പാലക്കാട് :രാജ്യത്ത് നടപ്പിലാക്കുന്ന വികസന ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിലും,ഭരണപരമായ നടപടികളിലും ഉണ്ടാകുന്ന അഴിമതി തടയുന്നതിനും പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും വിവരാവകാശ നിയമം ഉപയോഗിക്കണമെന്ന് വി.കെ ശ്രീകണ്ഠൻ എംപി അഭിപ്രായപ്പെട്ടു.  ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും ഭരണഘടന ഉറപ്പു നൽകുന്ന ജനങ്ങൾക്കുള്ള അധികാരങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനും സാധാരണ പൗരന് ഇടപെടാനുള്ള അധികാരം വിവരാവകാശ നിയമം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ വിവരാകാശ കൂട്ടായ്മ സംഘടിപ്പിച്ച ജില്ലാതല ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.  ദേശീയ വിവരാവകാശ കൂട്ടായ്മ കോർഡിനേറ്റർ പുതുശ്ശേരി ശ്രീനിവാസൻ അധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന കോർഡിനേറ്റർ മുജീബ്റഹ്മാൻ പത്തിരിയാലിൽ, ജില്ലാ കോർഡിനേറ്റർ കെ.വി. കൃഷ്ണകുമാർ,അന്ത്യോദയ പദ്ധതി കോർഡിനേറ്റർ ഡോ.ജയശ്രീ.എസ്,  ജോസ് ഡാനിയൽ,തിലകൻ നമ്പറത്ത് തുടങ്ങിയവർ സംസാരിച്ചു.
 വിവരാവകാശ നിയമവും അതിൻറെ സാധ്യതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ശില്പശാലയ്ക്ക് ഡോ.എബി ജോർജ് നേതൃത്വം നൽകി.  വിവരാവകാശ നിയമത്തിലെ സെക്ഷൻ 4 പ്രകാരം വിവിധ വകുപ്പുകളിലെ എല്ലായിടങ്ങളിലും ഉള്ള മുഴുവൻ വിവരങ്ങളും, രേഖകളും 120 ദിവസത്തിനകം സ്വമേധയാ പ്രസിദ്ധപ്പെടുത്തണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്.  
വിവരാവകാശ അപേക്ഷ നൽകാതെ തന്നെ വിവരങ്ങൾ പൗരന് ലഭ്യമാക്കണമെന്നാണ് സെക്ഷൻ 4 വിഭാവനം ചെയ്തിട്ടുള്ളത്.എന്നാൽ 2005 ഒക്ടോബർ 12 നകം വെളിപ്പെടുത്തേണ്ട,കാലോചിതമായി പുതുക്കി പ്രസിദ്ധപ്പെടുത്തേണ്ട വിവരങ്ങൾ/രേഖകൾ നാളിതു വരെയും  പ്രസിദ്ധപ്പെടുത്തിയിട്ടില്ല.  ഇതിനെതിരെയുള്ള ഹർജി പരിഗണിച്ചു കൊണ്ട് സൂപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും സെക്ഷൻ 4 കർശനമായും ഉടനടി നടപ്പാക്കണമെന്ന് ആഗസ്റ്റ് മാസം 17 ന്  വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.  
3 മാസം കഴിഞ്ഞിട്ടും വിധി നടപ്പിലാക്കുന്നതിന് അനുകൂലമായ നടപടിയുണ്ടായില്ല.ഈ സാഹചര്യത്തിൽ വിധി നടപ്പിലാക്കുന്നതിന് ദേശീയ വിവരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ സെക്ഷൻ 4 കാമ്പയിൻ നടത്തുന്നു. ആദ്യ ഘട്ടത്തിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സുപ്രീംകോടതി വിധിയുടെ പകർപ്പും സെക്ഷൻ 4 നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് അതാത് പഞ്ചായത്തുകളിൽ  കത്തു നൽകുവാനും,തുടർന്ന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകാനുമാണ് തീരുമാനിച്ചിട്ടുള്ളത്. സെക്ഷൻ 4 ക്യാമ്പയിനിൽ പങ്കാളിയാവാൻ താല്പര്യമുള്ളവർ 9496089022 ഫോൺ നമ്പറിൽ ബന്ധപ്പെടാം.

By admin

Leave a Reply

Your email address will not be published. Required fields are marked *