പാലക്കാട്: പാലക്കാട് വലിയങ്ങാടി ജന്നത്തുൽ ഉലൂം അറബിക് കോളജ് പ്രിൻസിപ്പൽ ഹുസൈൻ മന്നാനി, പ്രൊഫ.സൈനുദ്ധീൻ മന്നാനി എന്നിവരെ പ്രതിചേർത്ത പോക്‌സോ കേസിൽ പാലക്കാട് ഫാസ്റ്റ്ട്രാക്ക് സ്‌പെഷൽ കോടതി നിരപരാധികളെന്ന് കണ്ട് കുറ്റവിമുക്തരാക്കി. പാലക്കാട് അതിവേഗ പോക്‌സോ കോടതി ജഡ്ജി സഞ്ചുവാണ് ഇരുവരേയും കുറ്റവിമുക്തരാക്കി വെറുതെവിട്ടത്.
2017ൽ സ്ഥാപനത്തിലെ ഒരു വിദ്യാർഥിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പാലക്കാട് സൗത്ത് പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹുസൈൻ മന്നാനിയും സൈനുദ്ദീൻ മന്നാനിയും പ്രതിചേർക്കപ്പെട്ടത്. എന്നാൽ ആരോപണ വിധേയമായ സംഭവ സമയത്ത് സ്ഥാപനത്തിൽ തന്നെ ഇല്ലാതിരുന്ന ഇരുവരേയും പ്രതിചേർത്ത പാലക്കാട് സൗത്ത് പൊലിസിനെതിരെ അന്നുതന്നെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
കേസിന്റെ ഭാഗമായി പബ്ലിക് പ്രോസിക്യൂട്ടർ ശോഭന 25 സാക്ഷികളേയാണ് വിചാരണ കാലത്ത് വിസ്തരിച്ചത്. പ്രതികൾക്കുവേണ്ടി സീനിയർ അഭിഭാഷകനായ ഷെയ്ഖ് അബ്ദുല്ല ഹാജരായി. ഏഴുവർഷം സംശയത്തിന്റെ നിഴലിൽ ജീവിക്കേണ്ടി വന്നെങ്കിലും കോടതിയിൽ നിന്നും നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്ന് കോളജ് പ്രിസൻസിപ്പൽ ഹുസൈൻ മന്നാനിയും പ്രൊഫ.സൈനുദ്ധീൻ മന്നാനിയും വ്യക്തമാക്കി.