കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. എന്‍ഐഎയും എന്‍എസ്ജിയും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ഈ കാര്യത്തില്‍ ആവശ്യമായിട്ടുള്ള എല്ലാ അന്വേഷണങ്ങളും കേന്ദ്ര ഏജന്‍സികളുടെ ഭാഗത്തു നിന്നും തുടര്‍നടപടികളുടെ ഭാഗമായിട്ട് ഉണ്ടാകും.
ബോംബ് സ്ഫോടനമാണെന്ന് സംസ്ഥാന പൊലീസ് മേധാവി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് ഡിജിപി തന്നെ പറഞ്ഞിട്ടുണ്ട്. ഇതു ഗുരുതരമായ കാര്യമാണ്. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) എന്നു പറഞ്ഞാല്‍ വിസ്ഫോടക വസ്തു ഉപയോഗിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ക്രൈസ്തവകൂട്ടായ്മകള്‍ക്കെതിരെ സൃഷ്ടിക്കുന്നത് ആരാണെന്നത് ഉള്‍പ്പെടെ അന്വേഷിക്കേണ്ടതുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നത് അടക്കം പരിശോധിക്കേണ്ടതുണ്ട്.
എന്തുകൊണ്ട് ഇത്തരത്തിലൊരു സംഭവം നടന്നു, ഈ സമ്മേളനം നടന്ന സ്ഥലത്തെക്കുറിച്ച് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് വിവരമുണ്ടായിരുന്നോ, എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ അന്വേഷണത്തില്‍ പുറത്തു വരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിലെ പ്രാര്‍ത്ഥനയ്ക്കിടെ സ്ഫോടനം ഉണ്ടാകുകയും ഒരാള്‍ മരിക്കുകയും ചെയ്തത് അത്യന്തം ദുഖകരമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.