാണ് ലോകത്തെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രമായ കോവളത്തോടനുബന്ധിച്ച് ഇത്തരമൊരു ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതെന്നും  ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ് സിഇഒ: ശ്രീപ്രസാദ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *