മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്ത ശേഷം നവംബർ രണ്ടിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്ന് എഎപി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി. “ഞങ്ങളുടെ ഉന്നത നേതാക്കളെ ജയിലിലേക്ക് അയച്ച് എഎപിയെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന്” ഇന്ത്യാ ടുഡേയോട് സംസാരിക്കവെ അതിഷി അവകാശപ്പെട്ടു.
തിരഞ്ഞെടുപ്പിൽ കെജ്‌രിവാളിനെ പരാജയപ്പെടുത്താൻ കഴിയാത്തതിനാലാണ് എഎപിക്കെതിരെ ബിജെപി ഇത്തരം തന്ത്രങ്ങൾ പ്രയോഗിക്കുന്നതെന്നും അവർ പറഞ്ഞു. “നവംബർ 2 ന് കെജ്‌രിവാൾ അറസ്റ്റിലാകുമെന്ന് റിപ്പോർട്ടുകളുണ്ട്. അദ്ദേഹത്തെ അറസ്റ്റ് ചെയ്താൽ അത് അഴിമതി (കുറ്റം) കാരണമല്ല, മറിച്ച് അദ്ദേഹം ബിജെപിക്കെതിരെ സംസാരിച്ചതുകൊണ്ടാണ്,” അതിഷി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലും എംസിഡി തിരഞ്ഞെടുപ്പിലും ബിജെപിയെ രണ്ട് തവണ എഎപി പരാജയപ്പെടുത്തി. ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമാണ്. തിരഞ്ഞെടുപ്പിൽ എഎപിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് ബിജെപിക്ക് അറിയാം, ”അതിഷി കൂട്ടിച്ചേർത്തു.
ഡൽഹി എക്‌സൈസ് പോളിസി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നവംബർ രണ്ടിന് രാവിലെ 11 മണിക്ക് ഡൽഹിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഇഡി കെജ്‌രിവാളിന് സമൻസ് അയച്ചിരുന്നു. ഇതാദ്യമായാണ് കെജ്രിവാളിന് ഇഡി സമൻസ് അയക്കുന്നത്. ഏപ്രിലിൽ കെജ്രിവാളിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിലെ മറ്റ് നേതാക്കളെ ബിജെപി ലക്ഷ്യമിടുന്നതായും അതിഷി ആരോപിച്ചു. കൂടാതെ കെജ്രിവാൾ അറസ്റ്റിലാകുന്നതുവരെ സിബിഐയെയും ഇഡിയെയും ഉപയോ​ഗിച്ചുള്ള വേട്ടയാടൽ ബിജെപി തുടരുമെന്നും അതിഷി പറഞ്ഞു. 
“അടുത്തതായി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയാണ് അവർ ലക്ഷ്യമിടുന്നത്. കാരണം അദ്ദേഹത്തെ തോൽപ്പിക്കാൻ അവർക്കു കഴിഞ്ഞില്ല. ബിഹാറിലെ സഖ്യം തകർക്കാൻ കഴിയാത്തതിനാൽ തേജസ്വി യാദവിനെ അവർ ലക്ഷ്യമിടുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനെയും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും അവർ ലക്ഷ്യം വയ്ക്കും” അവർ പറഞ്ഞു. ജയിലിൽ പോകുന്നതിനെ എഎപി നേതാക്കൾ ഭയപ്പെടുന്നില്ലെന്നും അവസാന ശ്വാസം വരെ ഭരണഘടന സംരക്ഷിക്കാൻ പോരാടുമെന്നും അതിഷി വ്യക്തമാക്കി.  
എതിർപ്പുകൾക്കിടയിലും ആംആദ്മി കൂടുതൽ ശക്തിപ്പെട്ടുവെന്ന് പാർട്ടി സഹപ്രവർത്തകൻ സൗരഭ് ഭരദ്വാജ് പറഞ്ഞു. അരവിന്ദ് കെജ്‌രിവാളിനെയും എഎപിയുടെ മറ്റ് ഉന്നത നേതാക്കളെയും ജയിലിലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ആം ആദ്മി പാർട്ടിയെ അടിച്ചമർത്താനും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങൾ നടന്നപ്പോഴെല്ലാം പാർട്ടി കൂടുതൽ ശക്തമായി ഉയർന്നുവന്നിട്ടേയുള്ളൂ,” അദ്ദേഹം പറഞ്ഞു. 
ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് പാർട്ടി തുടരുമെന്ന് ആം ആദ്മി പാർട്ടിയുടെ ഡൽഹി സംസ്ഥാന കൺവീനറും മന്ത്രിയുമായ ഗോപാൽ റായ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. “മുമ്പും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്, ഞങ്ങൾ കൂടുതൽ ശക്തരാവുകയാണ്. ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നതിനാൽ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനും ആഗ്രഹിക്കുന്നു. എഎപി എംഎൽഎമാർക്കെതിരെ 170ലധികം കേസുകൾ ചുമത്തി അവരെ തകർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആം ആദ്മി പാർട്ടി  സാധാരണക്കാർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്”ഗോപാൽ റായ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *