മത്സരം നിറഞ്ഞ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തിലേക്ക് ഒരു പുത്തന്‍ കമ്പനി കൂടി കാലെടുത്തു വെച്ചിരിക്കുകയാണ്. മനംമയക്കുന്ന ലുക്കും മികച്ച റേഞ്ചും മോഹവിലയുമായി റിവോട്ട് മോട്ടോര്‍സിന്റെ NX100 ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെത്തി. ക്ലാസിക്, പ്രീമിയം, എലൈറ്റ്, സ്പോര്‍ട്സ്, ഓഫ്ലാന്‍ഡര്‍ എന്നിവയുള്‍പ്പെടെ അഞ്ച് വേരിയന്റുകളിലായാണ് റിവോട്ട് NX100 ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയത്.
ബ്ലാക്ക്, വൈറ്റ്, ഗ്രേ, മിനറല്‍ ഗ്രീന്‍, പിസ്ത, പിങ്ക്, പര്‍പ്പിള്‍ എന്നീ 7 നിറങ്ങളില്‍ ക്ലാസിക്, പ്രീമിയം, എലൈറ്റ് എന്നിവയുള്‍പ്പെടെ മൂന്ന് സബ് വേരിയന്റുകളോടെയാണ് സ്ട്രീറ്റ് റൈഡര്‍ വേരിയന്റ് വരുന്നത്. വൈറ്റ്-ഓറഞ്ച് ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് സ്‌പോര്‍ട് വേരിയന്റ് വരുന്നത്. അതേസമയം റേഞ്ച് ടോപിംഗ് വേരിയന്റായ ഓഫ്‌ലാന്‍ഡര്‍ ഡെസര്‍ട്ട് കളര്‍ ഓപ്ഷനില്‍ വാങ്ങാനാകും.
ഒരു റീചാര്‍ജ് സ്റ്റോപ്പിലൂടെ ബെലഗാവിയില്‍ നിന്ന് ബെംഗളൂരു യാത്ര പൂര്‍ത്തിയാക്കാന്‍ ശേഷിയുള്ള ഏക ഇലക്ട്രിക് സ്‌കൂട്ടര്‍ ആണ് റിവോട്ട് NX100 എന്നാണ് ലോഞ്ച് ഇവന്റില്‍ ഇവിയെ കുറിച്ച് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഏകദേശം 545 കിലോമീറ്റര്‍ ദൂരം വരും ഇത്. റിവോട്ട് NX100 ഇലക്ട്രിക് സ്‌കൂട്ടറിന്റെ 1.9 kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ച ബേസ് വേരിയന്റ് ഒറ്റചാര്‍ജില്‍ 100 കി.മീ റേഞ്ച് നല്‍കുന്നു.
കുറച്ച് കൂടി വലിയ 3.8 kWh, 5.7 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ തെരഞ്ഞെടുത്താല്‍ യഥാക്രമം 200, 280 കി.മീ വരെ റേഞ്ച് ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. എതിരാൡകളുടെ റേഞ്ച് നോക്കിയാല്‍ ഓല S1 പ്രോ ജെന്‍ 2 ഇവിക്ക് 195 കിലോമീറ്റര്‍ ആണ് സര്‍ട്ടിഫൈഡ് റേഞ്ച്. 3.7 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഏഥര്‍ 450X ഇവിക്ക് 150 കിലോമീറ്റര്‍ ആണ് ക്ലെയിംഡ് റേഞ്ച്.