കുറവിലങ്ങാട്: പണത്തിനുവേണ്ടി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടുചിറ കുരിശുംമൂട് ഭാഗത്ത് ചെത്തുകുന്നേൽ വീട്ടിൽ അനന്തു പ്രദീപ് (24), തിരുവാർപ്പ് കാഞ്ഞിരം ഭാഗത്ത് പരുവക്കുളത്തിൽ വീട്ടിൽ സുബിൻ സുരേഷ്(30), നാട്ടകം പുത്തൻപറമ്പിൽ വീട്ടിൽ  റിച്ചു എന്ന് വിളിക്കുന്ന അജിത്ത് പി.രാജേന്ദ്രൻ (30), തിരുവല്ല പെരിങ്ങര മേപ്രാൽ കരയിൽ ഭാഗത്ത് പനച്ചയിൽ വീട്ടിൽ സാബു പോത്തൻ (59) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. 
ഇവർ സംഘം ചേർന്ന്  ഈമാസം 18ന് രാത്രി 11 മണിയോടെ കുറവിലങ്ങാട് പള്ളിയമ്പ് ഭാഗത്തുനിന്നും  കുറവിലങ്ങാട് സ്വദേശിയായ യുവാവിനെ കാറില്‍   തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് യുവാവിനെ വണ്ടിയില്‍വച്ച് ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും കമ്പി വടികൊണ്ട് മർദ്ദിക്കുകയും വഴിമധ്യേ വാഹനം നിർത്തിയതിനുശേഷം കനാലിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. 
തുടർന്ന് തിരുവല്ലയിൽ ഉള്ള സാബു പോത്തന്റെ വീട്ടിൽ തട്ടിക്കൊണ്ടുപോയ യുവാവിനെ പാർപ്പിച്ച് അവിടെ വച്ചും മർദ്ദിക്കുകയും തുടർന്ന് വീട്ടുകാരോട് പണം ആവശ്യപ്പെടുകയായിരുന്നു. ഇവിടെനിന്ന് രക്ഷപ്പെട്ട യുവാവ് ആശുപത്രിയിൽ ചികിത്സ നേടുകയായിരുന്നു. 
പരാതിയെ തുടര്‍ന്ന്  കുറവിലങ്ങാട്  പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം  നടത്തിയ ശക്തമായ തിരച്ചിലി നൊടുവിൽ ഇവരെ വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയായിരുന്നു. 
അനന്തു  പ്രദീപിന് കടുത്തുരുത്തി, ആളൂർ എന്നീ സ്റ്റേഷനുകളിലും, സുബിൻ സുരേഷിന് വാകത്താനം, പാമ്പാടി, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിലും അജിത്ത് പി.രാജേന്ദ്രന് ചിങ്ങവനം സ്റ്റേഷനിലെയും ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 
കുറവിലങ്ങാട്   സ്റ്റേഷൻ എസ്.എച്ച്. ഓ ശ്രീജിത്ത്. റ്റി, എസ്.ഐ വിദ്യ വി, സി.പി.ഓ മാരായ വിനീത് വിജയൻ, പ്രവീൺകുമാർ, സഞ്ജു എബ്രഹാം, റോയ് വർഗീസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *