ഭക്ഷണത്തിൽ കലരുന്ന രാസവസ്തുക്കൾ കാരണമോ പഴകിയ ഭക്ഷണം കഴിക്കുമ്പോഴോ വയറിനികത്ത് ഉണ്ടാകുന്ന അണുബാധയെയാണ് ഭക്ഷ്യവിഷബാധ അല്ലെങ്കിൽ ഫുഡ് പോയിസൺ എന്ന് പറയുന്നത്. ആരോഗ്യം കുറവുള്ളവരിലാണ് ഭക്ഷ്യവിഷബാധ കൂടുതൽ പ്രശ്‌നം സൃഷ്ടിക്കുക. ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകാം.

വയറു വേദന, ഛർദ്ദി, വയറിളക്കം, പനി, വിറയൽ തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിലാണ് അണുബാധക്കുള്ള സാധ്യക കൂടുതൽ. വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്യുന്നതോ ഇറച്ചി സൂക്ഷിച്ചുവെച്ച് പിന്നീട് പാകം ചെയ്യുന്ന ഷവർമ, ബർഗർ പോലുള്ള ഹോട്ടൽ ഭക്ഷണം, തിളപ്പിക്കാതെ വിതരണം ചെയ്യുന്ന വെള്ളം, പൊതുചടങ്ങുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണം എന്നിവ വഴിയാണ് സാധാരണ ഭക്ഷ്യവിഷബാധയുണ്ടാകുന്നത്.
ഭക്ഷ്യവിഷബാധയ്‌ക്കെതിരെയുള്ള ഏറ്റവും മികച്ച മുൻകരുതൽ ശുചിത്വമാണ്. വൃത്തിയുള്ള പരിസരത്ത് പാകം ചെയ്ത ഭക്ഷണം കഴിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകണം. വൃത്തിയുള്ള പാത്രത്തിൽ മാത്രം ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ചീഞ്ഞ പച്ചക്കറികൾ, പഴകിയ മീൻ, മുട്ട, ഇറച്ചി എന്നിവ ഉപയോഗിക്കരുത്.
പച്ചക്കറികൾ വിനാഗിരിയുമിട്ട് നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. ഇറച്ചി, മീൻ, പാൽ, മുട്ട എന്നിങ്ങനെ ദ്രുതഗതിയിൽ ബാക്ടീരിയ വളരുന്ന ഭക്ഷണപദാർഥങ്ങൾ പാകം ചെയ്തതിന് ശേഷം നിയന്ത്രിതമായ ഊഷ്മാവിൽ സൂക്ഷിച്ചില്ലെങ്കിൽ അത് പിന്നീട് കഴിച്ചാൽ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യതയുണ്ട്.  

By admin

Leave a Reply

Your email address will not be published. Required fields are marked *