ശിവഗിരി: “ഇന്ത്യൻ പശ്ചാത്തലത്തിൽ നടക്കുന്ന സംഘട്ടനങ്ങൾക്ക് കാരണം ജാതിയാണെങ്കിൽ മറ്റിടങ്ങളിൽ അതിന് കാരണം വംശീയവും ഗോത്രപരവുമാണ്. ഗുരുവിൻ്റെ ഐക്യത്തിൻ്റെ സ്നേഹ സന്ദേശം ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ലോക നേതാക്കൾ പരിഗണിക്കേണ്ടതുണ്ട്”. ശിവഗിരി ഗസ്റ്റ് ഹൗസിൽ വെച്ച് ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റിൻ്റെ മുൻ ജനറൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികളുമായുള്ള കൂടിക്കാഴ്ചയിലാണ് ജൈഹൂൻ ഗുരുവിനെ കുറിച്ചുള്ള കാഴ്ചപ്പാട് രേഖപ്പെടുത്തിയത്.
ശിവഗിരി മഠത്തിലെ പ്രധാന പുരോഹിതൻ സച്ചിദാനന്ദ സ്വാമികൾ, ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ തുടങ്ങിയവർ അദ്ദേഹത്തെ സ്വീകരിച്ചു. മഹാസമാധിയും ഗുരുവിൻ്റെ മറ്റു സ്മാരകങ്ങളും ജൈഹൂനിന് സ്വാമികൾ ചരിത്രവിവരണങ്ങളോടെ പരിചയപ്പെടുത്തി.
സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ ജീവിതവും സന്ദേശങ്ങളും അടിസ്ഥമാക്കി സ്ലോഗൺസ് ഓഫ് ദ സൈജ് എന്ന അദ്ദേഹത്തിൻ്റെ പുസ്തകത്തിന് 2022 ഒക്ടോബറിൽ ‘ശ്രീ നാരായണ ഗുരു ശ്രേഷ്ഠ അവാർഡ്’ ലഭിച്ചിരുന്നു.
ലഹരി വിരുദ്ധ സമരങ്ങളിലും ഗുരുവിൻ്റെ അധ്യാപനങ്ങൾ ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് ജൈഹൂൻ ചൂണ്ടികാണിച്ചു. ‘മദ്യം വിഷമാണ്, അത് ഉണ്ടാക്കുകയോ വിൽക്കുകയോ കുടിക്കുകയോ ചെയ്യരുതെന്ന’ ഗുരുവിൻ്റെ പ്രസിദ്ധ വാക്യം ചര്‍ച്ചയിൽ പരാമര്‍ശിച്ചു.
‘എല്ലാ വിഭാഗങ്ങളുടെ മതവിദ്യാലയങ്ങളിലും ഗുരുവിൻ്റെ അധ്യാപനങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. ദേശീയ പാഠ്യ പദ്ധതിയിൽ ഗുരുദര്‍ശനങ്ങള്‍ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും ജൈഹൂൻ കൂട്ടിചേര്‍ത്തു. “ഒരേ മതത്തിലെ അനുയായികൾക്ക് ഇടയിൽ പോലും അസഹിഷ്ണുതയും അക്രമങ്ങളും ഉണ്ടാകുന്ന സമകാലിക അന്തരീക്ഷത്തിൽ ഗുരുവിൻ്റെ സന്ദേശങ്ങൾക്കും അധ്യാപനങ്ങൾക്കും വലിയ സ്വാധീനമുണ്ട്”.
സ്ലോഗൻസ് ഓഫ് ദി സൈജിന്റെ മലയാള പരിഭാഷ ഋതംഭരാനന്ദ സ്വാമികൾക്ക് സമര്‍പ്പിച്ച് ജൈഹൂൻ തന്റെ കൂടിക്കാഴ്ച അവസാനിപ്പിച്ചു.