ഭോപാല്‍: മറ്റൊരു കര്‍ണാടക ആയിമാറുമോ മധ്യപ്രദേശ് എന്ന ആശങ്കയിലാണിപ്പോള്‍ ബിജെപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെട്ടിട്ടും പ്രഭാത് സാഹുവിനേപ്പോലുള്ളൊരു പ്രമുഖ നേതാവ് പാര്‍ട്ടി വിട്ടത് ജനവികാരം സര്‍ക്കാരിനെതിരാണെന്നതിനു തെളിവാണ്.
ബിജെപി ജബല്‍പൂര്‍ സിറ്റി അധ്യക്ഷനാണ് പ്രഭാത് സാഹു. അതിലുപരി മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍റെ വിശ്വസ്തനുമായിരുന്നു സാഹു. തെരഞ്ഞെടുപ്പ് പ്രചരണം ചൂടാകുമ്പോള്‍ ഒന്നിനൊന്ന് പ്രതീക്ഷ കൈവിട്ടുപോകുന്നതാണ് ബിജെപി ക്യാമ്പിന്‍റെ സ്ഥിതി.
കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യ ഉല്‍പ്പെടെയുള്ളവരുടെ സാന്നിധ്യം സംസ്ഥാനത്ത് കാര്യമായ ചലനങ്ങളുണ്ടാക്കിയിട്ടില്ലെന്ന വിലയിരുത്തല്‍ ശക്തമാണ്.
അതേസമയം കോണ്‍ഗ്രസും ലീഡര്‍ കമല്‍നാഥും തികഞ്ഞ ആത്മവിശ്വാസത്തിലുമാണ്. സമാജ് വാദി പാര്‍ട്ടിയുമായി സീറ്റ് നീക്കുപോക്കിന് ഹൈക്കമാന്‍റ് ഇടപെട്ടിട്ടുപോലും കമല്‍നാഥ് തയാറാകാതിരുന്നത് ആത്മവിശ്വാസത്തിന്‍റെ ബലത്തില്‍ തന്നെ.
പരാജയം ബിജെപിയും ഭയന്നുതുടങ്ങിയെന്നത് ശരിതന്നെ. എന്നാല്‍ ഒന്നോ ഒന്നരയോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു അട്ടിമറിയ്ക്കുള്ള ‘മാര്‍ജിനു’മപ്പുറം കോണ്‍ഗ്രസ് മുന്നോട്ടുപോകുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ അവര്‍ക്കുള്ളത്. അതാണ് കര്‍ണാടകയില്‍ സംഭവിച്ചതും.