കൊച്ചി: ദുരന്തമുഖത്ത് പ്രതികരിക്കാനും വിലയിരുത്താനും മലയാളി ഇനിയും പഠിക്കേണ്ടിയിരിക്കുന്നുവെന്നതാണ് കളമശ്ശേരി നല്‍കുന്ന പാഠം. ദുരന്തത്തിനു പിന്നാലെ അതിനേക്കാള്‍ ഭയാനകമായ ‘വിഷം ചീറ്റല്‍’ കേരളത്തിന്‍റെ അന്തരീക്ഷത്തെ മലീമസമാക്കി തുടങ്ങിയിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ദുരന്തത്തെ വര്‍ഗീയമാക്കി ചിത്രീകരിച്ച് മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും വരെ രംഗത്തെത്തി.
അത് അപകടകരമായ സ്ഥിതിയിലേയ്ക്ക് നീങ്ങിയപ്പോള്‍ തന്നെ കുറ്റം സമ്മതിച്ച് പ്രതി കൊടകര പോലീസില്‍ കീഴടങ്ങിയതോടെ അഭ്യൂഹങ്ങള്‍ക്ക് ഒരു പരിധിവരെ വിരാമമായി. അപ്പോഴും മാര്‍ട്ടിന്‍ തനിച്ചാണോ ഒരു ബോംബുണ്ടാക്കി, റിമോട്ട് കണ്‍ട്രോള്‍, ടൈമര്‍ ഉള്‍പ്പെടെയുള്ളവ ഘടിപ്പിച്ച് ദുരന്തം വിതറാനുള്ള ശേഷിയുണ്ടോ എന്നതായിരുന്നു സംശയം.
എന്നാല്‍ ദുരന്തത്തിനു തൊട്ടുമുന്‍പ് വരെയുള്ള ദൃശ്യങ്ങളും സ്ഫോടനത്തിനുപയോഗിച്ച റിമോട്ടിന്‍റെ ദൃശ്യങ്ങളും വരെ പ്രതി പോലീസിനു കൈമാറിയതോടെ അഭ്യൂഹങ്ങള്‍ക്ക് അടിവരയായി.
പക്ഷേ അതിനകം തന്നെ ഹമാസും, പാലസ്തീനും, ക്രിസ്ത്യന്‍-മുസ്ലിം വര്‍ഗിയതയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ കൊടും വിഷം തുപ്പി തുടങ്ങിയിരുന്നു. യഥാര്‍ഥത്തില്‍ കളമശ്ശേരിയിലെ കൊടും ക്രൂരതയുടെ വില്ലന്‍ തന്നെ അതിനേക്കാള്‍ ഭയാനകമായി മാറുമായിരുന്ന വര്‍ഗീയ ഭീകരതയില്‍നിന്നും നാടിനെ രക്ഷപെടുത്തി എന്നതാണ് യാഥാര്‍ഥ്യം.
സംഭവങ്ങളോട് പ്രതികരിക്കുന്നതില്‍ മലയാളി പുലര്‍ത്തേണ്ട ജാഗ്രതയാണ് കളമശ്ശേരി ഓര്‍മിപ്പിക്കുന്നത്. അതില്‍ കേന്ദ്രമന്ത്രിക്കുപോലും ജാഗ്രത പിശക് ഉണ്ടായി എന്നതാണ് സംഭവിച്ചത്.