ആറ്റിങ്ങൽ∙ മാമം മൂന്നുമുക്ക് സൺ ഓഡിറ്റോറിയം ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ആറ്റിങ്ങൽ പുഷ്പമേള ജനശ്രദ്ധയാകർഷിച്ച് മുന്നേറുന്നു. റോസ്, ലില്ലി, ചെമ്പരത്തി, ക്രിസാന്തം, മേരിഗോൾഡ്, മുല്ല, പിച്ചി, ലിക്കാടിയാ, ഗോൾഡൻ മുല്ല, കാറ്റസ്‌ക്ലോ, സാൽവിയ, കലാഞ്ചിയ, ജമന്തി, ഓർക്കിഡ്, പീസ് ലില്ലി, ആന്തൂറിയം, ലോറപ്റ്റലം, അരുളി, ഡാലിയ, അസീലിയ, പ്ലമേറിയ, ഗ്ലാഡിയോല, ചെമ്പകം, ബോഗൺവില്ല, മുസാണ്ട, മെലസ്‌റ്റോമ തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള പതിനായിരക്കണക്കിന് പുഷ്പ വൈവിധ്യങ്ങളാണ് മേളയിൽ കാണികളുടെ മനംകവരുന്നത്. 
കേരളത്തിലെ പുഷ്പ കർഷകരുടെ കൂട്ടായ്മയായ കേരളാ ഫ്ളവർ ഗ്രോവേഴ്‌സ് കൺസോർഷ്യമാണ് ആറ്റിങ്ങൽ പുഷ്പമേളയുടെ സംഘാടകർ.വളർത്തു മൃ​ഗങ്ങളുടെയും വളർത്തു പക്ഷികളുടെയും അമൂല്യ നിരയുമായി പെറ്റ്ഷോയും മേളയിലുണ്ട്. ബാൾ പൈത്തൺ, ഇ​ഗ്വാന, സൽഫർ ക്രെസ്റ്റഡ് കൊക്കാറ്റൂ, സൺ കോണ്യൂർ, കോക് ടെയിൽ, പൈനാപ്പിൾ കോണ്യൂർ, ആഫ്രിക്കൻ ലവ്ബേർഡ്സ്, ഫാന്റയിൽ തുടങ്ങിയ അരുമ ജീവികൾക്കൊപ്പം സെൽഫിയെടുക്കാൻ പ്രദർശന ന​ഗരിയിൽ വൻ തിരക്കാണ്. 
കുട്ടികളും സ്ത്രീകളുമുൾപ്പെടെ പെരുമ്പാമ്പിനെ കഴുത്തിലണിഞ്ഞും ഇ​ഗ്വാനയെ തോളിലേറ്റിയും ആഫ്രിക്കൻ ലവ്ബേർഡിനെ കൊഞ്ചിച്ചും വിവിധ ആം​ഗിളുകളിൽ ഫോട്ടോയെടുത്ത് സാമൂഹ്യ മാധ്യങ്ങളിൽ ഇടുന്നുണ്ട്. അപൂർവയിനം ജീവികളെക്കുറിച്ച് കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നെത്തിയ വ്ലോ​ഗർമാരുടെ ലൈവ് റിപ്പോർട്ടിങും പ്രദർശന ന​ഗരിയിൽ പലയിടങ്ങളിലായി കാണാം. 
പൂത്തുലഞ്ഞു നിൽക്കുന്ന പുഷ്പങ്ങൾക്കിടയിൽ നിന്ന് ഫോട്ടോ എടുക്കാനായി സെൽഫി കൗണ്ടറും ഒരുക്കിയിട്ടുണ്ട്. നവംബർ അഞ്ചുവരെ നീളുന്ന പുഷ്പമേളയിൽ രാവിലെ പതിനൊന്നു മുതൽ രാത്രി ഒമ്പതുവരെയാണ് പ്രവേശനം. ചട്ടിയിൽ വളരുന്ന കുടംപുളി, ഡ്രാഗൺ ഫ്രൂട്ട്, മിറക്കിൾ ഫ്രൂട്ട് തുടങ്ങിയവയും പുഷ്പമേളയുടെ ആകർഷണങ്ങളാണ്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള നൂറിൽപ്പരം വാണിജ്യ വ്യാപാര വിപണന സ്റ്റാളുകൾ, ഫാമിലി ഗെയിം സോൺ, ഓട്ടോ എക്‌സ്‌പോ എന്നിവയും മേളയിലൊരുക്കിയിട്ടുണ്ട്. ദിവസേന നറുക്കെടുപ്പിലൂടെ ഏഴുപേർക്ക് ഓർക്കിഡ്, റോസ് ചെടികൾ, ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവ സമ്മാനമായി നൽകും.

By admin

Leave a Reply

Your email address will not be published. Required fields are marked *