കൊച്ചി: കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിൻ സ്ഫോടനം നടത്തിയത് കൺവെൻഷൻ സെന്ററിന്റെ പുറകിൽ നിന്നെന്ന് പൊലീസിന് മൊഴി നൽകി.
ബോംബ് നിർമ്മിച്ചത് അങ്കമാലിയിലെ തറവാട്ട് വീട്ടില്‍ വെച്ച്, സ്ഫോടനം നടന്നു എന്ന് ഉറപ്പിച്ചതോടെ സ്ഥലത്ത് നിന്ന് ബൈക്കിൽ തൃശ്ശൂരിലേക്ക് പോയെന്നും മാർട്ടിൻ്റെ മൊഴിയിൽ പറയുന്നു. സ്ഫോടനത്തിനായി വീര്യമേറിയ കരിമരുന്നാണ് ഉപയോഗിച്ചത്. ബോംബ് പൊട്ടിയാല്‍ ആളിപ്പടരുന്നതിനായി പെട്രോള്‍ നിറച്ച കുപ്പിയും ഉപയോഗിച്ചു.
കേസുമായി ബന്ധപ്പെട്ട് 45 പേരെയാണ് ഇതുവരെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തത്. അതേസമയം കളമശ്ശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് ചേരും. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. പ്രതിപക്ഷനേതാവും മറ്റ് പാർട്ടികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസുകാരി മരിച്ചതോടെ ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ പന്ത്രണ്ട് വയസുകാരി ലിബിനയാണ് മരണത്തിന് കീഴടങ്ങിയത്. 95 ശതമാനം പൊള്ളലേറ്റ് ബേൺ ഐസിയുവിൽ ചികിത്സയിലായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് വെന്ത് മരിച്ച സ്ത്രീയെ ഇന്നലെ രാത്രി വൈകിയാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.

By admin

Leave a Reply

Your email address will not be published. Required fields are marked *