കളമശേരിയില്‍ നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടന്‍ ഷെയ്ന്‍ നിഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പുകള്‍ ചര്‍ച്ചയായിരുന്നു. ഏറെ സങ്കീര്‍ണത നിറഞ്ഞ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി വേണം നാമെല്ലാം പ്രതികരിക്കാന്‍ എന്നായിരുന്നു ഷെയ്ന്‍ കുറിച്ചത്. താരത്തിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധിപ്പേര്‍ എത്തുകയും ചെയ്തു. ഇപ്പോഴിതാ ഈ വിഷയത്തില്‍ മറ്റൊരു പ്രതികരണവുമായി എത്തുകയാണ് ഷെയിന്‍.
ഒരുപാട് ആളുകള്‍ അഭിനന്ദനങ്ങളും ഐക്യദാര്‍ഢ്യവും നല്‍കിയെന്നും തന്റെ വ്യക്തിരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമാണ് കുറിപ്പിലൂടെ പങ്കുവച്ചതെന്നും ഷെയ്ന്‍ പറഞ്ഞു. ചാനലുകളും രാഷ്ട്രീയ പ്രസ്താനങ്ങളും വ്യക്തികളും മത്സരിക്കാനുള്ള ഒരു അവസരമാക്കി കളമശ്ശേരി സംഭവത്തെ മാറ്റരുതെന്നും താരം ആദ്യം പങ്കുവെച്ച കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.
ഷെയിന്‍ നിഗത്തിന്റെ വാക്കുകള്‍
ഹലോ ഡിയര്‍ ഫ്രണ്ട്സ്,
കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിഷയത്തില്‍ ഒരുപാട് ആളുകള്‍ അഭിനന്ദനങ്ങളും ഐക്യദാര്‍ഢ്യവും നല്‍കുന്നുണ്ട്…സന്തോഷം തന്നെ. ഞാന്‍ എന്ന വ്യക്തിയുടെ പൗരബോധത്തിന് ഉപരി, സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന വര്‍ഗ്ഗ, മത, വര്‍ണ്ണ വിഭാഗീയതക്ക് സാക്ഷ്യം വഹിക്കുന്ന വ്യക്തി എന്ന നിലക്ക് എന്റെ വ്യക്തിരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാത്രം ആണ് അത്.
സന്തോഷവും, സാഹോദര്യവും, നന്മയും എന്നും നിലനില്‍ക്കേണ്ട ലോകത്ത്. സ്വാര്‍ഥ ലാഭത്തിനുവേണ്ടി വാക്കുകളിലും പ്രവൃത്തികളിലും വെറുപ്പിനെ പുരട്ടുമ്പോള്‍…ഞാനല്ല ..നാം ഓരോരുത്തരും വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകള്‍ വിളിച്ചു പറയണം എന്ന് തന്നെ ആണ് ഞാന്‍ വിശ്വസിക്കുന്നത്…അത് എന്നും തുടര്‍ന്ന് കൊണ്ടിരിക്കും….
കളമശ്ശേരിയില്‍ നടന്ന സ്ഫോടനത്തില്‍ പ്രതികരിച്ച് നടന്‍ ഷെയിന്‍ നിഗം. സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നിരിക്കുന്നതെന്നും ചാനലുകളും രാഷ്ട്രീയ പ്രസ്താനങ്ങളും വ്യക്തികളും മത്സരിക്കാനുള്ള ഒരു അവസരമാക്കി ഇതിനെ മാറ്റരുതെന്നും താരം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷെയിന്‍ നിഗത്തിന്റെ പ്രതികരണം.
ഷെയിന്‍ നിഗത്തിന്റെ കുറിപ്പ് ഇങ്ങനെ ‘സുഹൃത്തുക്കളേ, കൊച്ചി കളമശ്ശേരിയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു അപകടമാണ് അരങ്ങേറിയത്. ദയവായി ഊഹങ്ങള്‍ പ്രചരിപ്പിക്കരുത്.ഒരു ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്. ഈ സംഭവത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ അധികാരികള്‍ കണ്ടെത്തട്ടെ, അതുവരെ നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം’ ഷെയിന്‍ കുറിച്ചു.