തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മമാരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. നെടുങ്കണ്ടം പാറത്തോട് സ്വദേശി മനു യശോധരനാണ് പിടിയിലായത്. ഗ്രാമസേവാ കേന്ദ്രം എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. തൊടുപുഴ കേന്ദ്രീകരിച്ച് മൂന്ന് സ്ഥാപനങ്ങളും തട്ടിപ്പ് നടത്താന്‍ തുറന്നു. ഒളിവിലായിരുന്ന പ്രതിയെ മറ്റൊരു തട്ടിപ്പ് നടത്താനുള്ള ശ്രമത്തിനിടെ കോട്ടയം പനച്ചിക്കാട് നിന്നാണ് തൊടുപുഴ പോലീസ് പിടികൂടിയത്.
ഇയാളുടെ നേതൃത്വത്തിലുള്ള ഗ്രാമസേവ കേന്ദ്രം എന്ന സ്ഥാപനം തുടങ്ങുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഔട്ട് സോഴ്‌സിംഗ് കേന്ദ്രങ്ങളിലും സ്ത്രീകള്‍ക്ക് ജോലി വാഗ്ദാനം ചെയ്തായിരുന്നു കബളിപ്പിച്ചിരുന്നത്. 8000 രൂപ ശമ്പളത്തില്‍ ജോലി എന്നായിരുന്നു വാഗ്ദാനം.
സാധാരണ കുടുംബത്തിലെ സ്ത്രീകളെയാണ് തട്ടിപ്പിനായി തെരഞ്ഞെടുത്തത്. ജോലി ലഭിക്കാന്‍ സെക്യൂരിറ്റി തുകയായി 24000 മുതല്‍ മൂന്നു ലക്ഷം രൂപ വരെയാണ് ഓരോരുത്തരില്‍ നിന്നായി കൈപ്പറ്റി. ഇത്തരത്തില്‍ 45 സ്ത്രീകള്‍ക്ക് പണം നഷ്ടമായി. 14 ലക്ഷം രൂപയാണ് ഇവരില്‍ നിന്നും തട്ടിയെടുത്തത്. കൂടുതല്‍ തുക സെക്യൂരിറ്റിയായി നല്‍കിയാല്‍ ശമ്പളം കൂടുമെന്നായിരുന്നു പ്രതി ഇവരോട് പറഞ്ഞിരുന്നത്.
ജനുവരിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഏലപ്പാറയില്‍ നിന്നും വനിത ഡോക്ടറെ തട്ടിക്കൊണ്ടുപോയ കേസിലും ഇയാള്‍ പ്രതിയാണ്. വാഹനം പണയത്തില്‍ എടുത്ത് മറച്ചു വിറ്റതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.