സുരേഷ് ഗോപിയുടെ രാഷ്ട്രീയം എന്തുമാകട്ടെ. ശുദ്ധനും സാധുവുമായ അദ്ദേഹം പരസഹായിയും മറ്റുള്ളവരോട് അനുകമ്പയുള്ള വ്യക്തിയുമാണ് എന്നതിൽ ഒരു തർക്കവുമില്ല. ഇത് എതിരാളികൾ പോലും സമ്മതിക്കുന്ന വസ്തുതയാണ്.
അത്തരം ശുദ്ധമനസ്കർക്ക് ഒരിക്കലും രാഷ്ട്രീയം ശരിയായ വേദിയല്ല എന്നാണ് എൻ്റെ നിഗമനം.
വെട്ടിപ്പും തട്ടിപ്പും, കുതികാൽവെട്ടും, അഴിമതിയും, സ്വജനപക്ഷപാതവും ക്രിമിനലിസവും എന്നുവേണ്ട സകലവൃത്തികേടുകളുടെയും വിളനിലമാണ് രാഷ്ട്രീയരംഗം. ചുറ്റുമുള്ള പൊയ്‌മുഖങ്ങളെ തിരിച്ചറിയാൻ നമുക്കാകില്ല.
Association for Democratic Reforms (ADR) ഉം National Election Watch ഉം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ലോക് സഭയിലെയും രാജ്യസഭയിലെയും എം.പി മാരിൽ 40%വും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. അതിൽ 25 % കൊലപാതകം,കൊലപാതകശ്രമം, സ്ത്രീകളെ തട്ടിക്കൊണ്ടുപോകൽ,സ്ത്രീകൾക്കെതിരായ അക്രമം എന്നീ കേസുകളിലെ പ്രതികളാണ്.
രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള അന്തർധാരകളും പരസ്പ്പര അഡ്ജസ്റ്റ്മെന്റുകളും അമ്പരപ്പിക്കുന്നതാണ്.
പാർട്ടികൾക്കുള്ളിൽ പോപ്പുലറാകുന്നവരെ തേജോവധം ചെയ്യാനും ഒതുക്കാനും ആളുകളും ഗ്രൂപ്പു കളും സജീവമാണെന്നാണ് കേൾക്കുന്നത്. രാഷ്ട്രീയത്തിൽ ആരും ആർക്കും സ്വന്തമല്ല.അച്ഛന് മകനും മകന് അച്ഛൻ പോലും. അധികാരവും സമ്പത്തും നൽകുന്ന ലഹരി അപാരമാണത്രേ.
ഒരു കഥ സൊല്ലട്ടുമാ…..?
കേട്ടോളൂ …
ബോളിവുഡ് പ്രതിഭാസം അമിതാബ് ബച്ചനും മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും തമ്മിലുള്ള സൗഹൃദം വിശ്വപ്രസിദ്ധമായിരുന്നു. ഇരുവരും അലഹബാദ് സ്വദേശികളും അയൽക്കാരുമായിരുന്നു.
അമിതാബിനെക്കാൾ 2 വയസ്സ് ചെറുപ്പമായിരുന്ന രാജീവ്. രാജീവ് ഗാന്ധിയും അമിതാബും അമിതാബിന്റെ സഹോദരൻ അജിതാബും തമ്മിൽ ബാല്യകാലം മുതലുള്ള സൗഹൃദം സ്‌കൂൾ തലത്തിലും തുടർന്നു. ആത്മമിത്രങ്ങളായി അവർ മാറി.
ഇന്ദിരാഗാന്ധിയുടെ ഔദ്യോഗിക വസതിയിലും പ്രധാനമന്ത്രിയുടെ സദസ്സുകളിലും രാഷ്ട്രപതിഭവനി ലുമൊക്കെ രാജീവിനൊപ്പം പലപ്പോഴും ഇവരെയും കാണാമായിരുന്നു.
രാജീവ് ഗാന്ധി കേംബ്രിഡ്ജിൽ പഠനത്തിന് പോയപ്പോഴും അമിതാബും കുടുംബവുമായുള്ള സൗഹൃദം അദ്ദേഹം അതേപോലെതന്നെ തുടർന്നിരുന്നു. സോണിയ ഗാന്ധിയെ വിവാഹം കഴിക്കാനായി 1968 ൽ രാജീവ് ഇന്ത്യയിലേക്ക് കൂട്ടിക്കൊണ്ടുവന്നപ്പോൾ അവരെ ഇന്ത്യൻ രീതികൾ പഠിപ്പിക്കാനും ഭാഷാപരമായ അറിവുകൾ പകർന്നുനല്കാനും ഇന്ദിരാഗാന്ധിയുടെ നിർദ്ദേശപ്രകാരം അമിതാബിന്റെ മുംബൈയിലെ കുടുംബ വീട്ടിൽ 43 ദിവസമാണ് പാർപ്പിച്ചത്.
അന്ന് അമിതാബ് ഒട്ടും പ്രശസ്തനല്ല. സിനിമയിൽ എത്തിയിട്ടുമില്ല. പിതാവ് ഹരിവംശറായ് ബച്ചൻ വലിയ കവിയായിരുന്നു.
തനിക്ക് മൂന്ന് അമ്മമാരാണുള്ളതെന്ന് അന്ന് സോണിയാ ഗാന്ധി പറഞ്ഞിരുന്നു. ഒന്ന് ഇറ്റലിയിലുള്ള അമ്മ ,രണ്ട് ഇന്ദിരാഗാന്ധി, മൂന്ന് അമിതാബിന്റെ അമ്മ തേജി ബച്ചൻ.
കാലങ്ങൾ കടന്നുപോയി. ഇന്ദിരയുടെ മരണശേഷം രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി.അമിതാബ് ബോളി വുഡിലെ മുടിചൂടാമന്നനുമായി. അപ്പോഴും ഇരുവരുടെയും സൗഹൃദത്തിന് ഒരു കോട്ടവും തട്ടിയിരുന്നില്ല. അത് കൂടുതൽ ദൃഢമാകുകയായിരുന്നു.
ഇനിയാണ് കഥയിലെ ട്വിസ്റ്റ് …
1984 ലെ അലഹബാദ് ലോക്‌സഭാ തെരഞ്ഞെടുപ്പ്.കരുത്തനായ ലോക് ദൾ നേതാവ് ഹേമാവതി നന്ദൻ ബഹു ഗുണ നാമനിർദ്ദേശപത്രിക സമർപ്പിച്ചു പ്രചാരണം തുടങ്ങി..പത്രിക സമർപ്പിക്കുന്നതിന് രണ്ടു ദിവസം മുൻപ് വരെ രാജീവ് ഗാന്ധി, കോൺഗ്രസ് സ്ഥാനാർഥി ആരെന്ന് പരസ്യപ്പെടുത്തിയില്ല. മുതിർന്ന കോൺഗ്രസ്സ് നേതാ ക്കളോടും അദ്ദേഹം പറഞ്ഞില്ല. അവസാനദിവസത്തിന് തലേന്ന് മുംബൈയിൽ നിന്നും പത്രിക സമർപ്പിക്കാൻ സാക്ഷാൽ അമിതാബ് ബച്ചൻ അലഹബാദിൽ പറന്നെത്തിയപ്പോഴാണ് പാർട്ടിയിലെ ഉന്നതനേതാക്കൾ പോലും സ്ഥാനാർത്ഥിയെ അറിയുന്നത്.അങ്ങനെ രാജീവ് തൻ്റെ സതീർഥ്യനെ രാഷ്ട്രീയക്കളരിയിൽ കൈപിടിച്ചാനയിച്ചു.
അപാര ജാനസദസ്സാണ് സൂപ്പർ സ്റ്റാർ അമിതാബിനെ എല്ലായിടത്തും വരവേറ്റത്. തൻ്റെ പ്രിയ സതീർഥ്യ നുവേണ്ടി രാഹുൽ ഗാന്ധി വ്യാപകമായ പ്രചാരണം നടത്തി. ഇരുവരുടെയും ജന്മഭൂമികൂടിയായിരുന്നു അലഹബാദ്.വൻ റിക്കാർഡ് ഭൂരിപക്ഷത്തോടെയാണ് അമിതാബ് ബഹുഗുണയെ തറപറ്റിച്ചത്.ഭൂരിപക്ഷം 1,87,795. അമിതാബിന് ഏകദേശം മൂന്നുലക്ഷം വോട്ടുകൾ ലഭിച്ചപ്പോൾ (297461) എതിർസ്ഥാനാർഥി HN ബഹുഗുണയ്ക്കു ലഭിച്ചത് ഒരുലക്ഷത്തിലധികം (109666) വോട്ടുകൾ മാത്രം.
അമിതാബിന്റെ അപ്രതീക്ഷിത സ്ഥാനാർഥിത്വവും രാഷ്ട്രീയപ്രവേശനവും ജനസ്വീകാര്യതയും പാർട്ടിയി ലെ നല്ലൊരു ശതമാനം നേതാക്കൾക്കും ഇഷ്ടപ്പെട്ടില്ല. അവർ അവസരത്തിനായി കാത്തിരുന്നു എന്നുതന്നെ പറയാം.
ബോഫോഴ്‌സ് അഴിമതിക്കേസ് 1987 ൽ രാജീവ് ഗാന്ധിയെയും കുടുംബത്തെയും ശരിക്കും ഉലച്ചുകളഞ്ഞു. താൻ കൈക്കൂലിയോ കമ്മീഷനോ വാങ്ങിയിട്ടില്ല എന്നദ്ദേഹത്തിന് ഇന്ത്യൻ പാർലമെന്റിൽ പരസ്യമായി പറയേണ്ടിവന്നു.കാരണം ഇന്ത്യൻ പ്രധാനമന്ത്രിയുമായി അടുപ്പമുള്ള വ്യക്തിയാണ് ആയുധയിടപാടിൽ കമ്മീഷൻ വാങ്ങിയതെന്നായിരുന്നു സ്വീഡിഷ് മാദ്ധ്യമങ്ങൾ വെളിപ്പെടുത്തിയത്.
ഈ വിഷയം കത്തിനിൽക്കുമ്പോഴാണ് അമിതാബിന്റെ സഹോദരൻ അജിതാബ് ബച്ചൻ സ്വിറ്റ്സർലാൻഡിൽ ഒരു വില്ല വാങ്ങുന്നത്. അമിതാബിനെ ഒതുക്കാനുള്ള ആ അവസരം സ്വന്തം പാർട്ടിക്കാരുൾപ്പെടെ പലരും മുതലെടുത്തു.സംശയമുനയാകെ അമിതാബിലേക്ക് തിരിഞ്ഞു.ആരോപണവും ആക്രമണങ്ങളും വ്യാപക മായി. സ്വന്തം പാർട്ടിയിലും അദ്ദേഹം ഒറ്റപ്പെട്ടു.രാജീവ് ഗാന്ധി പോലും തൻ്റെ രക്ഷയ്ക്കുവരാതെ നിസ്സ ഹായനാകുന്ന കാഴ്ച അമിതാബ് കണ്ടു..
തീർത്തും നിരപരാധിയായ അദ്ദേഹം ഒടുവിൽ 1987 ൽ എം.പി സ്ഥാനം രാജിവച്ചു.. പാർട്ടിയിലെ പദവിയും ഉപേക്ഷിച്ചു മുംബൈയിലേക്ക് മടങ്ങിയ അദ്ദേഹം ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് പരസ്യമായി പ്രഖ്യാപി ക്കുകയും ചെയ്തു. വർഷങ്ങൾക്കുശേഷം ഭാര്യ ജയഭാദുരി സമാജ്‌വാദി പാർട്ടിയിലൂടെ രാജ്യസംഭംഗമായതിനെ അമിതാബ് എതിർത്തിരുന്നുവെന്നും ആ അഭിപ്രായഭിന്നതമൂലം അവരിരുവരും വെവ്വേറെയായിരുന്നു ഏറെക്കാലം താമസിച്ചെന്നും പറഞ്ഞുകേട്ടുണ്ട്. കാരണം കേവലം 3 വർഷക്കാലത്തെ രാഷ്ട്രീയ ജീവിതം അദ്ദേഹത്തിന് വലിയ തിക്താനുഭവങ്ങളാണ് സമ്മാനിച്ചത്.
ഇപ്പോൾ 35 വർഷം പിന്നിട്ടിട്ടും അമിതാബ് ആ തീരുമാനം ഇന്നും മാറ്റിയിട്ടില്ല….
രാഷ്ട്രീയം ആത്മാർത്ഥതയുള്ളവർക്കും സത്യസന്ധർക്കും പറ്റിയ വേദിയല്ലെന്ന് അദ്ദേഹം പലപ്പോഴും പറ ഞ്ഞിരുന്നു…രാഷ്ട്രീയം ഉപേക്ഷിച്ചെങ്കിലും രാജീവുമായുള്ള ബന്ധം അദ്ദേഹം തുടർന്നുപോന്നു.. രാജീവ് ഗാന്ധിയുടെ മരണശേഷം രാഷ്ട്രീയത്തിലേക്ക് വരുന്നതിൽ നിന്ന് സോണിയാഗാന്ധിയെയും കുടുംബ ത്തെയും വർഷങ്ങളോളം നിരുത്സാഹപ്പെടുത്തി യിരുന്നതും അദ്ദേഹമായിരുന്നെന്ന് പറയപ്പെടുന്നു.
എന്നാൽ സോണിയാജി പിന്നീട് രാഷ്ട്രീയത്തിൽ വരുകതന്നെചെയ്തു. അമിതാബ് സിനിമാ ടെലിവിഷൻ രംഗത്ത് ഈ 81 മത്തെ വയസ്സിലും സജീവമാണ്. എന്നാൽ സോണിയാ ഗാന്ധി കുടുംബവുമായി മുൻപുണ്ടാ യിരുന്ന ഉറച്ച സൗഹൃദം ബച്ചൻ കുടുംബത്തിന് ഇപ്പോഴില്ല എന്നാണറിവ്.
രാഷ്ട്രീയത്തിലേക്ക് വരുന്ന സംശുദ്ധരായ സെലിബ്രിറ്റികൾക്ക് വലിയ ഒരു പാഠമാണ് അമിത്‌ജിയുടെ ഈ അനുഭപാഠങ്ങൾ.