കോട്ടയം: റബ്ബർ കർഷക മേഖല രണ്ട് പതിറ്റാണ്ടായി കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. 2011 ൽ 245 രൂപ  ലഭിച്ചിരുന്നത് വർഷങ്ങളായി 150 ൽ താഴെ മാത്രമാണ് വില ലഭിക്കുന്നത്. റബ്ബറിന്റെ ഉല്പാദന ചിലവ്  2016 ൽ 174 രൂപയായി റബ്ബർ ബോർഡ് കണക്കാക്കുമ്പോഴാണ് റബ്ബർ വില 150 ൽ താഴെയാണ് ലഭിക്കുന്നതെന്ന വിരോധാഭാസം നിലനിൽക്കുന്നത്. 2011ൽ വസ്തുനികുതി 11 രൂപ, 2022 ൽ അത് 88 രൂപ. ഈ രീതിയിൽ കർഷകന്റെ വരുമാനം ഉറപ്പ് വരുത്താൻ സർക്കാരുകൾ എന്ത് ചെയ്തു എന്നതിന് മറുപടി നൽകാൻ സർക്കാർ തയ്യാറാകണം.
രാജ്യത്തെ വ്യവസായത്തിന് ആവശ്യമായ റബ്ബർ ഉല്പാദിപ്പിച്ചിരുന്ന കേരളത്തിലെ 14 ലക്ഷത്തോളം വരുന്ന റബ്ബർ കർഷകരെ പൂർണമായി അവഗണിച്ചുകൊണ്ടുള്ള നയമാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചിരിക്കുന്നത്. റബ്ബർ കർഷകർക്ക് കാലാകാലങ്ങളായി ലഭിച്ചിരുന്ന സബ്ബ്സിഡികളും ആനുകൂല്യങ്ങളും നിർത്തലാക്കിയിരിക്കുന്നു.
നിയന്ത്രണമില്ലാത്ത ഇറക്കുമതിയാണ് വിലയിടിവിന് കാരണം എന്നറിഞ്ഞിട്ടും ഫലപ്രദമായി ഇടപെടുന്നതിനും റബ്ബർ കർഷകരെ ദുരിതത്തിൽ നിന്നും രക്ഷിക്കുന്നതിനും ഒരു നടപടിയും സ്വീകരിക്കുന്നില്ല. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ രാജ്യാന്തര കാർബൺ ഫണ്ടിന്റെ വിഹിതം കേരളത്തിലെ കർഷകർക്ക് നല്കാൻ നടപടിയുണ്ടാകണം.
കേരളത്തിലെ കർഷകരിൽ ഭൂരിഭാഗവും റബ്ബർ കർഷകരായതിനാൽ സാധാരണക്കാരുടെ ജീവിതം റബ്ബർ കൃഷിയെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത് എന്ന കാര്യം കേരള സർക്കാരും അറിഞ്ഞിരിക്കണം. കേരളത്തിലെ റബ്ബർ കർഷകരെ സംരക്ഷിക്കാനുള്ള ബാധ്യത കേരളാ സർക്കാരിനുണ്ട്. കർഷകർക്ക് പ്രതീക്ഷ നല്കി 250 രൂപയായി ഇൻസന്റീവ് വർദ്ധിപ്പിക്കുമെന്ന ഇടതുമുന്നണിയുടെ വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല. മുൻ സാമ്പത്തിക വർഷത്തെ ഇൻസന്റീവ് ഇനിയും നൽകിയിട്ടില്ല.
ഈ സാഹചര്യത്തിൽ റബ്ബർ കർഷകരുടെ വിഷയങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റബ്ബർ കർഷകർ  കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കോട്ടയം കളക്ടറേറ്റിന് മുൻപിലും, കണ്ണൂർ  ശ്രീകണ്ടാപുരം ട്രഷറിക്ക് മുന്നിലും റബ്ബർ കർഷകർ എന്‍എഫ്ആര്‍പിഎസിന്‍റെ നേതൃത്വത്തിൽ രാവിലെ പത്തുമണി മുതൽ പട്ടിണി സമരം നടത്തുന്നു.
റബ്ബർ കർഷകരുടെ പ്രധാന ആവിശ്യങ്ങളായ മുടങ്ങി കിടക്കുന്ന ഇൻസന്റീവ് അടിയന്തരമായും വിതരണം ചെയ്യുക, 2023 – 24 വർഷം റബ്ബർ തറ വില 250 രൂപയായി ഉയർത്തുക, കർഷകർക്ക് റബ്ബർ ബോർഡ് നല്കാനുള്ള സ്കീം സബ്സിഡി നല്കുക, ടാപ്പിംഗ് തൊഴിലാളികളെ തൊഴിലുറപ്പിൽ ഉൾപ്പെടുത്തുക, 60 കഴിഞ്ഞ കർഷകരെയും കർഷക തൊഴിലാളികളെയും സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി ന്യയമായ പെൻഷൻ അനുവദിക്കുക, വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുക, തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
കോട്ടയത്ത്‌ ധർണ്ണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംൽഎ ഉദ്ഘാടനം ചെയ്യും. പി സി തോമസ് എക്സ് എം പി മുഖ്യ പ്രഭാഷണം നടത്തും, എൻഎഫ്ആർപിഎസ് ദേശീയ പ്രസിഡന്റ് ജോർജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിക്കും. കണ്ണൂരിൽ സമരം സജീവ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. തലശ്ശേരി അതിരൂപതാ വികാരി ജനറാൾ മോൺ.ജോസഫ് ഒറ്റപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തും.എൻഎഫ്ആർപിഎസ് വൈസ് പ്രസിഡന്റ് കുര്യാക്കോസ് പുതിയേടത്തു പറമ്പിൽ അധ്യക്ഷത വഹിക്കും. വിവിധ കർഷക- രാഷ്ട്രീയ നേതാക്കൾ നേതാക്കൾ ഈ യോഗങ്ങളിൽ പ്രസംഗിക്കും.
ഈ സമരത്തിന്റെ വിജയത്തിനായി കക്ഷി രാഷ്ട്രിയ- ജാതി മത വിത്യാസമില്ലാതെ എല്ലാ റബ്ബർ കർഷകരും അന്നേ ദിവസം ടാപ്പിംഗ് ബഹിഷ്ക്കരിച്ച് സമരത്തിൽ പങ്കെടുക്കും.                       

By admin

Leave a Reply

Your email address will not be published. Required fields are marked *