നവംബർ ഒന്നുമുതൽ പന്ത്രണ്ട് വരെ ഷാർജയിൽ അക്ഷര ഉത്സവമാണ്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളക്ക് കൊടി ഉയരുമ്പോൾ വായനക്കാർക്കും എഴുത്തുകാർക്കും ആവേശം ആകാശത്തോളം. ബാലമാസികകളിലൂടെ വായനയുടെ വിശാല ലോകത്തേക്ക് കാൽവെച്ച് തുടങ്ങിയ സഈദ നടേമ്മൽ എഴുതിയ ‘ലണ്ടൻ ടു കപ്പഡോക്യ, ഒരു ഭൂഖണ്ഡാന്തര യാത്ര’ എന്ന പുസ്തകം ഈ ഷാർജ പുസ്തകമേളയിൽ വെളിച്ചം കാണുകയാണ്. സ്വപ്നങ്ങളിൽ നിന്നും സ്വന്തമായ പുസ്തകത്തിൽ എത്തി നിൽക്കുമ്പോൾ, പ്രോത്സാഹനങ്ങളും പിന്തുണയും തന്ന് കൂടെ നിന്ന എല്ലാവരെയും സ്നേഹപൂർവ്വം സ്മരിക്കുകയാണ് സഈദ നടേമ്മൽ.
കോഴിക്കോട് ജില്ലയിലെ പയ്യോളിക്കടുത്ത് അയനിക്കാട് സ്വദേശിനിയാണ് സഈദ നടേമ്മൽ. പിതാവ് ചക്യേരി മുഹമ്മദ്, മാതാവ് ഖദീജ. ഭർത്താവ് അബ്ദുൽ റസാഖിനും മക്കളോടുമൊപ്പം ഇപ്പോൾ അബുദാബിയിൽ വീട്ടമ്മയായാണ് സഈദ.
സഈദ നടേമ്മലിൻറെ വാക്കുകളിലേക്ക്:
“കുട്ടിക്കഥകൾ എഴുതി തുടങ്ങിയ ബാല്യം പിന്നിട്ട് കവിതകളിലേക്ക് ചേക്കേറിയ ജീവിതമായിരുന്നു. മൽസരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ കിട്ടിയതും കവിതകൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടതും കൂടുതൽ എഴുതാനും വായിക്കാനും പ്രചോദനമായി. ഗൾഫിലേക്ക് ജീവിതം പറിച്ച് നടപ്പെട്ട ശേഷമാണ് അന്താരാഷ്ട്ര യാത്രകൾ ചെയ്ത് തുടങ്ങിയത്. പിന്നീട് യാത്രകൾ ജീവിതത്തിന്റെ ഭാഗമായി. ഇരുപതോളം രാജ്യങ്ങൾ ഇതുവരെ സന്ദർശിച്ചെങ്കിലും യാത്രാനുഭവങ്ങൾ എഴുതിത്തുടങ്ങാൻ വൈകിയതിനാൽ എല്ലാം അക്ഷരങ്ങളിൽ പകർത്തി വെയ്ക്കാൻ കഴിഞ്ഞില്ല. പത്ത് യാത്രാവിവരണങ്ങൾ ഉൾപ്പെടുത്തിയ ‘ലണ്ടൻ ടു കപ്പഡോക്യ, ഒരു ഭൂഖണ്ഡാന്തര യാത്ര’ എന്ന പുസ്തകം നവംബർ എട്ട് ബുധനാഴ്ച , വൈകിട്ട് മൂന്ന് മണിക്ക് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശിതമാവാൻ ഒരുങ്ങുന്നു എന്നത് ഏറെ സന്തോഷകരം.
പ്രളയക്കെടുതികൾക്കിടയിൽ മൂന്നാറിലെ കുറിഞ്ഞിവസന്തം കാണാൻ ഏറെ മോഹിച്ച് നടത്തിയ യാത്രയും 2018-ലെ പ്രളയത്തിന്റെ തുടക്കത്തിൽ കുട്ടനാട്ടിൽ നടത്തിയ ബോട്ട് യാത്രയും അവിസ്മരണിയമായിരുന്നു. തുർക്കിയിലെ കപ്പഡോക്യ എന്ന പ്രദേശത്തിന്റെ വിചിത്രവും അമ്പരിപ്പിക്കുന്നതുമായ പ്രകൃതി ദൃശ്യങ്ങൾ മറ്റേതോ ലോകത്തിലെത്തിയ പ്രതീതി സമ്മാനിച്ചതും യാത്രകളിലെ മികച്ച അനുഭവങ്ങളായി. കുടുംബസമേതം നടത്തിയ യാത്രകൾ രസകരമായും മനോഹരമായും വായനക്കാർക്ക് പകർന്ന് നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. വിവരണങ്ങളും അനുഭവകഥനങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ചിത്രങ്ങളും ഓരോ സ്ഥലങ്ങളും കാണുവാനും യാത്രകളോട് മോഹം തോന്നാനും വായനക്കാരെ പ്രചോദിപ്പിക്കുക തന്നെ ചെയ്യും”.ലിപി പബ്ലിക്കേഷൻസ് പ്രസാധനം ചെയ്യുന്ന പുസ്തകത്തിൻറെ കവർ ഡിസൈൻ ചെയ്തത് ലിയോ ജയൻ ആണ്.