സിനിമ റിവ്യൂ ബോംബിങ് വിഷയത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. സ്വന്തം പേജിലൂടെ സ്വന്തം മുഖം കാണിച്ച് നിരുപണം നടത്തുന്നവരും സിനിമ കഴിഞ്ഞ് പുറത്തിറങ്ങുന്ന സാധാരണ പ്രേക്ഷകരും അവരുടെ പൗരാവകാശങ്ങളാണ് ഉപയോഗിക്കുന്നതെന്ന് പറയുകയാണ് ഹരീഷ് പേരടി. എന്നാല്‍ റിവ്യു ബോബിംങ്ങിന്റെ പിന്നില്‍ ഒരു അധോലോകം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരെ കണ്ടെത്തി സിനിമയെ സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്റെയും നിയമത്തിന്റെയും ബാധ്യതയാണെന്നും ഹരീഷ് പേരടി പറയുന്നു.
ഹരീഷ് പേരടിയുടെ വാക്കുകള്‍:
”സിനിമാ റിവ്യൂ … സ്വന്തം പേജിലൂടെ സ്വന്തം മുഖം കാണിച്ച് നിരുപണം നടത്തുന്നവര്‍, സിനിമ കഴിഞ്ഞ് പുറത്തിറങ്ങുന്ന സാധാരണ പ്രേക്ഷകര്‍.. അവരുടെ പൗരാവകാശങ്ങളാണ് ഉപയോഗിക്കുന്നത്… അത് അവരുടെ ആവിഷക്കാര സ്വാതന്ത്ര്യമാണ്… പക്ഷെ റിവ്യു ബോബിംങ്ങിന്റെ പിന്നില്‍ ഒരു അധോലോകം പ്രവര്‍ത്തിക്കുന്നുണ്ട്… അവര്‍ ആരാണെന്ന് ഇതുവരെ നമ്മള്‍ അറിഞ്ഞിട്ടുമില്ല… കുഞ്ഞാലിമരക്കാര്‍ എന്ന സിനിമക്കെതിരെ ചാനല്‍ സംവിധാനങ്ങളോടെ പ്രവര്‍ത്തിച്ചവരെ റെയ്ഡ് നടത്തി പിടിച്ചു എന്ന് നിര്‍മ്മാതാവ് സന്തോഷ് കുരുവിള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്… (12 മണിക്ക് തുടങ്ങിയ ഷോയുടെ പ്ലാന്‍ഡ് റിവ്യൂ 12.30 ന് തുടങ്ങിയിരുന്നു).. ആ യഥാര്‍ത്ഥ പ്രതികള്‍ ആരാണെന്ന് അറിയാന്‍ ഇന്റ്‌റലിജന്‍സ് വിഭാഗത്തിന്റെ പഴുതടച്ച അന്വേഷണമാണ് വേണ്ടത്… അല്ലാതെ ആ അധോലോകം കൊടകര പോലീസ് സ്റ്റേഷനില്‍ സ്വയം ഹാജരാകും എന്ന് കരുതരുത്…
മദ്യവും ലോട്ടറിയും പോലെ സര്‍ക്കാറിന് ഏറ്റവും അധികം നികുതി നല്‍കുന്ന വ്യവസായമാണ് സിനിമ… ഈ വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാറിനും നിയമങ്ങള്‍ക്കും ബാധ്യതയുണ്ട്… ഇനി ഈ വിഷയത്തോട് ബന്ധപ്പെട്ടു കിടക്കുന്ന മറ്റൊരു വിഷയവുകൂടി ചേര്‍ത്ത് വെക്കുന്നു… നാടകവും പ്രേക്ഷകന്‍ ടിക്കറ്റെടുത്ത് കാണുന്ന ഒരു വലിയ വ്യവസായമായി മാറണം എന്നാണ് എന്റെ സ്വപ്നം … നാടകക്കാര്‍ നികുതിദായകരായി മാറുമ്പോള്‍ മാത്രമേ അവര്‍ക്ക് ജീവിത നിലവാരവും സാമൂഹിക അന്തസ്സും ഭരിക്കുന്ന സര്‍ക്കാറിനും ബഹുമാനമുള്ളവരും ആകുകയുള്ളു… അല്ലാത്ത കാലത്തോളം സംഗിത നാടക അക്കാദമിയുടെ ശബ്ദമില്ലാത്ത മൈക്കും മഴ ചോരുന്ന ഹാളിലുമിരുന്ന് പ്രഖ്യാപിച്ച തുകക്ക് വേണ്ടി പിച്ച തെണ്ടുന്ന നാണം കെട്ട മനുഷ്യരായി മാറേണ്ടിവരും… നാടകം കണ്ടിറങ്ങി അതിനെ നീരുപണം ചെയ്യുന്ന മുഖമുള്ള പ്രേക്ഷകനും ആള്‍കൂട്ടവും ഹിറ്റ് നാടകങ്ങളുടെ റെയിറ്റിങ്ങും എന്റെ സ്വപ്നത്തിലുണ്ട്… ഈ പോസ്റ്റ് എന്റെ മനസ്സിനോട് ഒപ്പം ചേര്‍ന്ന് വായിക്കുക…”
അതേസമയം സിനിമ റിവ്യൂവര്‍ അശ്വന്ത് കോക്കിനെതിരെ സിനിമ നിര്‍മാതാക്കളുടെ സംഘടന വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ആലക്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ അശ്വന്ത് കോക്ക് തൊഴില്‍പരമായ ചട്ടലംഘനം നടത്തിയെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആരോപണം. വികലമായ സിനിമ റിവ്യു നടത്തി നവമാധ്യമങ്ങളിലൂടെ അശ്വന്ത് കോക്ക് പണമുണ്ടാക്കിയതിന് എതിരെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക സര്‍ക്കാരിന് പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും പരാതി നല്‍കുന്നതെന്നും മന്ത്രി ഉടന്‍ ഇടപെടണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു.
ആഴ്ചകള്‍ക്ക് മുന്‍പ്, തിയേറ്ററുകളിലുള്ള സിനിമയെ മോശമാക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സിനിമ റിവ്യൂ ചെയ്തവര്‍ക്കെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. റാഹേല്‍ മകന്‍ കോര എന്ന സിനിമയുടെ സംവിധായകന്‍ ഉബൈനിയുടെ പരാതിയിലാണ് കൊച്ചി സിറ്റി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഒമ്പത് പേര്‍ക്കെതിരെയാണ് കേസ്. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ യൂട്യൂബും ഫേസ്ബുക്കും പ്രതികളാണ്.
നേരത്തെ റിലീസിങ് ദിനത്തില്‍ തിയറ്റര്‍ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിച്ചിരുന്നു. ആരോമലിന്റെ ആദ്യ പ്രണയം എന്ന് സിനിമയുടെ സംവിധായകന്‍ മുബീന്‍ നൗഫല്‍ ആയിരുന്നു ഹര്‍ജി നല്‍കിയത്. ഇതേത്തുടര്‍ന്ന് സിനിമയുടെ റിലീസിന് ശേഷം ആദ്യ ഏഴ് ദിവസം റിവ്യൂ അനുവദിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞതായി പ്രചരണം നടന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് ഹൈക്കോടതി തന്നെ പിന്നീട് വ്യ.ക്തമാക്കിയിരുന്നു.
റിലീസിങ് ദിനത്തില്‍ തിയേറ്റര്‍ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി നിലപാടറിയിച്ചത്. സിനിമാ വ്യവസായത്തെ നശിപ്പിക്കരുതെന്ന് അഭിപ്രായപ്പെട്ട കോടതി പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇത്രയും കാലം എവിടെയായിരുന്നുവെന്നും ചോദിച്ചിരുന്നു. ഫോണ്‍ കയ്യിലുള്ളവര്‍ക്ക് എന്തും ആകാമെന്ന അവസ്ഥയാണുള്ളതെന്നും ബ്ലാക്‌മെയിലിംഗ് നടത്തുന്ന വ്‌ലോഗര്‍മാര്‍ മാത്രമാണ് കോടതി ഉത്തരവിനെ ഭയപ്പെടേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. റിവ്യൂ നിയന്ത്രിക്കാന്‍ പ്രത്യേക പ്രോട്ടോകോള്‍ ഇല്ലെന്ന് സംസ്ഥാന പോലീസ് മേധാവിയും അറിയിച്ചിരുന്നു.
സിനിമ റിലീസ് ചെയ്യുന്നതിനു പിന്നാലെ നിരവധി അക്കൗണ്ടുകളിലൂടെ സിനിമയ്‌ക്കെതിരെ നെഗറ്റിവ് കമന്റുകളും മറ്റും പോസ്റ്റ് ചെയ്ത് സിനിമയെ മോശമാക്കി ചിത്രീകരിക്കുന്നതിനെ റിവ്യൂ ബോംബിങ് എന്നാണ് പറയുന്നത്. കോടതി നിലപാടില്‍ സിനിമാ പ്രേമികള്‍ സന്തോഷത്തിലാണ്. ഒട്ടേറെപ്പേരാണ് അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത് .